എഐ വികസനത്തിന് പൂർണ്ണ പിന്തുണയുമായി ട്രംപ്; ‘എഐ ഫോഴ്സും’ പുതിയ പ്രതിനിധിയെയും പ്രഖ്യാപിക്കും

എഐ വികസനത്തിന് പൂർണ്ണ പിന്തുണയുമായി ട്രംപ്; ‘എഐ ഫോഴ്സും’ പുതിയ പ്രതിനിധിയെയും പ്രഖ്യാപിക്കും

വാഷിംഗ്ടണ്‍: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മനുഷ്യരാശിക്കും നിലനിൽപ്പിനും ഭീഷണിയാകുമെന്ന മുന്നറിയിപ്പുകളെ പൂർണ്ണമായും തള്ളിക്കളഞ്ഞ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എഐ സാങ്കേതികവിദ്യയുടെ വേഗത്തിലുള്ള വളർച്ചയെ തടസ്സപ്പെടുത്തില്ലെന്ന് പ്രഖ്യാപിച്ച ട്രംപ്, മേഖലയുടെ മേൽനോട്ടത്തിനായി ‘എഐ ഫോഴ്സ്’ രൂപീകരിക്കുമെന്നും പുതിയ ‘എഐ സാറിനെ’ ഉടൻ നിയമിക്കുമെന്നും അറിയിച്ചു. തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം പരസ്യമാക്കിയത്.

ആദ്യ ഭരണകാലത്ത് സൈന്യത്തിന് കീഴിൽ ‘സ്പേസ് ഫോഴ്സ്’ രൂപീകരിച്ച മാതൃകയിലാണ് എഐ ഫോഴ്സും നിലവിൽ വരിക. സാങ്കേതികവിദ്യയുടെ വളർച്ചയ്ക്ക് അമേരിക്ക യാതൊരുവിധ തടസ്സവും സൃഷ്ടിക്കില്ലെന്നും, വ്യവസായത്തെ പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ സിവിൽ-ക്രിമിനൽ നിയമസംവിധാനങ്ങൾ ഉപയോഗിച്ച് തന്നെ എഐ ദുരുപയോഗങ്ങൾ തടയാൻ സാധിക്കുമെന്നാണ് ട്രംപിന്റെ നിലപാട്. എഐ ഒരു മഹാവിപത്താണെന്ന വാദങ്ങൾ തള്ളിക്കളഞ്ഞ അദ്ദേഹം, അതിനെ അടുത്ത വ്യവസായ വിപ്ലവത്തോട് സാമ്യപ്പെടുത്തി.

ഭാവിയിൽ അമേരിക്കൻ ജിഡിപിയുടെ 25 ശതമാനത്തോളം എഐ മേഖലയിൽ നിന്നായിരിക്കുമെന്നും ചൈനയുമായുള്ള സാങ്കേതിക മത്സരത്തിൽ അമേരിക്കയെ മുന്നിൽ നിർത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ഡിസംബറിൽ ഡേവിഡ് സാക്സിനെ എഐ, ക്രിപ്റ്റോ സാറായി നിയോഗിച്ചിരുന്നെങ്കിലും മാർച്ച് മാസത്തോടെ അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചിരുന്നു. എഐ സുരക്ഷ സംബന്ധിച്ച് അന്താരാഷ്ട്ര തലത്തിലും ടെക് സി.ഇ.ഒമാർക്കിടയിലും ആശങ്കകൾ ശക്തമാകുന്നതിനിടയിലാണ് ട്രംപിന്റെ ഈ പുതിയ നീക്കം. എഐ സുരക്ഷയ്ക്കായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ചൈനയുമായുള്ള മത്സരത്തിൽ രാജ്യത്തെ പിന്നോട്ടടിക്കുമെന്ന വിലയിരുത്തലിലാണ് വൈറ്റ് ഹൗസ്.

Share Email
LATEST excelnclexrn
More Articles
Top