മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീബിക്കും ആശ്വാസകരമായ വിധി പുറപ്പെടുവിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി. ഇരുവരെയും തടവറയിൽ ഏകാന്ത തടവിൽ പാർപ്പിക്കരുതെന്ന് കോടതി ജയിൽ അധികൃതർക്ക് കർശന നിർദ്ദേശം നൽകി. ഇതോടൊപ്പം ജയിൽ നിയമങ്ങൾ പാലിച്ചുകൊണ്ട് ഇമ്രാൻ ഖാന് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കണമെന്നും ഐ.എച്ച്.സി ജസ്റ്റിസ് ഖാദിം ഹുസൈൻ സൂമ്രോ ഉത്തരവിട്ടു.
ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാനും ബുഷ്റ ബീബിയുടെ മകൾ മുബഷ്റ ഖാവർ മനേകയും നൽകിയ ഹർജികളിലാണ് ഹൈക്കോടതിയുടെ ഈ ഇടപെടൽ. ജയിൽ ചട്ടങ്ങൾ അനുസരിച്ച് കുടുംബാംഗങ്ങൾക്ക് ഇരുവരെയും സന്ദർശിക്കാൻ അനുമതി നൽകാനും ഇമ്രാൻ ഖാന് വിദേശത്തുള്ള മക്കളുമായി ഫോണിൽ സംസാരിക്കാനുള്ള സൗകര്യം ഒരുക്കാനും കോടതി നിർദ്ദേശിച്ചു. കൂടാതെ ദിവസവും പത്രങ്ങളും പുസ്തകങ്ങളും വായിക്കാൻ നൽകാനും ആവശ്യപ്പെട്ട കോടതി, ഉത്തരവുകൾ നടപ്പിലാക്കി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ റാവൽപിണ്ടിയിലെ അഡിയാല ജയിൽ സൂപ്രണ്ടിനോട് ഉത്തരവിട്ടിട്ടുണ്ട്.
വിവിധ അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് 2023 ഓഗസ്റ്റ് മുതൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ് ഇമ്രാൻ ഖാൻ കഴിയുന്നത്. ബുഷ്റ ബീബിയും ഇതേ ജയിൽ സമുച്ചയത്തിലാണ് തടവിലുള്ളത്. ജയിലിൽ ഇമ്രാൻ ഖാന് പ്രാഥമിക സൗകര്യങ്ങളോ കൃത്യമായ വൈദ്യസഹായമോ നൽകുന്നില്ലെന്ന് കുടുംബാംഗങ്ങൾ പരാതിപ്പെട്ടിരുന്നു. ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്രീകെ ഇൻസാഫ് (പി.ടി.ഐ.) ഈ കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിക്കുന്നതിനിടെയാണ് കോടതിയിൽ നിന്ന് പുതിയ നിർദ്ദേശം വന്നിരിക്കുന്നത്.
Relief for Imran Khan and Bushra Bibi: Islamabad High Court Directs End to Solitary Confinement

















