യു.എസ്. ഇടക്കാല തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രെസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജനപ്രീതിയിൽ വൻ ഇടിവുണ്ടായതായി വാൾ സ്ട്രീറ്റ് ജേർണൽ സർവേ. 37 ശതമാനം പേരുടെ പിന്തുണ മാത്രമുള്ള ട്രംപിന്റെ പ്രവർത്തനങ്ങളിൽ 61 ശതമാനം പേരും അതൃപ്തി പ്രകടിപ്പിച്ചു. കഴിഞ്ഞ 36 വർഷത്തിനിടെ ഒരു ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.എസ്. പ്രസിഡന്റിന് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ ജനപ്രീതിയാണിത്.
റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനും വിലക്കയറ്റം നിയന്ത്രിക്കാനുമുള്ള വാഗ്ദാനങ്ങൾ പാലിക്കാത്തതും ഇറാന് എതിരായ സൈനിക നടപടിയും വർധിച്ചുവരുന്ന ഇന്ധനവിലയുമാണ് തിരിച്ചടിക്ക് കാരണം. റോയിട്ടേഴ്സ്/ഇപ്സോസ് കണക്കുപ്രകാരം ട്രംപിന്റെ ജനപ്രീതി 47-ൽ നിന്ന് 32 ശതമാനമായും റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകർക്കിടയിലെ പിന്തുണ 82-ൽ നിന്ന് 73 ശതമാനമായും കുറഞ്ഞു.
ജീവിതച്ചെലവ് കൈകാര്യം ചെയ്യുന്നതിലെ പ്രകടനത്തെ പിന്തുണയ്ക്കുന്നവർ 17 ശതമാനമായി ഇടിഞ്ഞിട്ടുണ്ട്. സ്വന്തം പാർട്ടിയിലടക്കം പിന്തുണ കുറയുന്നത് വൈറ്റ് ഹൗസിന് തിരിച്ചടിയാകുന്നതിനിടെ, നവംബർ മൂന്നിന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ തന്നെ സ്ഥാനാർഥിയായി സങ്കൽപ്പിച്ച് വോട്ട് ചെയ്യണമെന്ന് ട്രംപ് അനുയായികളോട് അഭ്യർത്ഥിച്ചു.
















