തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന രൂക്ഷമായ വൈദ്യുത പ്രതിസന്ധി മറികടക്കാൻ പൊതുജനങ്ങൾ വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെ.എസ്.ഇ.ബി ചെയർമാൻ എം.ജി. രാജമാണിക്യം അഭ്യർത്ഥിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ സർക്കാരിനോ ബോർഡിനോ താല്പര്യമില്ലെന്നും എന്നാൽ നിലവിലെ അടിയന്തര സാഹചര്യം മറികടക്കാൻ സഹകരണം അനിവാര്യമാണെന്നും ഉന്നതതല യോഗത്തിനു ശേഷം അദ്ദേഹം വ്യക്തമാക്കി. വൈകുന്നേരം ഏഴ് മണിക്ക് രേഖപ്പെടുത്തുന്ന അതേ ഉയർന്ന ഡിമാൻഡ് പുലർച്ചെ ഒരു മണിക്കും തുടരുന്ന സാഹചര്യമുണ്ട്. രാത്രിയിലെ വൈദ്യുതി തടസ്സം ജനങ്ങൾക്കുണ്ടാക്കുന്ന അസൗകര്യം ബോർഡ് മനസ്സിലാക്കുന്നുണ്ടെന്നും, നിയന്ത്രണങ്ങൾ മുൻകൂട്ടി അറിയിക്കാൻ പ്രത്യേക സോഫ്റ്റ്‌വെയർ സജ്ജമാക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ചൂട് വർധിച്ചതോടെ എസികളുടെ ഉപയോഗം ഉയർന്നതാണ് വൈദ്യുതി ലോഡ് കുത്തനെ കൂടാൻ കാരണമായത്. അതിനാൽ രാത്രി ഉറങ്ങുന്നതിന് തൊട്ടുമുമ്പ് മാത്രം എസി പ്രവർത്തിപ്പിച്ച് മുറി തണുപ്പിച്ച ശേഷം ഓഫ് ചെയ്യുന്ന രീതിയിൽ സ്വയം നിയന്ത്രണം കൊണ്ടുവരണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു. ജനങ്ങളുടെയും കെ.എസ്.ഇ.ബിയുടെയും കൂട്ടായ ശ്രമത്തിലൂടെ മാത്രമേ പ്രതിസന്ധി തരണം ചെയ്യാനാകൂ. സെപ്റ്റംബർ 30 വരെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കുക മാത്രമാണ് നിലവിലുള്ള പ്രധാന പോംവഴിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം ഒക്ടോബർ ഒന്നിന് ശേഷം സംസ്ഥാനത്തെ പ്രതിസന്ധിക്ക് പൂർണ്ണ പരിഹാരമാകുമെന്ന് കെ.എസ്.ഇ.ബി പ്രതീക്ഷിക്കുന്നു. ഒക്ടോബറോടെ പുതുതായി 500 മെഗാവാട്ട് വൈദ്യുതി ലഭ്യമാകുന്നതിനൊപ്പം സ്വാപ്പ് കരാറുകൾ വഴിയുള്ള വൈദ്യുതി കൂടി എത്തുന്നതോടെ നിലവിലുള്ള 900 മെഗാവാട്ടിന്റെ കുറവ് പൂർണ്ണമായി നികത്താനാകും. ഇതോടെ ഒക്ടോബർ, നവംബർ മാസങ്ങളിൽ തടസ്സമില്ലാതെ വൈദ്യുതി വിതരണം നടത്താൻ സാധിക്കുമെന്നും സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

















