സാന്‍ഫ്രാന്‍സിസ്കോ: കാലിഫോര്‍ണിയയില്‍ അതിശക്തമായ മഴയും വെള്ളപ്പൊക്കവും. ഇതേ തുടര്‍ന്ന് സംസ്ഥാനത്തെ ജനജീവിതം താറുമാറാക്കി. ബുധനാഴ്ചയുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് സാന്‍ഫ്രാന്‍സിസ്കോ ബേ ഏരിയയിലും സമീപ പ്രദേശങ്ങളിലും നിരവധി റോഡുകള്‍ വെള്ളത്തിനടിയിലായി. മരങ്ങള്‍ കടപുഴകി വീഴുകയും വിവിധയിടങ്ങളില്‍ അവശിഷ്ടങ്ങള്‍ റോഡുകളില്‍ ഒഴുകിയെത്തുകയും ചെയ്തു.
ബുധനാഴ്ച രാവിലെ ബേ ഏരിയയിലാണ് ഏറ്റവും ശക്തമായ മഴ അനുഭവപ്പെട്ടത്. കനത്ത മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. റോഡുകളില്‍ വെള്ളം കയറിയതോടെ നിരവധി വാഹനയാത്രക്കാര്‍ ദുരിതത്തിലായി. മരങ്ങള്‍ വീണതും റോഡുകളില്‍ മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും അടിഞ്ഞുകൂടിയതും ഗതാഗത തടസം രൂക്ഷമാക്കി.
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് വേമോ സര്‍വീസുകള്‍ ബുധനാഴ്ച ബേ ഏരിയയിലെ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. യാത്രക്കാരുടെയും റോഡിലൂടെ സഞ്ചരിക്കുന്ന മറ്റ് ആളുകളുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. കാലാവസ്ഥാ സാഹചര്യം കണക്കിലെടുത്താണ് സര്‍വീസ് നിര്‍ത്തിവെക്കാനുള്ള തീരുമാനമെന്നും കമ്പനി വ്യക്തമാക്കി.
കാലിഫോര്‍ണിയ തീര മേഖലയിലേക്ക് മഴ കൂടുതല്‍ ശക്തമാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ബുധനാഴ്ച വൈകുന്നേരത്തോടെ മോണ്ടെറി, സാന്‍ ലൂയിസ് ഒബിസ്പോ മേഖലകളിലേക്കും തുടര്‍ന്ന് രാത്രി മുതല്‍ വ്യാഴാഴ്ച പുലര്‍ച്ചെ വരെ സാന്താ ബാര്‍ബറ, ലോസ് ആഞ്ചലസ് മേഖലകളിലേക്കും കനത്ത മഴ നീങ്ങുമെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച രാവിലെ ലോസ് ആഞ്ചലസ് മേഖലയിലും ബേ ഏരിയയിലും സാക്രമെന്റോയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. സാന്‍ ജോസെ മുതല്‍ ലോസ് ആഞ്ചലസ് കൗണ്ടി വരെയുള്ള പ്രദേശങ്ങളില്‍ രണ്ടു മുതല്‍ നാലു ഇഞ്ച് വരെ മഴ ലഭിക്കാമെന്നും ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇതിലും കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചിക്കുന്നു.
Heavy rain and flooding; roads closed in the San Francisco Bay Area, Waymo taxi service suspended.
















