മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ കേസിൽ കോൺഗ്രസ് ഡി.സി.സി മുൻ അംഗം ചേന്തി അനിലിന് വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണമെന്ന ഉപാധിയിലാണ് കോടതി ജാമ്യം നൽകിയിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും സമാന കുറ്റകൃത്യങ്ങൾ ആവർത്തിക്കരുതെന്നും കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ചേന്തി ശ്രീ നാരായണ സാംസ്കാരിക നിലയത്തിലെ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് ചേന്തി അനിലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കൈകാണിച്ച് നിർത്തുകയായിരുന്നു. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, തടഞ്ഞുവെക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്ത പൊലീസ് അനിലിനെ അറസ്റ്റ് ചെയ്തു. ഇതിനുപിന്നാലെ ചേന്തി അനിലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
അനിലിന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിന് ശേഷം ഭാരതീയ ന്യായ സംഹിതയിലെ 61 (2) വകുപ്പ് അനുസരിച്ച് പൊലീസ് ഗൂഢാലോചനക്കുറ്റവും ചുമത്തിയിരുന്നു. എന്നാൽ താൻ മുഖ്യമന്ത്രിയെ തടയാൻ ശ്രമിച്ചിട്ടില്ലെന്നും വഴിയിൽ വാഹനം നിർത്തി അദ്ദേഹം സ്വയം പുറത്തിറങ്ങുകയായിരുന്നു എന്നുമാണ് കോടതിയിൽ ഹാജരാക്കിയപ്പോൾ അനിൽ പറഞ്ഞത്. നേരത്തെ അനിലിനെ നേരിട്ട് ഹാജരാക്കാൻ കോടതി ഉത്തരവിട്ടിരുന്നു.

















