മാലിബു: മുന്‍ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മാലിബുവിലെ വസതിയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചയാളെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ലോസ് ആഞ്ചലസ് കൗണ്ടി ഷെരീഫ് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ ഹാരിസും ഭര്‍ത്താവ് ഡഗ് എംഹോഫും വീട്ടിലുണ്ടായിരുന്നില്ല.
വസതിയിലെത്തുന്നതിന് മുമ്പ് തന്നെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ തടഞ്ഞതായി ഹാരിസിന്റെ വക്താവ് വ്യക്തമാക്കി. സംഭവത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരും നിയമപാലകരും വേഗത്തില്‍ ഇടപെട്ടതിന് ഹാരിസും ഭര്‍ത്താവും നന്ദി അറിയിച്ചതായും വക്താവ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം ഏകദേശം 10.30ഓടെയാണ് സംശയാസ്പദമായ ഒരാള്‍ ഉള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ലോസ് ആഞ്ചലസ് കൗണ്ടി ഷെരീഫ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ സ്വകാര്യ സുരക്ഷാ സംഘവുമായി ബന്ധപ്പെടുകയും വസതിക്ക് പുറത്തുണ്ടായിരുന്ന വ്യക്തിയെ ചോദ്യം ചെയ്യുകയും ചെയ്തു.
വസതിയില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയതോടെ ഇയാള്‍ സ്വമേധയാ അവിടെനിന്ന് പോയതായി ഷെരീഫ് വിഭാഗം അറിയിച്ചു.
അതിക്രമിച്ച് കയറിയെന്ന പരാതിയില്‍ റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി പ്രദേശത്ത് പൊലീസ് പട്രോളിങ് ശക്തമാക്കുമെന്നും ലോസ് ആഞ്ചലസ് കൗണ്ടി ഷെരീഫ് വിഭാഗം അറിയിച്ചു. സംഭവസമയത്ത് ഹാരിസും എംഹോഫും വസതിയില്‍ ഉണ്ടായിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
Security personnel stopped a person who attempted to trespass into Kamala Harris’s residence.

















