Caritas hospital

വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഇറാൻ, ഹോർമുസ് സമുദ്രപാത ഉടനടി തുറക്കില്ല; ഒമാൻ കരാറിന്‍റെ വിശദാംശങ്ങൾ പങ്കുവെക്കുമെന്ന് വിദേശകാര്യ മന്ത്രി

വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഇറാൻ, ഹോർമുസ് സമുദ്രപാത ഉടനടി തുറക്കില്ല; ഒമാൻ കരാറിന്‍റെ വിശദാംശങ്ങൾ പങ്കുവെക്കുമെന്ന് വിദേശകാര്യ മന്ത്രി

ടെഹ്റാൻ: ഒമാനുമായി ധാരണയിലെത്തിയ പുതിയ സമുദ്രപാത കരാർ പ്രാബല്യത്തിൽ വന്നാലും ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം ഉടനടി പുനഃസ്ഥാപിക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. അൽ-അറബി അൽ-ജദീദിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇറാന്റെ ഉറച്ച നിലപാട് വ്യക്തമാക്കിയത്.

ഒമാൻ തലസ്ഥാനമായ മസ്‌കറ്റിൽ ഗൾഫ് രാജ്യങ്ങളുമായി നടക്കാനിരിക്കുന്ന യോഗത്തിൽ, പുതിയ സമുദ്രപാതയുടെ മാപ്പുകളും കരാറിന്റെ വിശദാംശങ്ങളും പങ്കുവെക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇതിനർത്ഥം ഹോർമുസ് കടലിടുക്ക് തുറക്കുന്നു എന്നല്ലെന്ന് അരാഗ്ചി ഊന്നിപ്പറഞ്ഞു. ജൂൺ മാസത്തിൽ ഇസ്ലാമാബാദിൽ വെച്ച് ഒപ്പുവെച്ച 60 ദിവസത്തെ ധാരണാപത്രത്തിലെ വ്യവസ്ഥകൾ അമേരിക്ക പൂർണ്ണമായി പാലിച്ചാൽ മാത്രമേ സമുദ്രപാത പൂർണ്ണമായി തുറന്നുകൊടുക്കൂ എന്ന വ്യവസ്ഥയിൽ ഇറാൻ ഉറച്ചുനിൽക്കുകയാണ്.

മേഖലയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം ഈ പ്രദേശത്തെ രാജ്യങ്ങൾക്ക് മാത്രമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഗൾഫ് മേഖലയിലുണ്ടായ സമീപകാല ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മസ്‌കറ്റിൽ നടക്കുന്ന ഈ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബഹ്‌റൈൻ ശനിയാഴ്ച വ്യക്തമാക്കിയിട്ടുണ്ട്.

Share Email
Top