പ്രസിഡന്‍റിനെ ഉപദ്രവിക്കുമെന്ന് സന്ദേശങ്ങൾ, ഡോണൾഡ് ട്രംപിനെതിരെ വധഭീഷണി മുഴക്കിയ മേരിലാൻഡ് സ്വദേശിക്ക് മൂന്ന് മാസം തടവ് ശിക്ഷ

പ്രസിഡന്‍റിനെ ഉപദ്രവിക്കുമെന്ന് സന്ദേശങ്ങൾ, ഡോണൾഡ് ട്രംപിനെതിരെ വധഭീഷണി മുഴക്കിയ മേരിലാൻഡ് സ്വദേശിക്ക് മൂന്ന് മാസം തടവ് ശിക്ഷ

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനും മറ്റ് ഫെഡറൽ ഉദ്യോഗസ്ഥർക്കുമെതിരെ സോഷ്യൽ മീഡിയയിലൂടെ വധഭീഷണി മുഴക്കിയ മേരിലാൻഡ് സ്വദേശി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. തുടർന്ന് ഇയാൾക്ക് മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചു. മേരിലാൻഡിലെ ക്ലിയർ സ്പ്രിംഗ് സ്വദേശിയായ 53 കാരൻ ഡോണൾഡ് ഫ്രാങ്ക്ലിൻ സ്വാപ് ആണ് കേസിൽ ശിക്ഷിക്കപ്പെട്ടത്.

പ്രസിഡന്‍റിനെ ഭീഷണിപ്പെടുത്തുക, ഉപദ്രവിക്കുമെന്ന് കാണിച്ച് സന്ദേശങ്ങൾ അയക്കുക, ഫെഡറൽ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാൻ ശ്രമിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി സെപ്റ്റംബറിലാണ് ഇയാൾക്കെതിരെ കേസെടുത്തത്. മൂന്ന് മാസം തടവിന് പുറമെ മൂന്ന് വർഷത്തെ നിരീക്ഷണ കാലയളവും കോടതി വിധിച്ചിട്ടുണ്ട്. ഇതിൽ ആദ്യത്തെ മൂന്ന് മാസം ഇയാൾ വീട്ടുതടങ്കലിൽ കഴിയണം.

കോടതി രേഖകൾ പ്രകാരം, കഴിഞ്ഞ ജൂലൈ 14-നാണ് ഡൊണാൾഡ് ട്രംപിനെ തലയറുത്ത് കൊല്ലുമെന്ന് കാണിച്ച് സ്വാപ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്. ആഭ്യന്തര സുരക്ഷാ വകുപ്പ്, ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക അക്കൗണ്ടുകൾ ഉൾപ്പെടെ 20-ഓളം പേരെയും സംഘടനകളെയും ഇയാൾ ഈ പോസ്റ്റിൽ ടാഗ് ചെയ്തിരുന്നു.

പെൻസിൽവാനിയയിലെ ചേംബർസ്ബർഗിലുള്ള ഒരു റേഡിയോ സ്റ്റേഷനിലെ ജീവനക്കാരൻ ഡോണി സ്വാപ് എന്ന ഫേസ്ബുക്ക് യൂസറുടെ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചതിനെത്തുടർന്ന് ജൂലൈ 22-നാണ് എഫ്.ബി.ഐയുടെ ശ്രദ്ധയിൽ വിഷയം എത്തിയത്. തുടർന്ന് ഫെഡറൽ ഉദ്യോഗസ്ഥർ സ്വാപിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഹാഗർടൗണിലുള്ള ഇയാളുടെ അമ്മയോട് മാത്രമാണ് സംസാരിക്കാൻ സാധിച്ചത്. ഉദ്യോഗസ്ഥർ അമ്മയെ കണ്ട് മടങ്ങി മണിക്കൂറുകൾക്കകം, അന്വേഷണ സംഘത്തെയും സീക്രട്ട് സർവീസ് ഏജന്റുമാരെയും ഭീഷണിപ്പെടുത്തി സ്വാപ് വീണ്ടും ഫേസ്ബുക്കിൽ പോസ്റ്റുകളിട്ടു. ആഗസ്റ്റ് 5 മുതൽ ആഗസ്റ്റ് 21 വരെയുള്ള ദിവസങ്ങളിൽ സീക്രട്ട് സർവീസ് ഏജന്റുകളുടെ പേരുകൾ എടുത്തുപറഞ്ഞുകൊണ്ട് ഇയാൾ തുടർച്ചയായി ഭീഷണിപ്പെടുത്തലുകൾ തുടർന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫെഡറൽ കോടതി ഇയാൾക്കെതിരെ ശിക്ഷാവിധി പുറപ്പെടുവിച്ചത്.

Share Email
Top