ഹൂസ്റ്റണ്‍: ക്‌നാനായ സമൂഹത്തിന്റെ കായിക വികസനത്തിനും കമ്മ്യൂണിറ്റി സെന്ററിന്റെ അടിയന്തര ആവശ്യങ്ങള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമായി ഹൂസ്റ്റണ്‍ കെ.സി.എസ് സംഘടിപ്പിക്കുന്ന ധനസമാഹരണ പരിപാടി ‘സ്പാര്‍ക്ക് ഓഫ് കേരള സീസണ്‍ 2’ ഒക്ടോബര്‍ 3 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് മിസോറി സിറ്റിയിലെ ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും.
നാളുകള്‍ക്കുശേഷം ഹൂസ്റ്റണ്‍ കെസിഎസ് സംഘടിപ്പിക്കുന്ന ഈ ധനസമാഹരണ പരിപാടിയിലൂടെ സമൂഹത്തിനായി ഒരു സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മ്മിക്കുന്നതിനാവശ്യമായ ഫണ്ട് സമാഹരിക്കുന്നതിനൊപ്പം കമ്മ്യൂണിറ്റി സെന്ററിന്റെ അടിയന്തര ആവശ്യങ്ങളും മെച്ചപ്പെടുത്തലുകളും നിറവേറ്റുന്നതിനുള്ള പിന്തുണയും ലക്ഷ്യമിടുന്നു.
സംഗീതം, നൃത്തം, ഹാസ്യം, വിവിധ വിനോദ പരിപാടികള്‍ എന്നിവ കോര്‍ത്തിണക്കിയുള്ള കുടുംബസൗഹൃദ സായാഹ്നമായിരിക്കും ‘സ്പാര്‍ക്ക് ഓഫ് കേരള സീസണ്‍ 2’. പ്രശസ്ത ഗായകന്‍ ബിജു നാരായണനും സംഘവും ഹൂസ്റ്റണിലെത്തി അവതരിപ്പിക്കുന്ന സംഗീത പരിപാടി സമൂഹത്തിലെ എല്ലാ പ്രായക്കാരെയും ഒരുപോലെ ആകര്‍ഷിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.
പരിപാടിയുടെ ടിക്കറ്റ് വില്‍പ്പന സംഘാടകര്‍ ആരംഭിച്ചിട്ടുണ്ട്. ഹൂസ്റ്റണ്‍ കെ.സി.എസ് പ്രസിഡന്റ് സാബു മുളയാനിക്കുന്നേല്‍ ധനസമാഹരണ സംരംഭത്തിന് ഏവരുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നു. കുടുംബസമേതം പരിപാടിയില്‍ പങ്കെടുത്ത് ആസ്വദിക്കുന്നതിനൊപ്പം സമൂഹത്തിന്റെ ഭാവി വികസനത്തിന് കൈത്താങ്ങാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
കായിക സൗകര്യങ്ങളുടെ വികസനവും കമ്മ്യൂണിറ്റി സെന്ററിന്റെ നവീകരണവും ലക്ഷ്യമിടുന്ന ഈ സംരംഭം വിജയിപ്പിക്കുന്നതിന് എല്ലാവരും ടിക്കറ്റുകള്‍ വാങ്ങി കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പങ്കെടുപ്പിക്കണമെന്ന് സംഘാടകര്‍ പരഞ്ഞു. സമൂഹത്തിന്റെ കൂട്ടായ പിന്തുണയിലൂടെ ഭാവിതലമുറയ്ക്ക് കൂടുതല്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ടിക്കറ്റ് നിരക്ക് സംബന്ധിച്ച വിവരങ്ങള്‍:
വി.ഐ.പി കുടുംബ ടിക്കറ്റ്/സ്‌പോണ്‍സര്‍ ടിക്കറ്റ് – $ 500. ഒരു ടിക്കറ്റില്‍ നാല് പേര്‍ക്ക് പ്രവേശനം. $ 500 ടിക്കറ്റിന്റെ ആനുകൂല്യങ്ങള്‍: സ്‌പോണ്‍സര്‍മാര്‍ക്കൊപ്പം മുന്‍നിരയില്‍ മുന്‍ഗണനാ സീറ്റിംഗ് സൗകര്യവും വി.ഐ.പി. പരിഗണനയും. സന്നദ്ധ പ്രവര്‍ത്തകര്‍ അതിഥികളെ സ്വീകരിച്ച് സീറ്റുകളിലേക്ക് ആനയിക്കും. 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ പ്രവേശനം. ഫാമിലി സ്‌പോണ്‍സര്‍ ടിക്കറ്റ് – $ 250 ഒരു ടിക്കറ്റില്‍ നാല് പേര്‍ക്ക് പ്രവേശനം.
Houston KCS’s ‘Spark of Kerala’ to Help Turn Sports Dreams into Reality

















