Caritas hospital

മിഷിഗണില്‍ ടെക്‌സസ് എയര്‍ നാഷണല്‍ ഗാര്‍ഡിന്റെ F-16 യുദ്ധവിമാനം തകര്‍ന്നുവീണു: മേഖലയില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു

മിഷിഗണില്‍ ടെക്‌സസ് എയര്‍ നാഷണല്‍ ഗാര്‍ഡിന്റെ F-16 യുദ്ധവിമാനം  തകര്‍ന്നുവീണു: മേഖലയില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു

മിഷിഗണ്‍: ടെക്‌സസ് എയര്‍ നാഷണല്‍ ഗാര്‍ഡിന്റെ F-16 യുദ്ധവിമാനം പരിശീലന ദൗത്യത്തിനിടെ മിഷിഗണില്‍ തകര്‍ന്നുവീണു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നതെന്നു ടെക്‌സസ് മിലിട്ടറി ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥിരീകരിച്ചു. വിമാനം തകര്‍ന്നുവീണതിനെ തുടര്‍ന്ന് അപകടസ്ഥലത്തിന് ഒരു മൈല്‍ ചുറ്റളവിലുള്ള വീടുകളും വ്യാപാര സ്ഥാപനങ്ങളും ഒഴിപ്പിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.

വിമാനാപകടവുമായി ബന്ധപ്പെട്ട് അപകടകരമായ രാസവസ്തുക്കള്‍ ചോര്‍ന്നതിനെ തുടര്‍ന്നാണ് പ്രദേശത്ത് ഒഴിപ്പിക്കല്‍ നടപടികള്‍ സ്വീകരിച്ചതെന്ന് മിഷിഗണ്‍ സ്റ്റേറ്റ് പൊലീസ് അറിയിച്ചു. മിഷിഗണിലെ ആല്‍പീനയിലുള്ള എയര്‍ നാഷണല്‍ ഗാര്‍ഡിന്റെ കോംബാറ്റ് റെഡിനസ് ട്രെയിനിംഗ് സെന്ററില്‍ നിന്നാണ് F-16 ഫൈറ്റിംഗ് ഫാല്‍ക്കണ്‍ പതിവ് പരിശീലന ദൗത്യത്തിനായി പറന്നുയര്‍ന്നത്. ഇതിനിടെയാണ് വിമാനത്തിന് അപകടം സംഭവിച്ചത്.

വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ അദ്ദേഹത്തിന് ചികിത്സ നല്‍കി. ആശുപത്രിയില്‍ എത്തിച്ച സമയത്ത് പൈലറ്റ് ബോധവാനായിരുന്നുവെന്നു ഗ്രാന്‍ഡ് ട്രാവേഴ്സ് കൗണ്ടി ഷെരീഫ് മൈക്കല്‍ ഷിയ മാധ്യമങ്ങളോട് പറഞ്ഞു.

അപകടത്തില്‍ പൈലറ്റിന് പുറമെ മറ്റാര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മിഷിഗണ്‍ സ്റ്റേറ്റ് പൊലീസ് അറിയിച്ചു. പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടോടെയാണ്് ഗ്രീന്‍ ലേക്ക് ടൗണ്‍ഷിപ്പില്‍ വിമാനം തകര്‍ന്നുവീണത്. അപകടത്തിന് പിന്നാലെ സ്ഥലത്ത് നിന്ന് വലിയ കറുത്ത പുക ഉയരുന്നത് കാണാമായിരുന്നു.

അപകടത്തെ തുടര്‍ന്ന് പരിശീലനത്തിനായി മിഷിഗണിലെത്തിയ ടെക്‌സസ് എയര്‍ നാഷണല്‍ ഗാര്‍ഡിന്റെ മറ്റു എല്ലാ വിമാനങ്ങളുംഉടന്‍ നിലത്തിറക്കി. അടുത്ത 24 മണിക്കൂറില്‍ പരിശീലനം നിര്‍ത്തിവെച്ചു. അപകടത്തിന്റെ കാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Texas Air National Guard F-16 crashes in Michigan; residents evacuated from the area.

Share Email
Top