‘കോഡ് ഓറഞ്ച്’, എൻഎസ്എയുടെ രഹസ്യ ആശയവിനിമയ ശൃംഖല തടസപ്പെട്ടു; കാമ്പസ് അടച്ച് ജീവനക്കാരോട് വിട്ടുനിൽക്കാൻ നിർദ്ദേശം

‘കോഡ് ഓറഞ്ച്’, എൻഎസ്എയുടെ രഹസ്യ ആശയവിനിമയ ശൃംഖല തടസപ്പെട്ടു; കാമ്പസ് അടച്ച് ജീവനക്കാരോട് വിട്ടുനിൽക്കാൻ നിർദ്ദേശം

വാഷിംഗ്ടൺ: നാഷണൽ സെക്യൂരിറ്റി ഏജൻസിയുടെ ആന്തരിക ആശയവിനിമയങ്ങൾക്കായി ഉപയോഗിക്കുന്ന അതീവ രഹസ്യമായ നെറ്റ്‌വർക്കായ ‘എൻ.എസ്.എ നെറ്റ്’ പ്രവർത്തനരഹിതമായതായി റിപ്പോർട്ട്. നെറ്റ്‌വർക്ക് പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച രാത്രിയോടെ അധികൃതർ ഏജൻസിയുടെ കാമ്പസ് അടച്ചുപൂട്ടുകയും അത്യാവശ്യ ജീവനക്കാരെ മാത്രം ജോലിക്ക് വിളിക്കുകയും ചെയ്തു. എൻ.എസ്.എ ജീവനക്കാർക്കായി സജ്ജീകരിച്ച വോയ്‌സ് മെയിൽ സന്ദേശങ്ങളെ അടിസ്ഥാനമാക്കി സി.എൻ.എൻ ആണ് ഈ വിവരം പുറത്തുവിട്ടത്.

ജീവനക്കാർക്ക് സാധാരണ പോലെ ജോലിക്ക് ഹാജരാകാം എന്ന് അറിയിച്ച് മണിക്കൂറുകൾക്കകമാണ് കാമ്പസ് അടയ്ക്കാനുള്ള പെട്ടെന്നുള്ള തീരുമാനം ഉണ്ടായത്. എന്ത് സാഹചര്യമാണ് ഈ മലക്കംമറിച്ചിലിന് കാരണമെന്ന് വ്യക്തമല്ല. പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ ജോലി സമയത്തിൽ നേരത്തെ മാറ്റങ്ങൾ വരുത്തിയിരുന്നു. ജീവനക്കാർക്കിടയിൽ രഹസ്യ വിവരങ്ങൾ കൈമാറാൻ സഹായിക്കുന്നതാണ് ഈ ശൃംഖല. എന്നാൽ സംഭവത്തിന് പിന്നിൽ സൈബർ ആക്രമണത്തിന് സാധ്യതയില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.

ആസൂത്രിതമായ പതിവ് അറ്റകുറ്റപ്പണികൾക്കിടയിലാണ് താൽക്കാലിക തടസ്സമുണ്ടായതെന്ന് എൻ.എസ്.എ പ്രസ്താവനയിലൂടെ അറിയിച്ചു. ചില ആന്തരിക സംവിധാനങ്ങളെ ഇത് ബാധിച്ചെങ്കിലും സുപ്രധാന പ്രവർത്തനങ്ങളെല്ലാം പൂർണ്ണ തോതിൽ പ്രവർത്തിക്കുന്നുണ്ടെന്നും ദേശീയ സുരക്ഷ ഉറപ്പാക്കാനുള്ള ശേഷി തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും ഏജൻസി വ്യക്തമാക്കി. പ്ലാൻ ചെയ്ത അറ്റകുറ്റപ്പണികൾക്കോ അപ്രതീക്ഷിത സംഭവങ്ങൾക്കോ ഇടയിലും പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടു കൊണ്ടുപോകാനുള്ള സംവിധാനങ്ങൾ എൻ.എസ്.എയിലുണ്ട്.

കഴിഞ്ഞ മാസം കണ്ടെത്തിയ സുരക്ഷാ വീഴ്ചകൾ പരിഹരിക്കുന്നതിനായി സോഫ്റ്റ്‌വെയർ പാച്ച് നടപ്പിലാക്കിയതാണ് എൻ.എസ്.എയിലുണ്ടായ തടസ്സത്തിന് കാരണമെന്ന് ഡയറക്ടർ ഓഫ് നാഷണൽ ഇൻ്റലിജൻസ് ജയ് ക്ലെയ്റ്റൺ ഫോക്സ് ബിസിനസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. പാച്ച് ചെയ്തതിന് ശേഷം ചില സംവിധാനങ്ങൾ പ്രതീക്ഷിച്ച പോലെ പ്രവർത്തിക്കാതെ വന്നതാണ് പ്രശ്നത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള വെബ്‌സൈറ്റുകളിൽ ഭൂരിഭാഗവും പ്രവർത്തിക്കുന്ന പി.എച്ച്.പി (PHP) പ്രോഗ്രാമിങ് ലാംഗ്വേജിലെ തകരാറുകളാണ് ഇതിന് കാരണം. ഇൻ്റലിജൻസ് സംവിധാനങ്ങളിലെ തടസ്സങ്ങൾക്കൊന്നും തന്നെ സൈബർ ആക്രമണവുമായി ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏഷ്യൻ സന്ദർശനത്തിനിടയിൽ ആയിരിക്കുമ്പോൾ അദ്ദേഹത്തിന് അടിയന്തര രഹസ്യ വിവരങ്ങൾ കൈമാറുന്നതിന് ഈ തടസ്സങ്ങൾ ഒരു തരത്തിലും ബാധിക്കില്ലെന്ന് നിലവിലുള്ളതും മുൻകാലവുമായ യു.എസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിലവിൽ ഫിലിപ്പീൻസിലുള്ള പ്രസിഡന്റ് നാളെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ എന്നിവരുമായുള്ള ചർച്ചകൾക്കായി ചൈനയിലേക്ക് തിരിക്കാനിരിക്കെ സുരക്ഷിതമായ ആശയവിനിമയത്തിനായി നിരവധി ബാക്ക്-അപ്പ് നെറ്റ്‌വർക്കുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ ജീവനക്കാർക്കായി നൽകിയ വോയ്‌സ് മെയിൽ സന്ദേശത്തിൽ ‘കോഡ് യെല്ലോ’ (code yellow) പ്രഖ്യാപിച്ചതായി അറിയിച്ചിരുന്നു. തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരത്തോടെ ജീവനക്കാർക്ക് സാധാരണ പോലെ ജോലിക്കെത്താൻ നിർദ്ദേശം നൽകി ‘കോഡ് ഗ്രീൻ’ ആയി മാറിയെങ്കിലും, രാത്രിയോടെ സ്ഥിതിഗതികൾ മാറിമറിഞ്ഞു. കാമ്പസ് വീണ്ടും അടച്ചിടുന്നതായി അറിയിച്ച് ‘കോഡ് ഓറഞ്ച്’ പ്രഖ്യാപിക്കുകയായിരുന്നു. രാജ്യത്ത് വിമാന സർവീസുകളെയും പ്രമുഖ കോർപ്പറേഷനുകളെയും ബാധിച്ച സാങ്കേതിക തകരാറുകൾക്ക് പിന്നാലെയാണ് അമേരിക്കയുടെ ഏറ്റവും ശക്തമായ രഹസ്യന്വേഷണ ഏജൻസിയിലും സാങ്കേതിക തടസ്സമുണ്ടായിരിക്കുന്നത്.

Share Email
LATEST excelnclexrn
Top