കാരക്കസ്: അമേരിക്കയുമായി വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് ബുധനാഴ്ച കാരക്കസില്‍ ഒപ്പുവെച്ച എണ്ണക്കരാറിനെതിരെ വെനസ്വേലിയയില്‍ വ്യാപക പ്രതിഷേധം. വെനസ്വേലയുടെ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ കരാറിനെതിരെ രംഗത്തെത്തി. ജനാധിപത്യവും നിയമവാഴ്ചയും പുനഃസ്ഥാപിക്കുന്നതുവരെ ഇത്തരമൊരു കരാര്‍ അംഗീകരിക്കരുതായിരുന്നുവെന്നാണ് മച്ചാഡോയുടെ നിലപാട്.
നിങ്ങള്‍ക്ക് എന്താണ് തോന്നുന്നതെന്ന് എനിക്ക് മനസ്സിലാകും. ദുഃഖം, കോപം, വേദന. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ പലതവണ സംഭവിച്ചതുപോലെ, നമ്മുടെ പേരില്‍ നമ്മുടേതായ കാര്യങ്ങളില്‍ മറ്റൊരാള്‍ തീരുമാനമെടുക്കുന്ന വേദനയാണിത്. മച്ചാഡോ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. വെനസ്വേലയുടെ എണ്ണ വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് യുഎസ് നിക്ഷേപം ആവശ്യമാണെന്ന് താന്‍ നേരത്തെ തന്നെ വിശ്വസിച്ചിരുന്നുവെന്നും എന്നാല്‍ റോഡ്രിഗസ് സര്‍ക്കാരിന് ഇത്തരമൊരു കരാര്‍ ഒപ്പിടാന്‍ നിയമസാധുതയില്ലെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം, കരാറിന്റെ യഥാര്‍ഥ വ്യവസ്ഥകളെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ലെന്ന വിമര്‍ശനവും ശക്തമാണ്. 17 വെനസ്വേലന്‍ എണ്ണപ്പാടങ്ങള്‍ പുനരുജ്ജീവിപ്പിച്ച് ഉല്‍പാദനം ആരംഭിക്കുന്നതെപ്പോള്‍, ട്രംപ് പ്രഖ്യാപിച്ച 65 ബില്യണ്‍ ബാരല്‍ എണ്ണയുമായി ബന്ധപ്പെട്ട പദ്ധതികള്‍ എങ്ങനെ നടപ്പാക്കും തുടങ്ങിയ കാര്യങ്ങളില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെയും പ്രസ്താവനകളിലും വൈറ്റ് ഹൗസ് വിശദീകരണത്തിലും വ്യക്തമായ വിവരങ്ങളില്ല.
വെനസ്വേലന്‍ വംശജരായ കനേഡിയന്‍ സമൂഹത്തിലും കരാറിനെതിരെ രൂക്ഷ പ്രതികരണമാണ് ഉയരുന്നത്. രാജ്യത്തിന്റെ എണ്ണ വ്യവസായത്തെക്കുറിച്ച് ദീര്‍ഘകാല പരിചയമുള്ള ലിനോ കരില്ലോ ഉള്‍പ്പെടെയുള്ളവര്‍ കരാറിന്റെ നിയമസാധുതയും ഭാവിയും ചോദ്യം ചെയ്തു. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഡെല്‍സി റോഡ്രിഗസ്, ട്രംപ് അല്ലെങ്കില്‍ മറ്റ് വിദേശ സര്‍ക്കാരുകള്‍ ഒപ്പുവെച്ച കരാറുകള്‍ പരിശോധിക്കപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എണ്ണസമ്പത്ത് സ്വന്തമാക്കുന്നതിലുള്ള താല്‍പര്യത്തിന് അനുസരിച്ചുള്ള രാഷ്ട്രീയ തടവുകാരുടെ മോചനത്തിനുള്ള താല്‍പര്യം കാണുന്നില്ലെന്ന വിമര്‍ശനവും ഉയര്‍ന്നു.
ട്രംപ് ഭരണകൂടവും വെനസ്വേലന്‍ സര്‍ക്കാരും തമ്മിലുള്ള അടുത്ത ബന്ധത്തിനെതിരെ സ്വന്തം രാഷ്ട്രീയ വിഭാഗത്തില്‍നിന്നും എതിര്‍പ്പുയരുകയാണ്. പ്രമുഖ ചാവിസ്റ്റ് നേതാവ് ഐറിസ് വരേല കരാര്‍ സമ്മര്‍ദത്തിന് വഴങ്ങി ഒപ്പുവെച്ചത് ആണെന്ന് ആരോപിച്ച് ട്രംപ് അധികാരത്തില്‍നിന്ന് മാറിയാല്‍ കരാര്‍ റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചു. വെനസ്വേലയില്‍ ജനാധിപത്യത്തിലേക്കുള്ള തിരിച്ചുവരവിന് വ്യക്തമായ സമയക്രമം പ്രഖ്യാപിക്കാത്തതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ട്രംപിനെ ശക്തമായി പിന്തുണച്ചിരുന്ന ചില വെനസ്വേലന്‍ അനുകൂലികളും ഇപ്പോള്‍ നിലപാട് പുനഃപരിശോധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
Protests in Venezuela against the massive oil deal with the US are intensifying.

















