ഡബ്ലിന്‍: വിഭജിക്കപ്പെട്ട അയര്‍ലണ്ട് വീണ്ടും ഒന്നാകുന്നത് കാണാന്‍ തനിക്ക് ”വളരെ ഇഷ്ടമാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തിനു പിന്നാലെ വടക്കന്‍ അയര്‍ലണ്ടിലെ നേതാക്കള്‍ കടുത്ത പ്രതികരണവുമായി രംഗത്ത്. ശനിയാഴ്ച ഡബ്ലിനിലെത്തിയ ട്രംപ് ഐറിഷ് പ്രസിഡന്റ് കാതറിന്‍ കൊണൊളിയുമായും പ്രധാനമന്ത്രി മൈക്കല്‍ മാര്‍ട്ടിനുമായും കൂടിക്കാഴ്ച നടത്തി.
മാര്‍ട്ടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഐറിഷ് റിപ്പബ്ലിക്കും വടക്കന്‍ അയര്‍ലണ്ടും ഒന്നിക്കുന്നതിനെക്കുറിച്ച് ട്രംപ് അഭിപ്രായപ്പെട്ടത്. അയര്‍ലണ്ട് ഒന്നാകുന്നത് എല്ലാവര്‍ക്കും അഭിമാനിക്കാവുന്ന വലിയൊരു നേട്ടമായിരിക്കുമെന്നും, ഒടുവില്‍ ഇത് സംഭവിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും ട്രംപ് പറഞ്ഞു.
1921-ലാണ് അയര്‍ലണ്ട് വിഭജിക്കപ്പെട്ടത്. ബ്രിട്ടീഷ് ഭരണത്തിന് കീഴിലായ വടക്കന്‍ അയര്‍ലണ്ട് യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാഗമായി തുടര്‍ന്നപ്പോള്‍, ബാക്കിയുള്ള പ്രദേശം ഐറിഷ് റിപ്പബ്ലിക്കായി മാറി. തുടര്‍ന്ന് പതിറ്റാണ്ടുകളോളം നീണ്ട സംഘര്‍ഷങ്ങള്‍ 1998-ലെ ഗുഡ് ഫ്രൈഡേ കരാറോടെയാണ് അവസാനിച്ചത്. വടക്കന്‍ അയര്‍ലണ്ടിലെ ഭൂരിപക്ഷം ജനങ്ങളും റഫറണ്ടത്തിലൂടെ അനുകൂലിച്ചാല്‍ മാത്രമേ ഐക്യ അയര്‍ലണ്ട് സാധ്യമാകൂ എന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ.
ട്രംപിന്റെ പരാമര്‍ശത്തിനെതിരെ വടക്കന്‍ അയര്‍ലണ്ടിലെ യൂണിയനിസ്റ്റ് നേതാക്കള്‍ രംഗത്തെത്തി. ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി നേതാവ് ഗാവിന്‍ റോബിന്‍സണ്‍, വടക്കന്‍ അയര്‍ലണ്ടിന്റെ ഭരണഘടനാപരമായ ഭാവി തീരുമാനിക്കേണ്ടത് അവിടുത്തെ ജനങ്ങളാണെന്നും ലണ്ടന്‍, ഡബ്ലിന്‍, വാഷിങ്ടണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ അതില്‍ നിര്‍ണായകമല്ലെന്നും വ്യക്തമാക്കി. അള്‍സ്റ്റര്‍ യൂണിയനിസ്റ്റ് പാര്‍ട്ടി നേതാവ് ജോണ്‍ ബറോസും സമാനമായ നിലപാട് പ്രകടിപ്പിച്ചു.
അതേസമയം, ട്രംപിന്റെ സന്ദര്‍ശനത്തിനിടെ ഡബ്ലിനില്‍ അദ്ദേഹത്തിനെതിരെ പ്രതിഷേധങ്ങളും നടന്നു. അയര്‍ലണ്ടിലെ യുഎസ് എംബസിയില്‍ നടന്ന പരിപാടിക്കിടെ തന്റെ ഐക്യ അയര്‍ലണ്ട് പരാമര്‍ശത്തെ ചുറ്റിപ്പറ്റിയുള്ള വിവാദം ട്രംപ് അംഗീകരിച്ചെങ്കിലും നിലപാടില്‍ നിന്ന് പിന്മാറിയില്ല. ”ഞാന്‍ നല്ലൊരു മറുപടിയാണ് നല്‍കിയതെന്ന് തോന്നുന്നു. അതിനെക്കുറിച്ച് നമുക്ക് നാളെ ആലോചിക്കാമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
Trump’s remarks on a united Ireland; Northern Ireland leaders respond.

















