ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ കത്തി ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ പ്രതിയെന്ന് കരുതുന്ന സ്ത്രീയെ ന്യൂയോര്‍ക്ക് പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. തിങ്കളാഴ്ച ഉച്ചയ്ക്കാണ് ആക്രമണമുണ്ടായത്. യാതൊരു പ്രകോപനവുമില്ലാതെയാണ് ഇവര്‍ കത്തിക്കുത്ത് ആക്രമണം നടത്തിയതെന്നു പോലീസ് വ്യക്തമാക്കി.
41-ാം സ്ട്രീറ്റിനും സെവന്‍ത് അവന്യൂവിനും അടുത്താണ് രണ്ട് പേരെയും 20 സെക്കന്‍ഡിന്റെ ഇടവേളയില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചതെന്നു പൊലീസ് കമ്മിഷണര്‍ ജെസിക്ക ടിഷ് പറഞ്ഞു. 68 വയസ്സുള്ള പുരുഷനാണ് ആദ്യം കുത്തേറ്റത്. ഭാര്യയോടൊപ്പം റോഡ് മുറിച്ചുകടക്കാന്‍ കാത്തുനില്‍ക്കുന്നതിനിടെ ബാഗില്‍ നിന്ന് രണ്ട് കത്തികള്‍ പുറത്തെടുത്ത സ്ത്രീ ഇയാളുടെ വയറ്റില്‍ കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് 32കാരിയായ മറ്റൊരു സ്ത്രീയെയും ഇതേ രീതിയില്‍ കുത്തി.
68കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. 32 കാരിക്കും ഗുരുതരമായ കുത്താണ് ഏറ്റിട്ടുള്ളത്. സംഭവസ്ഥലത്ത് നിന്ന് രണ്ട് കത്തികള്‍ പൊലീസ് കണ്ടെടുത്തു. പിടിച്ചെടുത്ത ആയുധങ്ങളുടെ ചിത്രവും എന്‍വൈപിഡി പുറത്തുവിട്ടു.
ആക്രമണത്തിന് ശേഷം രക്ഷപെട്ട പ്രതി എന്‍വൈപിഡി സബ്സ്റ്റേഷനു സമീപമെത്തിയതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇവരെ തടഞ്ഞുനിര്‍ത്തി. ഇവര്‍ പോലീസിനെ കുത്തുമെന്ന ഭീഷണി മുഴക്കി. തുടര്‍ന്ന് പോലീസ് സര്‍വീസ് ആയുധം ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.
ക്വീന്‍സ് സ്വദേശിനിയായ 49കാരി പമേല സിസ്നെറോസാണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ആശുപത്രിയിലെത്തിച്ചെങ്കിലും ഇവര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. സിസ്നെറോസിന് രേഖപ്പെടുത്തിയിട്ടുള്ള മാനസികാരോഗ്യ ചരിത്രമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവം ഭീകരാക്രമണവുമായി ബന്ധപ്പെട്ടതല്ലെന്നും പ്രതി വൈകാരികമായി അസ്വസ്ഥയായിരുന്നുവെന്നുമാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ എന്‍വൈപിഡി ആഭ്യന്തര അന്വേഷണം നടത്തുമെന്ന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സോഹ്റാന്‍ മംദാനി അറിയിച്ചു. ഉദ്യോഗസ്ഥരുടെ ബോഡി ക്യാമറ ദൃശ്യങ്ങളും പിന്നീട് പൊതുജനങ്ങള്‍ക്ക് പുറത്തുവിടും.
One person died and two others were injured in a stabbing incident at Times Square; the suspect was killed in a police shooting.















