swayamvara
pulimoottil

മുതിർന്ന മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു; അനുശോചിച്ച് മുഖ്യമന്ത്രിയും കാതോലിക്കാ ബാവായും

മുതിർന്ന മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു; അനുശോചിച്ച് മുഖ്യമന്ത്രിയും കാതോലിക്കാ ബാവായും
Share Email

കൊച്ചി: മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്പെഷൽ കറസ്പോണ്ടന്റും മുതിർന്ന മാധ്യമപ്രവർത്തകനുമായ ജിജോ ജോൺ പുത്തേഴത്ത് (54) അന്തരിച്ചു. ഒട്ടേറെ ശ്രദ്ധേയമായ അന്വേഷണാത്മക റിപ്പോർട്ടുകൾ പുറത്തുകൊണ്ടുവന്ന മികച്ച പത്രപ്രവർത്തകനാണ് അദ്ദേഹം. ഈയിടെ ദേശീയതലത്തിൽ തന്നെ ഏറെ ശ്രദ്ധനേടിയ 700 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് വാർത്ത പുറത്തുകൊണ്ടുവന്നത് ജിജോയാണ്. സംസ്കാരം പിന്നീട് നടക്കും.

പറവൂർ ഗോതുരുത്ത് പുത്തേഴത്ത് കുടുംബാംഗമായ ജിജോ, കേരള പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസം പഠനം പൂർത്തിയാക്കിയ ശേഷമാണ് മലയാള മനോരമയിൽ പത്രാധിപ സമിതി അംഗമായി ചേർന്നത്. 2015-ലെ പ്രശസ്തമായ രാംനാഥ് ഗോയങ്ക പുരസ്കാരത്തിനും പത്രപ്രവർത്തന മികവിനായി മലയാള മനോരമ നൽകുന്ന 2020-ലെ ചീഫ് എഡിറ്റേഴ്സ് ഗോൾഡ് മെഡലിനും അദ്ദേഹം അർഹനായിട്ടുണ്ട്. കൊച്ചിയിൽ ‘സർവശിക്ഷ കേരള’ത്തിലെ അധ്യാപികയായ രമ്യ ജോസഫാണ് ഭാര്യ. അനന്യ ജിജോ, ജൊഹാൻ ജോസഫ് ജോൺ എന്നിവർ മക്കളാണ്.

ജിജോ ജോൺ പുത്തേഴത്തിന്റെ ആകസ്മിക നിര്യാണത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ആഴത്തിലുള്ള ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. മുതിർന്ന മാധ്യമപ്രവർത്തകൻ എന്നതിനപ്പുറം തനിക്ക് ആത്മബന്ധമുള്ള അടുത്ത സുഹൃത്തും നാട്ടുകാരനുമായിരുന്നു ജിജോയെന്ന് മുഖ്യമന്ത്രി ഓർമിച്ചു. എം.എൽ.എയും പ്രതിപക്ഷ നേതാവുമായിരുന്ന കാലത്തും നിയമസഭാ സമ്മേളന വേളകളിലും വിവിധ വിഷയങ്ങളിൽ ജിജോയുമായി ദീർഘനേരം ആശയവിനിമയം നടത്തുന്നത് പതിവായിരുന്നുവെന്നും അദ്ദേഹത്തിന്റെ വേർപാട് വലിയ വേദനയുണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അന്വേഷണാത്മക പത്രപ്രവർത്തന രംഗത്ത് ജിജോ പുലർത്തിയ മികവും നിലവാരവും രാജ്യം അംഗീകരിച്ചതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാവിലെ ജിജോയുടെ ബൈലൈനിലുള്ള വാർത്ത വായിച്ചാണ് ഓഫീസിലേക്ക് ഇറങ്ങിയതെന്നും മന്ത്രിസഭായോഗത്തിനു ശേഷമുള്ള വാർത്താസമ്മേളനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മരണവാർത്ത അറിഞ്ഞതെന്നും മുഖ്യമന്ത്രി തന്റെ കുറിപ്പിൽ പറഞ്ഞു. ഇനി ആ ബൈലൈൻ ഉണ്ടാകില്ലെന്ന യാഥാർത്ഥ്യം വേദനയോടെ തിരിച്ചറിയുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.

ജിജോയുടെ വേർപാടിൽ മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായും അനുശോചനം അറിയിച്ചു. പത്രവായനക്കാർക്ക് സുപരിചിതമായ ജിജോയുടെ ബൈലൈനും അദ്ദേഹത്തിന്റെ വിരൽത്തുമ്പിലൂടെ പിറന്ന വാർത്തകളുമാണ് ആ പേരിനെ മലയാളികളുടെ മനസ്സിൽ അടയാളപ്പെടുത്തിയതെന്ന് കാതോലിക്കാ ബാവാ പറഞ്ഞു. ക്രിയാത്മകവും പ്രതിബദ്ധതയാർന്നതുമായ പ്രവർത്തനമാണ് അദ്ദേഹന്റേതെന്നും, ആ തൂലികയിലൂടെ മലയാളി വായിച്ചറിഞ്ഞ വാർത്തകൾക്ക് ഒരിക്കലും മരണമില്ലെന്നും അദ്ദേഹം അനുസ്മരണ സന്ദേശത്തിൽ വ്യക്തമാക്കി.

Senior Journalist Jijo John Puthezath Passes Away; CM and Catholicos Express Grief

Share Email
LATEST excelnclexrn
More Articles
Top