Caritas hospital

ഐസിഇ അറസ്റ്റുകൾ വർധിച്ച നഗരങ്ങളിൽ തൊഴിലവസരങ്ങൾ കുറഞ്ഞതായി പഠനം; വൈറ്റ് ഹൗസ് വാദം തള്ളി

ഐസിഇ അറസ്റ്റുകൾ വർധിച്ച നഗരങ്ങളിൽ തൊഴിലവസരങ്ങൾ കുറഞ്ഞതായി പഠനം; വൈറ്റ് ഹൗസ് വാദം തള്ളി

വാഷിംഗ്ടൺ: ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) അറസ്റ്റുകൾ ഗണ്യമായി വർധിച്ച അമേരിക്കൻ നഗരങ്ങളിൽ കഴിഞ്ഞ വർഷം തൊഴിലവസരങ്ങൾ കുറഞ്ഞതായി പഠനം. ബ്രൂക്കിങ്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച വിശകലനം പുറത്തുവിട്ടത്.

2025-ൽ ഐസിഇ അറസ്റ്റുകൾ ഏറ്റവും വേഗത്തിൽ വർധിച്ച നഗരങ്ങളിൽ തൊഴിൽ ലഭ്യത പ്രതീക്ഷിച്ചതിനേക്കാൾ 0.4 ശതമാനം കുറഞ്ഞതായി ഗവേഷകർ കണ്ടെത്തി. ഐസിഇ നടപടികൾ ആരംഭിച്ച ഉടനെയും, നഗരങ്ങളിൽ നടപടികൾ ശക്തമാക്കി ഒരു വർഷം പിന്നിട്ടപ്പോഴും സമാനമായ പ്രവണത തുടർന്നതായും പഠനം പറയുന്നു.

ഐസിഇ സാന്നിധ്യം ശക്തമായ നഗരങ്ങളിൽ ഓരോ അറസ്റ്റിനും ശരാശരി നാല് തൊഴിലുകൾ വീതം നഷ്ടപ്പെട്ടതായി നോൺപാർട്ടിസൻ തിങ്ക് ടാങ്കായ ബ്രൂക്കിങ്സ് ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. കുടിയേറ്റക്കാരെ മാത്രമല്ല, അമേരിക്കൻ പൗരന്മാരെയും ഈ തൊഴിൽ നഷ്ടം ബാധിച്ചതായി റിപ്പോർട്ട് പുറത്തുവിട്ട മാർസെല എസ്‌കോബാരി പറഞ്ഞു.

എന്നാൽ ഐസിഇ നടപടികളാണ് തൊഴിലവസരങ്ങൾ കുറയാൻ കാരണമായതെന്ന വാദം വൈറ്റ് ഹൗസ് വക്താവ് ലോറൻ ബിസ് തള്ളി. ബൈഡൻ ഭരണകാലത്ത് വർധിച്ച അനധികൃത കുടിയേറ്റം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചെന്നും റെക്കോർഡ് പണപ്പെരുപ്പത്തിന് കാരണമായെന്നും അവർ ആരോപിച്ചു. ഇത് അമേരിക്കൻ തൊഴിലാളികളുടെ വേതനത്തെയും ബാധിച്ചതായി അവർ കൂട്ടിച്ചേർത്തു.

അതിർത്തി സുരക്ഷയ്ക്കാണ് രണ്ടാം ട്രംപ് ഭരണകൂടം ഉയർന്ന മുൻഗണന നൽകുന്നതെന്നും അമേരിക്കൻ തൊഴിലാളികളെ സംരക്ഷിക്കുന്നതിനും പ്രാദേശിക സമൂഹങ്ങളുടെ മേലുള്ള ഭാരം കുറയ്ക്കുന്നതിനുമാണ് കർശനമായ കുടിയേറ്റ നയങ്ങൾ നടപ്പാക്കുന്നതെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

അതിർത്തി സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 2025-ൽ ട്രംപ് ഭരണകൂടം കുടിയേറ്റ വിരുദ്ധ നടപടികൾ കടുപ്പിച്ചിരുന്നു. ജനുവരിയിൽ ക്രമക്കേടുകൾ അന്വേഷിക്കുന്നതിനായി ആയിരക്കണക്കിന് ഫെഡറൽ ഏജന്റുമാരെ മിനിയാപൊളിസ്-സെന്റ് പോളിലേക്ക് അയച്ചിരുന്നു. ഇതിനെ തുടർന്ന് വലിയ പ്രതിഷേധങ്ങൾ ഉണ്ടാകുകയും ഫെഡറൽ ഉദ്യോഗസ്ഥരുടെ വെടിവെപ്പിൽ രണ്ട് യുഎസ് പൗരന്മാർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

Share Email
LATEST excelnclexrn
Top