ഡോ. മാത്യു ജോയിസ്
പ്രായമായ ഓരോ മനുഷ്യന്റെ ഉള്ളിലും, ‘എനിക്ക് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്?’ എന്ന് അമ്പരപ്പോടെ ചിന്തിക്കുന്ന ഒരു ചെറുപ്പക്കാരനുണ്ട് എന്ന് പറയാറുണ്ട്. നമ്മള്‍ ചെയ്യാത്ത ഏതോ ഒരു കുറ്റത്തിന് കാലം തരുന്ന ശിക്ഷപോലെയാണ് പലര്‍ക്കും വാര്‍ദ്ധക്യം. ജോര്‍ജ്ജ് കാര്‍ലിന്‍ തമാശയായി പറഞ്ഞതുപോലെ, പ്രായമാകുന്തോറും ആളുകള്‍ കൂടുതല്‍ ബൈബിള്‍ വായിക്കാന്‍ തുടങ്ങുന്നത് ദൈവഭക്തി കൊണ്ടൊന്നുമല്ല; വരാനിരിക്കുന്ന ‘അവസാന പരീക്ഷയ്ക്ക്’ ധൃതിപിടിച്ച് പഠിക്കുന്നതാണ്!
വാര്‍ദ്ധക്യത്തിന്റെ ഏറ്റവും വലിയ സങ്കടം ശരീരത്തിന്റെ തേയ്മാനമല്ല; മറിച്ച്, സ്വാഭാവികമായ മാറ്റങ്ങളെപ്പോലും വലിയ രോഗങ്ങളായി മുദ്രകുത്തി ഭയപ്പെടുന്നു എന്നതാണ്. അനാവശ്യ ആശങ്കകളോടെ ആശുപത്രികള്‍ കയറിയിറങ്ങുന്നതിന് മുന്‍പ് ഒരു ആശുപത്രി ഡയറക്ടറുടെ ഈ വാക്കുകള്‍ ഓര്‍ക്കുക: നിങ്ങള്‍ക്ക് അസുഖമൊന്നുമില്ല; നിങ്ങള്‍ക്ക് പ്രായമാകുന്നതേയുള്ളൂ!
ഓര്‍മ്മയിലെ ‘സ്വാഭാവിക ഫില്‍ട്ടര്‍’
കണ്ണട തലയില്‍ വെച്ചുകൊണ്ട് വീടുമുഴുവന്‍ തപ്പുന്നത് അല്‍ഷിമേഴ്‌സല്ല! ഏഴോ എട്ടോ പതിറ്റാണ്ടുകാലത്തെ അനുഭവങ്ങളും വിവരങ്ങളും സൂക്ഷിച്ചുവെച്ച തലച്ചോര്‍, അനാവശ്യമായ ചവറുകള്‍ സ്വയം വെട്ടിമാറ്റുന്നതാണ്. താക്കോല്‍ എവിടെയോ വെച്ച് മറന്നുപോയാലും, ഒടുവില്‍ അത് സ്വയം തപ്പിയെടുക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ ഉറപ്പിച്ചോളൂ-അത് ഡിമെന്‍ഷ്യയല്ല. കൂടുതല്‍ ഗൗരവമുള്ള കാര്യങ്ങള്‍ ചിന്തിക്കാനുള്ളതുകൊണ്ട് ചെറിയ കാര്യങ്ങള്‍ തലച്ചോര്‍ താല്‍ക്കാലികമായി മാറ്റിവെക്കുന്നതാണ്.
രാജകീയ നടത്തം
നടത്തത്തിന്റെ വേഗത കുറയുന്നതും കാലുകള്‍ അല്പം പതറുന്നതും തളര്‍വാതമല്ല; പേശികള്‍ക്കുണ്ടാകുന്ന സ്വാഭാവിക ക്ഷീണമാണ്. ഇതിനുള്ള പരിഹാരം ഗുളികകള്‍ വിഴുങ്ങി ചാരുപടിയില്‍ ഒതുങ്ങിക്കൂടുകയല്ല, മറിച്ച് നിരന്തരം ചലിക്കുക എന്നതാണ്. എന്‍ജിന്‍ കേടാകാതിരിക്കാന്‍ വാഹനം റോഡിലിറക്കി ഓടിച്ചുകൊണ്ടേയിരിക്കണം. ഒരു രാജാവിനെപ്പോലെ സാവധാനത്തിലാണെങ്കിലും ദിവസവും നടക്കുക; ചലനമാണ് നിങ്ങളുടെ ഔഷധം.
പുലര്‍കാല ചിന്തകളും ഉറക്കവും
കോഴി കൂവുന്നതിന് മുന്‍പേ പുലര്‍ച്ചെ ഉണരുന്നത് മാറാരോഗമല്ല; തലച്ചോറ് ഉറക്കത്തിന്റെ താളം പുനഃക്രമീകരിക്കുന്നതാണ്. ഉറക്കം കിട്ടാന്‍ ഉറക്കഗുളികകളെ ആശ്രയിക്കുന്നത് അപകടകരമായ വീഴ്ചകള്‍ക്കും ഓര്‍മ്മക്കുറവിനും മാത്രമേ വഴിവെക്കൂ. പകല്‍സമയത്ത് നല്ല വെയില്‍ കൊള്ളുക, കൃത്യസമയത്ത് ഉറങ്ങാന്‍ കിടക്കുക. പ്രകൃതി നിങ്ങളുടെ ആന്തരിക ഘടികാരത്തെ തനിയെ ക്രമീകരിച്ചുകൊള്ളും.
ശരീരത്തിന്റെ ‘സിംഫണി’
എഴുന്നേല്‍ക്കുമ്പോഴും കുനിയുമ്പോഴും സന്ധികള്‍ ശബ്ദമുണ്ടാക്കുന്നതും ശരീരവേദനകളും ഉടന്‍തന്നെ വലിയ വാതരോഗമായി കാണേണ്ടതില്ല. പ്രായമാകുമ്പോള്‍ നാഡീവ്യൂഹം വേദനയുടെ സംവേദനങ്ങളെ അല്പം വലുതാക്കി കാണിക്കുന്നതാണ് (Central Sensitization). എല്ലുകള്‍ക്ക് ബലക്കുറവ് വന്നേക്കാം, എന്നാല്‍ തൊണ്ണൂറ്റൊന്‍പത് ശതമാനം വേദനകളും രോഗമല്ല, മറിച്ച് ചലനമില്ലായ്മ കൊണ്ടുണ്ടാകുന്ന ‘തുരുമ്പെടുക്കല്‍’ ആണ്. തുരുമ്പ് മാറ്റാന്‍ ഗുളികയല്ല, പേശികളെ ചലിപ്പിച്ച് എണ്ണയിട്ടു കൊടുക്കുകയാണ് വേണ്ടത്.
അളവുകോലുകള്‍ ചെറുപ്പക്കാര്‍ക്ക് മാത്രമുള്ളതല്ല
ചെറുപ്പക്കാരുടെ മാനദണ്ഡങ്ങള്‍ വെച്ച് മുതിര്‍ന്നവരെ അളക്കുന്നത് വൈദ്യശാസ്ത്രത്തിന്റെ ഒരു രീതിയാണ്. കൊളസ്‌ട്രോള്‍ അല്പം കൂടിയാല്‍ പരിഭ്രാന്തരാകേണ്ടതില്ല; ദീര്‍ഘകാലം ജീവിച്ച ശരീരത്തിലെ കോശങ്ങള്‍ക്കും ഹോര്‍മോണ്‍ ഉല്‍പ്പാദനത്തിനും അത്യാവശ്യമായ വസ്തുവാണത്. അത് വല്ലാതെ കുറയുന്നത് പ്രതിരോധശേഷി തകര്‍ക്കും. അതുപോലെ, രക്തസമ്മര്‍ദ്ദം 150/90 mmHg വരെയാകുന്നത് മുതിര്‍ന്നവരില്‍ സ്വാഭാവികമാണ്. ഒരു ക്ലാസിക് വിന്റേജ് കാറിന്റെ കരുത്തിനെ ഇന്നത്തെ ഹൈബ്രിഡ് കാറുകളുടെ കണക്കുവെച്ച് വിലയിരുത്തരുത്!
നാം എപ്പോഴും ഒറ്റയ്ക്ക്
അതിജീവിക്കാന്‍ തയ്യാറായിരിക്കണം,
എന്തെന്നാല്‍
ജീവിതത്തിലെ എല്ലാ വഴികളിലും
ഒപ്പം നടക്കാന്‍ എല്ലാവരും
ഉണ്ടാകണമെന്നില്ല.
ചിലര്‍ പാതിവഴിയില്‍ കൈവിടും
ചിലര്‍ നമ്മെ മനസ്സിലാക്കാതെ അകലും, ചില ബന്ധങ്ങള്‍
കാലത്തിനൊപ്പം മാറിപ്പോകും.
അപ്പോള്‍ തകര്‍ന്നുപോകാതെ
സ്വന്തം കൈപിടിച്ച്
മുന്നോട്ട് നടക്കാന്‍ കഴിയണം.
ആരെയും ആശ്രയിക്കാതെ ജീവിക്കണമെന്നല്ല,
ആരെയും നഷ്ടപ്പെട്ടാലും ജീവിതം അവസാനിക്കുന്നില്ലെന്ന്
സ്വയം പഠിച്ചിരിക്കണമെന്നാണ്.
മക്കളോട് ഒരു വാക്ക്
പ്രായമായ മാതാപിതാക്കളെ നിരന്തരം ഡോക്ടര്‍മാരുടെ മുന്നിലെത്തിക്കുന്ന ഒരു ‘മെഡിക്കല്‍ പ്രോജക്റ്റ്’ ആക്കി മാറ്റരുത്. ആശുപത്രി കാത്തിരിപ്പുമുറികളില്‍ അവരെ കൊണ്ടിരുത്തുന്നതിനേക്കാള്‍ വലിയ സ്‌നേഹം, അവരോടൊപ്പം അല്പം വെയില്‍ കൊണ്ട് നടക്കാന്‍ പോകുന്നതാണ്. അവരുടെ അനുഭവങ്ങള്‍ എത്രതവണ കേട്ടതാണെങ്കിലും മടുപ്പില്ലാതെ കേട്ടിരിക്കുക, ചേര്‍ത്തുപിടിക്കുക, മനസ്സ് തുറന്ന് സംസാരിക്കുക.
വാര്‍ദ്ധക്യം ചികിത്സിച്ചു മാറ്റേണ്ട ഒരു രോഗമല്ല; മറിച്ച്, അന്തസ്സോടെ ആസ്വദിക്കേണ്ട മനോഹരമായ ഒരു ജീവിതയാത്രയാണ്. ജീവിതത്തിന്റെ കടിഞ്ഞാണ്‍ സ്വന്തം കൈകളില്‍ത്തന്നെ മുറുകെപ്പിടിച്ച്, പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ മുന്നോട്ടുപോവുക.
–
Natural Aging: Not a Disease, but a Life Journey to be Celebrated
















