വാഷിംഗ്ടൺ: ‘ഒരു ഫെഡറൽ ജഡ്ജിയെ എങ്ങനെ കൊല്ലാം’ എന്ന തലക്കെട്ടിൽ 236 പേജുള്ള ലഘുലേഖ എഴുതി വിതരണം ചെയ്ത മിനസോട്ട സ്വദേശി റോബർട്ട് ഐവേഴ്‌സിന് (73) യുഎസ് കോടതി ആറര വർഷം തടവുശിക്ഷ വിധിച്ചു. ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങൾ തപാൽ വഴി അയച്ചതിനും യു.എസ് ജില്ലാ ജഡ്ജിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനും ജില്ലാ ജഡ്ജി കാരെൻ ഷ്രെയർ ആണ് ഇയാളെ ശിക്ഷിച്ചത്.
മിനിയാപൊളിസിലെ ഒരു നിയമ സ്ഥാപനത്തിലേക്കും സെന്റ് തോമസ് സർവ്വകലാശാലയിലേക്കുമാണ് ഐവേഴ്‌സ് ഈ ലഘുലേഖ അയച്ചതെന്ന് നീതിന്യായ വകുപ്പ് വ്യക്തമാക്കി. പ്രതിയുടെ മുൻകാല ക്രിമിനൽ വിചാരണയിൽ പങ്കെടുത്ത സാക്ഷിക്കും ജഡ്ജിക്കും പൊതുവായി ഫെഡറൽ ജഡ്ജിമാർക്കും എതിരെയുള്ള ക്രൂരമായ വധഭീഷണികളാണ് ഇതിലുണ്ടായിരുന്നത്. തോക്കേന്തി നിൽക്കുന്ന ഒരാളുടെ ചിത്രമായിരുന്നു ലഘുലേഖയുടെ മുഖചിത്രമായി നൽകിയിരുന്നത്.
കഴിഞ്ഞ ഓഗസ്റ്റിലാണ് ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. തന്റെ പുസ്തകം ആരെയെങ്കിലും ഭയപ്പെടുത്തുമെന്ന് കരുതുന്നുണ്ടോ എന്ന് 2025 സെപ്റ്റംബറിൽ പോലീസ് ചോദിച്ചപ്പോൾ, “അത് ഭയപ്പെടുത്താൻ വേണ്ടി തന്നെയാണ് എഴുതിയത്” എന്ന് ഇയാൾ ആക്രോശിച്ചതായി പ്രോസിക്യൂട്ടർമാർ കോടതിയെ അറിയിച്ചു.
മിനസോട്ടയിലെ ഒരു ഫെഡറൽ ജഡ്ജിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിന് 2019-ലും ഇയാൾ ശിക്ഷിക്കപ്പെട്ടിരുന്നു. അന്ന് തന്നെത്തന്നെ ഒരു “നടക്കുന്ന ബോംബ്” എന്നാണ് ഇയാൾ വിശേഷിപ്പിച്ചിരുന്നത്. തടവുശിക്ഷ പൂർത്തിയാക്കിയ ശേഷം രണ്ട് വർഷത്തേക്ക് ഇയാൾ കർശന നിരീക്ഷണത്തിലായിരിക്കുമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
















