വാഷിംഗടണ്‍: അമേരിക്കയില്‍ കുതിച്ചുയരുന്ന ഇന്ധനവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പെട്രോള്‍, ഡീസല്‍ ഉല്‍പാദനം വര്‍ധിപ്പിക്കണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എണ്ണ ശുദ്ധീകരണ കമ്പനികളുടെ മേധാവികളോട് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച വൈറ്റ് ഹൗസില്‍ നടന്ന അടച്ചിട്ട യോഗത്തിലാണ് ട്രംപ് റിഫൈനറികളില്‍നിന്ന് കൂടുതല്‍ ഉല്‍പാദനം ആവശ്യപ്പെട്ടത്. നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജീവിതച്ചെലവ് വര്‍ധിക്കുന്നതിലുള്ള ജനങ്ങളുടെ ആശങ്കയാണ് ട്രംപിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.
അമേരിക്കക്കാര്‍ക്ക് പമ്പുകളില്‍ കുറഞ്ഞ നിരക്കില്‍ ഇന്ധനം ലഭിക്കണമെന്നാണ് തന്റെ ലക്ഷ്യമെന്ന് ട്രംപ് വ്യക്തമാക്കി. ഉത്പാദന ശേഷി എങ്ങനെ വര്‍ധിപ്പിക്കാമെന്നും അദ്ദേഹം വ്യവസായ പ്രതിനിധികളോട് ചോദിച്ചു. നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുക, അനുമതി നടപടികള്‍ വേഗത്തിലാക്കുക, പുതിയ നിക്ഷേപങ്ങള്‍ നടത്തുക തുടങ്ങിയ നിര്‍ദേശങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. രാജ്യത്ത് പെട്രോള്‍ വില ശരാശരി ഗാലന് നാലു ഡോളറിന് മുകളിലും, ഡീസല്‍ വില ഏകദേശം ആറു ഡോളറിനും എത്തിയതായി അമേരിക്കന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേസമയം, പുനരുപയോഗ ഇന്ധനങ്ങളുടെ നിര്‍ബന്ധിത മിശ്രണവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയങ്ങള്‍ ഇന്ധനവില ഉയര്‍ത്തുന്നതായി റിഫൈനറി മേധാവികള്‍ ട്രംപിനോട് പരാതിപ്പെട്ടു.
അടുത്ത ഏതാനും ആഴ്ചകളില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവ് ഉണ്ടാകുമെന്ന് ഊര്‍ജ സെക്രട്ടറി ക്രിസ് റൈറ്റ് പറഞ്ഞു. വെനസ്വേലയില്‍നിന്നുള്ള കൂടുതല്‍ അസംസ്‌കൃത എണ്ണ അമേരിക്കയിലെത്തിക്കാനും ട്രംപ് ഭരണകൂടം ശ്രമിക്കുന്നുണ്ട്. അമേരിക്കന്‍ ഗള്‍ഫ് തീരത്തെ റിഫൈനറികള്‍ക്ക് വെനസ്വേലയുടെ കനത്ത ക്രൂഡ് ഓയില്‍ ശുദ്ധീകരിക്കാന്‍ അനുയോജ്യമായതിനാല്‍ അധിക എണ്ണ അവിടേക്ക് എത്തിക്കാനാണ് നീക്കം. അതേസമയം, ഉടന്‍തന്നെ വലിയ തോതില്‍ ഉല്‍പാദനം വര്‍ധിക്കാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.
Trump asks oil companies to have refineries increase production to lower fuel prices.

















