swayamvara
pulimoottil

ഹൂതികള്‍ക്കെതിരെ ആക്രമണത്തിന് പദ്ധതിയില്ലെന്ന് ട്രംപ് ഭരണകൂടം; സൗദിക്ക് രഹസ്യാന്വേഷണ വിവരങ്ങള്‍ യുഎസ് കൈമാറും

ഹൂതികള്‍ക്കെതിരെ ആക്രമണത്തിന് പദ്ധതിയില്ലെന്ന് ട്രംപ് ഭരണകൂടം; സൗദിക്ക് രഹസ്യാന്വേഷണ വിവരങ്ങള്‍ യുഎസ് കൈമാറും

വാഷിങ്ടണ്‍: ഹൂതികള്‍ക്കെതിരെ നിലവില്‍ നേരിട്ട് സൈനിക ആക്രമണം നടത്താന്‍ ട്രംപ് ഭരണകൂടത്തിന് പദ്ധതിയില്ലെന്ന് യുഎസ ഭരണകൂടം . എന്നാല്‍, സൗദി അറേബ്യയ്ക്ക് രഹസ്യാന്വേഷണ വിവരങ്ങളും സൈനിക സഹായവും അമേരിക്ക നല്‍കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വ്യാഴാഴ്ച സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വിഷയത്തില്‍ രണ്ട് തവണ സംസാരിച്ചതായി ഒരു യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഹൂതികള്‍ക്കെതിരെ അമേരിക്ക നേരിട്ട് സൈനിക ഇടപെടല്‍ നടത്തണമെന്നാണ് സൗദി നേതാവ് ആവശ്യപ്പെട്ടത്. എന്നാല്‍, യുഎസ് ഇടപെടല്‍ അടിയന്തരമായി അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ചെങ്കടലിലൂടെയുള്ള കപ്പല്‍ ഗതാഗതം ഉറപ്പാക്കുന്നതുള്‍പ്പെടെ അമേരിക്കയുടെ അടിസ്ഥാന ദേശീയ സുരക്ഷാ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പ്രാദേശിക സുരക്ഷാ വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതില്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള പ്രാദേശിക പങ്കാളികള്‍ക്ക് നേതൃത്വം നല്‍കാനുള്ള അവസരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഹൂതികള്‍ക്കെതിരെ വലിയ തോതിലുള്ള സൈനിക നടപടി ആരംഭിക്കാന്‍ സൗദി സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും, ആവശ്യമെങ്കില്‍ അമേരിക്കയുടെ നേരിട്ടുള്ള സഹായമില്ലാതെ തന്നെ നടപടി സ്വീകരിക്കാന്‍ റിയാദ് തയ്യാറാണെന്നും മറ്റൊരു യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍, ഇക്കാര്യത്തില്‍ സൗദി അന്തിമ തീരുമാനം എടുത്തിട്ടില്ല. അതേസമയം, യെമനിലെ സ്ഥിതിഗതികള്‍ യുഎസ് ഭരണകൂടം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

ബാബ് അല്‍-മന്ദബ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ ഹൂതികള്‍ ശ്രമിച്ചാല്‍ സൗദി അറേബ്യ, അമേരിക്ക, മറ്റ് രാജ്യങ്ങള്‍ എന്നിവയുടെ ശക്തമായ പ്രതികരണത്തിന് അത് വഴിവെക്കുമെന്ന് ഹൂതികള്‍ക്കും ഇറാനും ബോധ്യമുണ്ടെന്നാണ് വിലയിരുത്തല്‍. വാണിജ്യ കപ്പലുകള്‍ക്ക് കടലിടുക്ക് തുറന്നിരിക്കുമെന്ന് ഹൂതികള്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, സൗദിയുമായി ബന്ധമുള്ള കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചതോടെ മേഖലയിലൂടെ സഞ്ചരിക്കുന്ന എല്ലാ കപ്പലുകള്‍ക്കും അപകടസാധ്യത ഉയര്‍ന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Trump administration says there are no plans for an attack on the Houthis; US to share intelligence with Saudi Arabia.

Share Email
Top