വാഷിംഗടണ്‍: ഫിലിപ്പീന്‍സ് തായ്ലാന്ഡ് എന്നിവയുമായി അമേരിക്ക വന്‍ കരാറുകള്‍ ഒപ്പുവെച്ചെന്നു വൈറ്റ് ഹൗസ്. പ്രസിഡന്റ് ട്രംപിന്റെ മനില സന്ദര്‍ശനത്തിനിടെ ഫിലിപ്പീന്‍സുമായും തായ്ലന്‍ഡുമായും ഉണ്ടാക്കിയ കരാറുകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് വൈറ്റ് ഹൗസ്. അമേരിക്കന്‍ കമ്പനികള്‍ക്കായി 17 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള വാണിജ്യ കരാറുകളും തന്ത്രപ്രധാന നിക്ഷേപങ്ങളും ഉറപ്പാക്കിയതായി വൈറ്റ് ഹൗസ വ്യക്തമാക്കി. ട്രംപിന്റെ ഏഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളുമായും വ്യാപാര, പ്രതിരോധ മേഖലകളില്‍ സുപ്രധാന ധാരണകളാണ് ഉണ്ടായത്.
ഫിലിപ്പീന്‍സ് ദേശീയ വിമാനക്കമ്പനിയായ ഫിലിപ്പീന്‍സ് എയര്‍ലൈന്‍സുമായി 12 ബില്യണ്‍ ഡോളറിന്റെ കരാര്‍ അന്തിമമാക്കിയതായി വൈറ്റ് ഹൗസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഇതിന്റെ ഭാഗമായി ബോയിങ് 787 ശ്രേണിയിലുള്ള 20 വിമാനങ്ങള്‍ വാങ്ങാനാണ് കമ്പനിയുടെ തീരുമാനം. വിമാനങ്ങള്‍ക്ക് ആവശ്യമായ ജിഇ എയ്റോസ്പേസിന്റെ എന്‍ജിനുകളും കരാറിന്റെ ഭാഗമാണ്. അമേരിക്കന്‍ വ്യോമയാന മേഖലയിലെ കമ്പനികള്‍ക്ക് വലിയ വാണിജ്യ നേട്ടമുണ്ടാക്കുന്നതാണ് ഈ ഇടപാടെന്നാണ് വിലയിരുത്തല്‍.
ഫിലിപ്പീന്‍സിന്റെ പ്രതിരോധ, സുരക്ഷാ ശേഷി വര്‍ധിപ്പിക്കുന്നതിനായി രണ്ട് ബില്യണ്‍ ഡോളറിലധികം വരുന്ന വായ്പാ പാക്കേജും അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കന്‍ വിതരണക്കാരില്‍നിന്ന് പ്രതിരോധ ഉപകരണങ്ങളും അനുബന്ധ സംവിധാനങ്ങളും വാങ്ങുന്നതിനാണ് വായ്പാ സഹായം നല്‍കുക. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
തായ്ലന്‍ഡുമായുള്ള വ്യാപാര കരാര്‍ ഒപ്പിടുന്നതോടെ 99 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും നിലവിലുള്ള ഇറക്കുമതി തീരുവ ഒഴിവാക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കന്‍ വാഹനങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍, എത്തനോള്‍, കോഴിയിറച്ചി തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വ്യാപാരത്തിന് തടസ്സമാകുന്ന തീരുവയിതര നിയന്ത്രണങ്ങളും നീക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു. ഇതിലൂടെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തായ്ലന്ഡ് വിപണിയില്‍ കൂടുതല്‍ പ്രവേശനസൗകര്യം ലഭിക്കുമെന്നാണ് പ്രതീക്ഷ.
Major deals with the Philippines and Thailand; White House confirms over $17 billion in investments secured.
















