കൊലവിളി പ്രസംഗം: മധുസൂദനനെതിരെ കേസെടുത്ത് പയ്യന്നൂർ പൊലീസ്, കെഎസ്‌യു നേതാവിന്റെ പരാതിയിൽ നടപടി; മുഖ്യമന്ത്രിക്കെതിരെ ഡിവൈഎഫ്ഐയുടെ പരാതി

കൊലവിളി പ്രസംഗം: മധുസൂദനനെതിരെ കേസെടുത്ത് പയ്യന്നൂർ പൊലീസ്, കെഎസ്‌യു നേതാവിന്റെ പരാതിയിൽ നടപടി; മുഖ്യമന്ത്രിക്കെതിരെ ഡിവൈഎഫ്ഐയുടെ പരാതി

കണ്ണൂർ: കൊലവിളി പ്രസംഗത്തിന്റെ പേരിൽ മുൻ എംഎൽഎയും സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.ഐ. മധുസൂദനനെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു. കലാപാഹ്വാനം, ക്രിമിനൽ ഭീഷണി എന്നിവയുൾപ്പെടെ ഭാരതീയ ന്യായ സംഹിതയിലെ 192, 351(3), 352 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയിലാണ് നടപടി; കൊല്ലപ്പെട്ട കെഎസ്‌യു പ്രവർത്തകൻ സജിത് ലാലിന്റെ സഹോദരൻ അജിത് ലാലും മധുസൂദനനെതിരെ പരാതി നൽകിയിരുന്നു. പയ്യന്നൂരിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ പരിപാടിയിലാണ് മധുസൂദനൻ പ്രസംഗിച്ചത്. ധനരാജ് വധക്കേസ് വിധി പ്രസ്താവിച്ച കോടതിയെ അധിക്ഷേപിക്കുകയും ചീമേനി സംഭവം ഓർമ്മിപ്പിച്ച് കണക്ക് പറയേണ്ടത് കണക്ക് പറഞ്ഞ് തന്നെ തീർക്കുമെന്ന് പറയുകയും ചെയ്തതാണ് വിവാദമായത്.

പ്രസംഗത്തിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയർന്നത്. സംഭവം സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും പ്രസംഗത്തിന്റെ മുഴുവൻ ഭാഗവും പൊലീസ് പരിശോധിക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. മനുഷ്യനെ പച്ചക്ക് വെട്ടിക്കൊല്ലാൻ ഒരു കയ്യറപ്പുമില്ലെന്ന് പരസ്യമായി വിളിച്ചുപറയലാണ് ഇതെന്ന് കെ.കെ. രമ എംഎൽഎയും, നാട്ടിൽ ഭീതി പടർത്തി നഷ്ടപ്പെട്ട സ്വാധീനം പുനഃസ്ഥാപിക്കാനുള്ള ശ്രമമാണിതെന്നും വി. കുഞ്ഞികൃഷ്ണൻ എംഎൽഎയും പ്രതികരിച്ചു.

അതേസമയം, മധുസൂദനന്റെ പ്രസംഗത്തെ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ന്യായീകരിച്ചു. മധുസൂദനൻ എംഎൽഎയോ മുഖ്യമന്ത്രിയോ അല്ലെന്നും, മുഖ്യമന്ത്രി നടത്തിയ വിവാദ പ്രസ്താവനയിൽ ആർക്കും പ്രയാസമില്ലെന്നും മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് വലിയ ആവേശമാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ, മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഡിവൈഎഫ്ഐ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. യൂത്ത് കോൺഗ്രസുകാരുടെ ചോരയിൽ ഉണ്ടായ സർക്കാരാണിതെന്നും ആ ചോരയ്ക്ക് പകരം ചോദിക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസംഗത്തിനെതിരെ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സലാണ് പരാതി നൽകിയത്.

Share Email
LATEST excelnclexrn
More Articles
Top