Caritas hospital

റഷ്യൻ എണ്ണയ്ക്ക് 100% തീരുവ ഏർപ്പെടുത്താനുള്ള യു.എസ്. നീക്കം അംഗീകരിക്കില്ല; നിലപാട് കടുപ്പിച്ച് ഇന്ത്യയും ചൈനയും

റഷ്യൻ എണ്ണയ്ക്ക് 100% തീരുവ ഏർപ്പെടുത്താനുള്ള യു.എസ്. നീക്കം അംഗീകരിക്കില്ല; നിലപാട് കടുപ്പിച്ച് ഇന്ത്യയും ചൈനയും
Share Email

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം വരെ തീരുവ ഏർപ്പെടുത്താനുള്ള അമേരിക്കൻ നീക്കത്തിനെതിരെ കടുത്ത അതൃപ്തി വ്യക്തമാക്കി ഇന്ത്യ. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിവെക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം എടുത്തുപറഞ്ഞു. 140 കോടി ജനങ്ങൾക്ക് ഊർജ്ജ സുരക്ഷ ഉറപ്പാക്കുകയാണ് രാജ്യത്തിന്റെ ലക്ഷ്യമെന്നും ഇതിനായി വ്യത്യസ്ത സ്രോതസ്സുകളിൽ നിന്ന് ഇന്ധനം ഇറക്കുമതി ചെയ്യുന്നത് തുടരുമെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. അടുത്തയാഴ്ച യു.എൻ. പൊതുസഭയ്ക്കായി അമേരിക്കയിലെത്തുന്ന വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഉഭയകക്ഷി ചർച്ചകളിൽ ഇന്ത്യയുടെ കടുത്ത വിയോജിപ്പ് ഔദ്യോഗികമായി ഉന്നയിക്കും.

യു.എസ്. കോൺഗ്രസ് പാസാക്കിയ ബില്ലിനെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്രയും പരസ്യമായി തള്ളിപ്പറഞ്ഞു. ഇന്ത്യയിലെ ആളോഹരി ഊർജ്ജ ഉപഭോഗം ഇപ്പോഴും അമേരിക്കയിലുള്ളതിന്റെ പത്തിലൊന്ന് മാത്രമാണെന്നും രാജ്യത്തെ ജനങ്ങളുടെ ഊർജ്ജ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ കേന്ദ്രസർക്കാരിന് ബാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയുടെ താരിഫ് നീക്കത്തോട് ഇത്രയും ശക്തമായി ഇന്ത്യ ഉടനടി പ്രതികരിക്കുന്നത് അസാധാരണ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച ചൈനയും സ്വന്തം ദേശീയ മുൻഗണനകളുടെ അടിസ്ഥാനത്തിലാണ് എണ്ണ വാങ്ങുന്നതെന്നും എവിടെനിന്ന് എണ്ണ വാങ്ങണമെന്ന് മറ്റ് രാജ്യങ്ങൾ നിർദ്ദേശിക്കേണ്ടതില്ലെന്നും വ്യക്തമാക്കി.

കഴിഞ്ഞ മാസം ഇന്ത്യ ഇറക്കുമതി ചെയ്ത ആകെ ക്രൂഡ് ഓയിലിന്റെ 51 ശതമാനവും റഷ്യയിൽ നിന്നായിരുന്നു. 70,000 കോടിയോളം രൂപയാണ് ഇതിനായി ഇന്ത്യ റഷ്യക്ക് നൽകിയതെന്ന് വ്യക്തമാക്കുന്ന കണക്കുകളും പുറത്തുവന്നിട്ടുണ്ട്. യു.എസ്. നീക്കത്തിൽ ഇന്ത്യയും ചൈനയും ഒരുപോലെ എതിർപ്പ് പ്രകടിപ്പിക്കുമ്പോൾ, റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കൻ ശ്രമങ്ങളെ പിന്തുണയ്ക്കുമെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു. ഉടൻ നടക്കാനിരിക്കുന്ന യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ ഇന്ത്യൻ സന്ദർശനവേളയിലും ഈ വിഷയത്തിൽ ഇന്ത്യ നിലപാട് കടുപ്പിക്കാനാണ് സാധ്യത.

Share Email
LATEST excelnclexrn
Top