തിരുവനന്തപുരം: ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, വാട്‌സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയും എസ്.എം.എസ്, വ്യാജ വെബ്‌സൈറ്റുകള്‍ എന്നിവ വഴിയും വ്യാജ വായ്പ്പാ വാഗ്ദാനങ്ങള്‍ നല്‍കി പണം തട്ടുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നല്‍കി.
അംഗീകൃത ആപ്പുകളെന്ന വ്യാജേന അയച്ചുനല്‍കുന്ന വ്യാജ എ.പി.കെ (APK) ഫയലുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചാണ് തട്ടിപ്പുകള്‍ക്ക് തുടക്കമിടുന്നത്. ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ കോണ്‍ടാക്റ്റുകള്‍, കോള്‍ ഡീറ്റെയ്ലുകള്‍, ക്യാമറ, മൈക്രോഫോണ്‍, ലൊക്കേഷന്‍ എന്നിവയുടെ നിയന്ത്രണം തട്ടിപ്പുകാര്‍ കൈക്കലാക്കും. തുടര്‍ന്ന് ആധാര്‍, പാന്‍ കാര്‍ഡ്, ബാങ്ക് വിവരങ്ങള്‍, ജോലി സംബന്ധമായ രേഖകള്‍ എന്നിവ അപ്ലോഡ് ചെയ്യാന്‍ ആവശ്യപ്പെടും.
വിശ്വാസ്യത നേടിയെടുക്കാനായി ‘ലോണ്‍ അപ്രൂവ്ഡ്’ എന്ന സന്ദേശത്തോടൊപ്പം ചെറിയൊരു തുക അക്കൗണ്ടിലേക്ക് അയച്ചു നല്‍കുമെങ്കിലും പിന്നീട് പ്രോസസിങ് ഫീ, ജി.എസ്.ടി, ഇന്‍ഷുറന്‍സ്, വെരിഫിക്കേഷന്‍ ചാര്‍ജ് എന്നീ പേരുകളില്‍ പല ഘട്ടങ്ങളിലായി വന്‍ തുക ആവശ്യപ്പെടും പണം ലഭിച്ചുകഴിയുമ്പോള്‍ തട്ടിപ്പുസംഘം മുങ്ങുകയാണ് പതിവ്. കൈക്കലാക്കുന്ന വ്യക്തിഗത രേഖകളും ഫോട്ടോകളും ദുരുപയോഗം ചെയ്ത് ആളുകളെ ഭീഷണിപ്പെടുത്തുന്ന പ്രവണതയും വര്‍ധിച്ചുവരുന്നുണ്ട്. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പണം തട്ടുന്നു. കൂടാതെ കെ.വൈ.സി രേഖകള്‍ ഉപയോഗിച്ച് വ്യാജ ബാങ്ക് അക്കൗണ്ടുകളും സിം കാര്‍ഡുകളും എടുത്ത് മറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്താനും പ്രതികള്‍ മുതിരുന്നുണ്ട്. ഒരു തട്ടിപ്പ് നടത്തിക്കഴിഞ്ഞാല്‍ ആപ്പും വെബ്‌സൈറ്റും ഉപേക്ഷിച്ച് പുതിയ പേരില്‍ വീണ്ടും രംഗത്തിറങ്ങുകയാണ് ഇവര്‍ ചെയ്യുന്നത്.
അതിനാല്‍ പ്ലേസ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവ വഴി മാത്രം വായ്പാ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും ആര്‍.ബി.ഐയുടെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്നു മാത്രം ലോണുകള്‍ എടുക്കാനും പോലീസ് നിര്‍ദേശിക്കുന്നു. അജ്ഞാത ലിങ്കുകള്‍ വഴിയുള്ള എ.പി.കെ ഫയലുകള്‍ യാതൊരു കാരണവശാലും ഇന്‍സ്റ്റാള്‍ ചെയ്യരുത്. മുന്‍കൂര്‍ പണം ആവശ്യപ്പെടുന്ന വായ്പാ സ്ഥാപനങ്ങളെ പൂര്‍ണമായും ഒഴിവാക്കുക. ആധാര്‍, പാന്‍, ബാങ്ക് വിവരങ്ങള്‍, ഒ.ടി.പി, യു.പി.ഐ പിന്‍, സി.വി.വി തുടങ്ങിയ വിവരങ്ങള്‍ അപരിചിതരുമായി പങ്കുവെക്കരുത്.
ഏതെങ്കിലും തരത്തിലുള്ള സൈബര്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഉടന്‍തന്നെ 1930 എന്ന സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പറിലോ www.cybercrime.gov.in എന്ന ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടല്‍ വഴിയോ പരാതി നല്‍കേണ്ടതാണ്.
Kerala Police issues advisory against online loan scams.

















