വാഷിംഗട്ണ്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) രംഗത്തെ പ്രമുഖ കമ്പനിയായ ആന്ത്രോപിക് (Anthropic) പ്രാഥമിക ഓഹരി വില്‍പ്പനയുടെ (ഐപിഒ) വില ഒരു ഓഹരിക്ക് 83 ഡോളറായി നിശ്ചയിച്ചു. ബുധനാഴ്ചയാണ് ഈ പ്രഖ്യാപനം വന്നത്. ്. നേരത്തെ പ്രതീക്ഷിച്ച വിലപരിധിയേക്കാള് ഉയര്‍ന്ന നിരക്കിലാണ് ഓഹരികള്‍ വിപണിയിലെത്തുന്നത്. ഇതോടെ കമ്പനിയുടെ വിപണിമൂല്യം ഏകദേശം 1.5 ട്രില്യണ്‍ ഡോളറിലെത്തുമെന്നാണ് കണക്കുകൂട്ടല്‍. ക്ലോഡ് എഐ ടൂള്‍ വികസിപ്പിച്ച സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനമായ കമ്പനി വ്യാഴാഴ്ച വാള്‍സ്ട്രീറ്റില്‍ വ്യാപാരം ആരംഭിക്കും. 70 മുതല്‍ 78 ഡോളര്‍ വരെയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന ഓഹരി വിലപരിധി. 82.5 കോടി ഓഹരികളാണ് വില്‍പ്പനയ്ക്കായി അവതരിപ്പിക്കുന്നത്.
വിപണിയിലെ അനിശ്ചിതത്വങ്ങള്‍ക്കും എഐ മേഖലയിലെ ബബിള്‍ ആശങ്കകള്‍ക്കും ഇടയിലും ഐപിഒയുമായി മുന്നോട്ടുപോകാനുള്ള കമ്പനിയുടെ തീരുമാനം നിക്ഷേപകരുടെ താല്പര്യം വ്യക്തമാക്കുന്നതാണെന്ന് വിലയിരുത്തപ്പെടുന്നു. എഐ ഓഹരികളോടുള്ള നിക്ഷേപകരുടെ ആവേശം പ്രതീക്ഷിച്ചതിലും കൂടുതലാണെന്ന് യോര്ക്ക്വില് ഐവ്സ് ആന്‍ഡ് കമ്പനിയിലെ ഡാന്‍ ഐവ്സ് അഭിപ്രായപ്പെട്ടു. അതേസമയം, കമ്പനിക്ക് 6.2 ബില്യണ്‍ ഡോളറിന്റെ കടബാധ്യതയുണ്ടെന്നും സാമ്പത്തിക രേഖകളില്‍ ഇത് ഗണ്യമായ ബാധ്യതയായി അംഗീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ കമ്പനി ലാഭത്തിലല്ല. എഐ വികസനത്തിനും കമ്പ്യൂട്ടിങ് ശേഷി വര്‍ധിപ്പിക്കുന്നതിനുമായി അടുത്ത ഏതാനും വര്‍ഷങ്ങളില്‍ 900 ബില്യണ്‍ ഡോളര്‍ ചെലവഴിക്കേണ്ട കരാറുകളില്‍ കമ്പനി ഏര്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ അടുത്ത 12 മാസത്തിനുള്ളില്‍ മാത്രം 70 ബില്യണ്‍ ഡോളര്‍ ചെലവഴിക്കേണ്ടിവരും. കൂടുതല്‍ മൂലധനം സമാഹരിക്കാനുള്ള മാര്‍ഗമായാണ് ഐപിഒയെ കമ്പനി കാണുന്നത്. വായ്പയെടുക്കുന്നതിനുള്ള ചെലവ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഓഹരി വിപണിയിലൂടെ പണം കണ്ടെത്തുന്നത് നിര്‍ണായകമാണ്.
ഐപിഒയോടെ കമ്പനിയിലെ ജീവനക്കാര്‍ക്ക് തങ്ങള്‍ക്കു ലഭിച്ച ഓഹരികള്‍ വില്‍ക്കാനും അവസരമുണ്ടാകും. ഇതിലൂടെ നിരവധി ജീവനക്കാര്‍ കോടീശ്വരന്മാരായി മാറുമെന്നാണ് വിലയിരുത്തല്‍. കമ്പനി സിഇഒ ഡാരിയോ അമോഡെയുടെയും സഹോദരിയും സഹസ്ഥാപകയുമായ ഡാനിയേല അമോഡെയുടെയും സമ്പത്തിലും വന്‍ വര്‍ധനയുണ്ടാകാന്‍ സാധ്യതയുണ്ട്. 2021ല്‍ ഓപ്പണ്‍എഐയിലെ മുന്‍നിര ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് ആന്ത്രോപിക് സ്ഥാപിച്ചത്. എഐ രംഗത്തെ ആധിപത്യത്തിനായി ഓപ്പണ്‍എഐയുമായി കടുത്ത മത്സരത്തിലാണ് കമ്പനി. ഗൂഗിള്‍, അമേരിക്കയിലെയും ചൈനയിലെയും സ്റ്റാര്‍ട്ടപ്പുകള്‍, സ്പേസ് എക്സ് തുടങ്ങിയവയും ഈ രംഗത്തെ പ്രധാന എതിരാളികളാണ്. എഐ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുള്ള ഭീമമായ ചെലവുകള്‍ കാരണം ആന്ത്രോപിക്, ഓപ്പണ്‍എഐ, സ്പേസ് എക്സിന്റെ എഐ വിഭാഗം തുടങ്ങിയ കമ്പനികള്‍ വലിയ സാമ്പത്തിക നഷ്ടം നേരിടുന്നുണ്ട്.
Anthropic has announced an IPO share price of $83 per share.
















