പ്രിയപ്പെട്ട ഫോമാ അംഗങ്ങളേ,
ഫോമാ ജനറല്‍ ബോഡി യോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങളുടെയും തുടര്‍ന്ന് നാഷണല്‍ കൗണ്‍സില്‍ നടത്തിയ ചര്‍ച്ചകളുടെയും നടപടികളുടെയും അടിസ്ഥാനത്തില്‍, സണ്‍ഷൈന്‍ റീജിയനുമായി ബന്ധപ്പെട്ട പ്രാദേശിക പുനഃസംഘടന ഔദ്യോഗികമായി രേഖപ്പെടുത്തുകയും സ്ഥിരീകരിക്കുകയും ചെയ്യുന്നതിനായാണ് ഈ അറിയിപ്പ്.
2025 ഒക്ടോബര്‍ 25-ന് ചേര്‍ന്ന ഫോമാ ജനറല്‍ ബോഡി യോഗത്തില്‍, അംഗങ്ങളുടെ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിനും പ്രാദേശിക പ്രാതിനിധ്യം ശക്തിപ്പെടുത്തുന്നതിനും ഫോമായുടെ പ്രവര്‍ത്തനങ്ങളിലും വിവിധ ഇടപെടലുകളിലും കൂടുതല്‍ സജീവമായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമായി, ചില ഫോമാ റീജിയനുകളെ ഭൂമിശാസ്ത്രപരമായി വിഭജിക്കുന്നതിനുള്ള ഭേദഗതികള്‍ അംഗീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി വെസ്റ്റേണ്‍ റീജിയന്‍, സതേണ്‍ റീജിയന്‍, സണ്‍ഷൈന്‍ റീജിയന്‍, എംപയര്‍ റീജിയന്‍ എന്നീ റീജിയനുകള്‍ വിഭജിക്കപ്പെട്ട കാര്യം ഏവര്‍ക്കും അറിവുള്ളതാണല്ലോ.
തിരഞ്ഞെടുപ്പിന് മുമ്പുതന്നെ വെസ്റ്റേണ്‍ റീജിയനെ മൂന്ന് റീജിയനുകളായി വിഭജിക്കുകയും സണ്‍ഷൈന്‍ റീജിയനെ രണ്ട് റീജിയനുകളായി വിഭജിക്കുന്നതിന് അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. ഫോമാ 2026-ലെ അധികാര കൈമാറ്റ നടപടികളുടെ ഭാഗമായി, ജനറല്‍ ബോഡി അംഗീകരിച്ച ഈ വിഭജനങ്ങള്‍ സണ്‍ഷൈന്‍ റീജിയനും എംപയര്‍ റീജിയനും 2026 ഒക്ടോബര്‍ 17-ന് നടക്കുന്ന അധികാര കൈമാറ്റ ചടങ്ങിന് മുമ്പായി പൂര്‍ത്തിയാക്കണമെന്ന് നാഷണല്‍ കൗണ്‍സില്‍ പിന്നീട് തീരുമാനിച്ചു.
സണ്‍ഷൈന്‍ റീജിയന്റെ വിഭജനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യുന്നതിനായി 2026 സെപ്റ്റംബര്‍ 7-ന് നാഷണല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ സണ്‍ഷൈന്‍ റീജിയന്‍ വിഭജിച്ച് രൂപീകരിക്കാനുദ്ദേശിക്കുന്ന പുതിയ റീജിയന്റെ ആര്‍.വി.പിയെയും പ്രതിനിധികളെയും നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളെ സംബന്ധിച്ചുമുള്ള പട്ടിക അവതരിപ്പിച്ചു. എന്നാല്‍, നിര്‍ദേശിക്കപ്പെട്ട പുതിയ നാഷണല്‍ കൗണ്‍സില്‍ പ്രതിനിധികളെയും ആര്‍.വി.പിയെയും സംബന്ധിച്ച് നേരത്തെ തങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നില്ലെന്ന് ചില നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍ യോഗത്തില്‍ വ്യക്തമാക്കി.
ചര്‍ച്ചയ്ക്കിടെ സണ്‍ഷൈന്‍ റീജിയനില്‍ തിരഞ്ഞെടുപ്പ് നടത്താവുന്നതാണെന്ന് ഫോമാ പ്രസിഡന്റ് നാഷണല്‍ കൗണ്‍സിലിനെ അറിയിച്ചു. അതേസമയം, നിലവിലുള്ള സണ്‍ഷൈന്‍ റീജിയന്‍ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളെയും പ്രാദേശിക പ്രതിനിധികളെയും ആദ്യം ബന്ധപ്പെടുകയും, തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് മുമ്പ് അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തുകയും വേണമെന്ന് ഫോമായുടെ നിയുക്ത പ്രസിഡന്റ് ശ്രീ. ബിജു തോണിക്കടവിലും മെട്രോ ആര്‍.വി.പി ശ്രീ. ജോഷ്വ മാത്യുവും നിര്‍ദേശിച്ചു. അന്തിമ തീരുമാനമെടുക്കും മുമ്പ് തിരഞ്ഞെടുപ്പ് കൂടാതെ തന്നെ അഭിപ്രായ സമന്വയം ഉണ്ടാക്കണമെന്ന് സണ്‍ഷൈന്‍ റീജിയന്‍ ആര്‍.വി.പി ശ്രീ. ജോമോന്‍ ആന്റണിയും വ്യക്തമാക്കി.
ഈ നിര്‍ദേശത്തെ തുടര്‍ന്ന്, ജനറല്‍ ബോഡി തീരുമാനത്തിന് അനുസൃതമായി വിഭജനം അന്തിമമാക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ട ഫോമാ പ്രസിഡന്റ് ബന്ധപ്പെട്ട പ്രതിനിധികളുമായി ആവശ്യമായ ചര്‍ച്ചകള്‍ നടത്തുകയുണ്ടായി.
2026 സെപ്റ്റംബര്‍ 9-ാം തീയതി ബുധനാഴ്ച നടന്ന തുടര്‍ യോഗത്തില്‍, നിര്‍ദേശിക്കപ്പെട്ട പ്രാദേശിക വിഭജനവും നേതൃത്വ ഘടനയും സംബന്ധിച്ച് നിലവിലുള്ള നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളെയും ആര്‍.വി.പിമാരെയും ബന്ധപ്പെടണമെന്ന് തീരുമാനിച്ചു. സെപ്റ്റംബര്‍ 7-ലെ യോഗത്തില്‍ നിര്‍ദേശിക്കപ്പെട്ട ആര്‍.വി.പിയെയും നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളെയും ബന്ധപ്പെട്ട് വിവരം അറിയിക്കുന്നതിനുള്ള ചുമതല പുതിയ പ്രസിഡന്റ് ശ്രീ. ബിജു തോണിക്കടവിലിനെ കമ്മിറ്റി ഏല്‍പ്പിച്ചു.
2026 സെപ്റ്റംബര്‍ 11-ന്, ബന്ധപ്പെട്ട പ്രതിനിധികളുമായി താന്‍ ആശയവിനിമയം നടത്തിയെന്നും, പ്രാദേശിക വിഭജനവുമായി മുന്നോട്ടുപോകുന്നതിന് എല്ലാ വിഭാഗങ്ങളും സന്നദ്ധരാണെന്നും ശ്രീ. ബിജു തോണിക്കടവില്‍ എന്നെ അറിയിച്ചു.
അതിനാല്‍, ജനറല്‍ ബോഡി കൈക്കൊണ്ട തീരുമാനത്തിന്റെയും തുടര്‍ന്ന് നാഷണല്‍ കൗണ്‍സില്‍ നടത്തിയ ചര്‍ച്ചകളുടെയും ബന്ധപ്പെട്ട പ്രതിനിധികളുമായി നടത്തിയ കൂടിയാലോചനകളുടെയും അടിസ്ഥാനത്തില്‍ സണ്‍ഷൈന്‍ റീജിയന്‍ താഴെപ്പറയുന്ന രണ്ട് റീജിയനുകളായി വിഭജിക്കുന്നതാണ്:
സണ്‍ഷൈന്‍ റീജിയന്‍
- ആര്‍.വി.പി: ബാബു തോമസ്
- നാഷണല്‍ കൗണ്‍സില്‍ അംഗം: സന്തോഷ്
- നാഷണല്‍ കൗണ്‍സില്‍ അംഗം: ജിനോ
സൗത്ത് ഫ്‌ളോറിഡ റീജിയന്‍
- ആര്‍.വി.പി: സുശീല്‍
- നാഷണല്‍ കൗണ്‍സില്‍ അംഗം: മോള്‍ മാത്യു
- നാഷണല്‍ കൗണ്‍സില്‍ അംഗം: വിപിന്‍ വിന്‍സന്റ്
ജനറല്‍ ബോഡിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കും തീരുമാനത്തിനും അനുസൃതമായാണ് ഈ പുനഃസംഘടന നടപ്പാക്കുന്നത്. കൂടുതല്‍ ശക്തവും ഭൂമിശാസ്ത്രപരവുമായ പ്രാതിനിധ്യം ഉറപ്പാക്കുക, അംഗങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക, ഫോമായയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ അംഗങ്ങള്‍ക്ക് സജീവമായി ഇടപെടുന്നതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് ഈ പുനഃസംഘടനയുടെ സുപ്രധാന ലക്ഷ്യങ്ങള്‍.
ഈ അധികാര-പ്രാദേശിക പുനഃക്രമീകരണ നടപടികള്‍ പൂര്‍ത്തിയാക്കുന്നതില്‍ സഹകരിക്കുകയും പിന്തുണ നല്‍കുകയും ചെയ്യുന്ന എല്ലാ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കും പ്രാദേശിക നേതാക്കള്‍ക്കും ഫോമാ അംഗങ്ങള്‍ക്കും ആത്മാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തുന്നു.
ആശംസകളോടെ,
എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി
ബേബി മണക്കുന്നേല്‍
പ്രസിഡന്റ്, ഫോമാ
Regional Division to Ensure Greater Community Participation in FOMAA’s Activities

















