swayamvara
pulimoottil

ജോബിന്‍ ജോബിയുടെ സെഞ്ച്വറി മികവില്‍ ആലപ്പി റിപ്പിള്‍സിനെ തകര്‍ത്തെറിഞ്ഞ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

ജോബിന്‍ ജോബിയുടെ സെഞ്ച്വറി മികവില്‍ ആലപ്പി റിപ്പിള്‍സിനെ തകര്‍ത്തെറിഞ്ഞ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

തിരുവനന്തപുരം: കെസിഎല്ലില്‍ കരുത്തരായ ആലപ്പി റിപ്പിള്‍സിനെതിരെ 69 റണ്‍സിന്റെ കൂറ്റന്‍ വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. കൗമാരതാരം ജോബിന്‍ ജോബിയുടെ സെഞ്ച്വറിയുടെ കരുത്തില്‍ കൊച്ചി പടുത്തുയര്‍ത്തിയ 243 റണ്‍സെന്ന ലക്ഷ്യം പിന്തുടര്‍ന്ന ആലപ്പിക്ക് 173 റണ്‍സ് മാത്രമാണ് നേടാനായത്. ജോബിന്‍ ജോബിയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. തോറ്റെങ്കിലും ആലപ്പി സെമിയിലേക്ക് മുന്നേറി. പോയിന്റ് പട്ടികയില്‍ മുന്നിലുള്ള തൃശൂരും ട്രിവാന്‍ഡ്രം റോയല്‍സും അവസാന നാലില്‍ ഇടം പിടിച്ചു.

കൊച്ചി ബ്ലൂ ടൈഗേഴ്‌സ് – 20 ഓവറില്‍ 242/4, ആലപ്പി റിപ്പിള്‍സ് 18.4 ഓവറില്‍ 173

സെമി സാധ്യതകള്‍ അവസാനിച്ച ടൈഗേഴ്‌സ് പുതിയൊരു ഓപ്പണിങ് കൂട്ടുകെട്ടുമായാണ് റിപ്പിള്‍സിനെതിരെ കളിക്കാനിറങ്ങിയത്. ജോബിന്‍ ജോബിയും വിപുല്‍ ശക്തിയും ചേര്‍ന്നുള്ള പുത്തന്‍ കൂട്ടുകെട്ട് കൊച്ചിക്ക് തകര്‍പ്പന്‍ തുടക്കം നല്‍കുകയും ചെയ്തു. ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച ഇരുവരും ചേര്‍ന്ന് ആറാം ഓവറില്‍ തന്നെ കൊച്ചിയുടെ സ്‌കോര്‍ അമ്പത് കടത്തി. ഇടയ്ക്ക് ഇരുവരുടെയും ക്യാച്ചുകള്‍ കൈവിട്ടത് റിപ്പിള്‍സിന് തിരിച്ചടിയായി. സ്‌കോര്‍ എഴുപതില്‍ നില്‍ക്കെ 39 റണ്‍സെടുത്ത വിപുല്‍ ശക്തി റണ്ണൗട്ടായി. എന്നാല്‍ ജോബിനൊപ്പം മനുകൃഷ്ണന്‍ ചേര്‍ന്നതോടെ കൊച്ചിയുടെ സ്‌കോറിങ് കൂടുതല്‍ വേഗത്തിലായി. 12-ാം ഓവറില്‍ കൊച്ചിയുടെ സ്‌കോര്‍ 100 കടന്നു.

ശ്രീരൂപ് എറിഞ്ഞ 13-ാം ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറും നേടിയാണ് ജോബിന്‍ തന്റെ അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്. തൊട്ടടുത്ത ഓവറില്‍ 31 റണ്‍സെടുത്ത മനുകൃഷ്ണന്‍ പുറത്തായി. പകരമെത്തിയ മുഹമ്മദ് ആഷിഖും ജോബിനും ചേര്‍ന്ന് 19 പന്തുകളില്‍ നിന്ന് 53 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. പത്ത് പന്തില്‍ നിന്ന് 31 റണ്‍സ് നേടി ആഷിഖ് മടങ്ങി. തുടര്‍ന്നെത്തിയ സച്ചിന്‍ സുരേഷും (16) കൂറ്റന്‍ ഷോട്ടുകളുമായി കളം നിറഞ്ഞു. റിപ്പിള്‍സ് ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ടൈഗേഴ്‌സിന്റെ സ്‌കോര്‍ ബോര്‍ഡ് കുതിച്ചുപാഞ്ഞു.

ഒടുവില്‍ അവസാന ഓവറിലെ രണ്ടാം പന്തില്‍ ജോബിന്‍ ജോബി സെഞ്ച്വറി പൂര്‍ത്തിയാക്കി. 32 പന്തുകളില്‍ നിന്ന് അര്‍ദ്ധസെഞ്ച്വറി നേടിയ ജോബിന് സെഞ്ച്വറിയിലേക്ക് വേണ്ടി വന്നത് 16 പന്തുകള്‍ കൂടി മാത്രമാണ്. പത്ത് ഫോറും എട്ട് സിക്‌സുമടക്കം 109 റണ്‍സുമായി ജോബിന്‍ പുറത്താകാതെ നിന്നു. ഇതോടെ കെസിഎല്ലില്‍ ഒരിന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരമെന്ന നേട്ടവും ഈ പത്തൊന്‍പതുകാരനെ തേടിയെത്തി. ആലപ്പിക്ക് വേണ്ടി സിബിന്‍ ഗിരീഷ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റിപ്പിള്‍സ്, തകര്‍ത്തടിച്ച അസറുദ്ദീന്റെ മികവില്‍ നാലാം ഓവറില്‍ തന്നെ അമ്പതിലെത്തി. എന്നാല്‍ അസറുദ്ദീന്‍ മടങ്ങിയതോടെ റിപ്പിള്‍സിന്റെ തകര്‍ച്ചയ്ക്ക് തുടക്കമായി. 14 പന്തുകളില്‍ ഒരു ഫോറും നാല് സിക്‌സുമടക്കം 32 റണ്‍സ് നേടിയാണ് അസര്‍ മടങ്ങിയത്. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും ആകാശ് പിള്ളയും കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. സച്ചിന്‍ ഏഴും ആകാശ് 10 റണ്‍സും നേടി. തുടര്‍ന്നെത്തിയ കെ.എ. അരുണിന്റെ ചെറുത്തുനില്‍പ്പാണ് റിപ്പിള്‍സിന്റെ സ്‌കോര്‍ 173-ല്‍ എത്തിച്ചത്. 32 പന്തുകളില്‍ നിന്ന് ആറ് ഫോറും മൂന്ന് സിക്‌സുമടക്കം അരുണ്‍ 59 റണ്‍സ് നേടി. 22 റണ്‍സെടുത്ത അക്ഷയ് ടി.കെ.യും 26 റണ്‍സെടുത്ത ശ്രീരൂപുമാണ് റിപ്പിള്‍സ് ബാറ്റിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. കൊച്ചിക്ക് വേണ്ടി മുഹമ്മദ് ആഷിഖ് മൂന്നും മനുകൃഷ്ണനും ഏദന്‍ ആപ്പിള്‍ ടോമും രണ്ടും വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Kochi Blue Tigers crushed Alleppey Ripples, powered by a brilliant century from Jobin Joby.

Share Email
Top