Caritas hospital

സന്തോഷമെന്ന് അച്ഛൻ, അഭിമാനമെന്ന് അമ്മ, അഭിനന്ദിച്ച് മുഖ്യമന്ത്രിയടക്കമുള്ളവർ; വിദർശയുടെ വെള്ളി മെഡൽനേട്ടം ആഘോഷമാക്കി മലയാളക്കര

സന്തോഷമെന്ന് അച്ഛൻ, അഭിമാനമെന്ന് അമ്മ, അഭിനന്ദിച്ച് മുഖ്യമന്ത്രിയടക്കമുള്ളവർ; വിദർശയുടെ വെള്ളി മെഡൽനേട്ടം ആഘോഷമാക്കി മലയാളക്കര

കോഴിക്കോട്: ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ വെള്ളി മെഡൽ നേട്ടത്തിലൂടെ ചരിത്രം കുറിച്ച് കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ വിദർശ കെ. വിനോദ്. ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിലെ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് വിദർശയും സംഘവും വെള്ളി മെഡൽ കരസ്ഥമാക്കിയത്. ഷൂട്ടിങ് വിഭാഗത്തിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിത എന്ന അപൂർവ നേട്ടവും ഇതോടെ വിദർശ സ്വന്തമാക്കി. കോഴിക്കോട് തിരുവമ്പാടി കൊച്ചാലുങ്കൽ വിനോദിന്റെയും അനിത വിനോദിന്റെയും മകളാണ് വിദർശ.

എളവേണിൽ വാളറിവൻ, വിദർശ വിനോദ്, സോനം മസ്‌കർ എന്നിവരടങ്ങിയ ടീമാണ് ഈ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ മെഡൽ കരസ്ഥമാക്കിയത്. ഞായറാഴ്ച നഗോയയിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ സംഘം ആകെ 1898.0 പോയിന്റുകൾ നേടിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. 1904.2 എന്ന ലോക റെക്കോർഡ് സ്‌കോറോടെ ചൈന സ്വർണവും ജപ്പാൻ വെങ്കലവും നേടി. ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ 22 മെഡലുകൾ നേടി ചരിത്രം കുറിച്ച ഇന്ത്യൻ ഷൂട്ടിങ് സംഘത്തിന് ഐച്ചി-നഗോയയിലും മികച്ച തുടക്കമാണ് ഈ വെള്ളി മെഡൽ നൽകിയിരിക്കുന്നത്.

മകളുടെ ചരിത്ര നേട്ടത്തിൽ വലിയ സന്തോഷവും അഭിമാനവുമുണ്ടെന്ന് അച്ഛൻ വിനോദും അമ്മ അനിതയും പ്രതികരിച്ചു. മെഡൽ പ്രതീക്ഷിച്ചിരുന്നുവെങ്കിലും 50 മീറ്ററാണ് വിദർശയുടെ പ്രധാന ഈവന്റെന്നും 10 മീറ്ററിൽ പ്രതീക്ഷിച്ചിരുന്നില്ലെന്നും പിതാവ് പറഞ്ഞു. ഗുരുവായൂരപ്പൻ കോളേജിൽ പഠിക്കുമ്പോഴാണ് മകളുടെ കഴിവ് തിരിച്ചറിഞ്ഞതെന്നും തുടർന്ന് തൊണ്ടയാട് റൈഫിൾ ക്ലബിൽ പരിശീലനം നൽകുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മകളുടെ വലിയ നേട്ടം നാട്ടുകാരും വീട്ടുകാരും കേക്ക് മുറിച്ചും മധുരം നൽകിയുമാണ് ആഘോഷിച്ചത്.

ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ വെള്ളി മെഡൽ നേടി ചരിത്രമെഴുതിയ വിദർശ കെ. വിനോദിനെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഫോണിൽ വിളിച്ച് അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു. രാജ്യത്തിനായി ഇനിയും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ വിദർശയ്ക്ക് സാധിക്കട്ടെയെന്ന് ആശംസകൾ ഉയരുന്നുണ്ട്.

Share Email
LATEST excelnclexrn
Top