വാഷിംഗ്ടണ്‍: ഇറാന്‍- അമേരിക്ക സംഘര്‍ഷത്തിന്റെ ഭാഗമായി ഇറാന്റെ ആക്രമണങ്ങളില്‍ മിഡില്‍ ഈസ്റ്റിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് വ്യാപക നാശനഷ്ടമുണ്ടായതായി വ്യക്തമാകുന്ന ചിത്രങ്ങള്‍ പുറത്തു വന്നു. എബിസി ന്യൂാണ് ഈ ചിത്രങ്ങള്‍ പുറത്തുവിട്ടത്. കുവൈറ്റിലെ മൂന്ന് യുഎസ് താവളങ്ങളിലും യുഎസ് സൈനിക സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്ന സൗദി അറേബ്യയിലെ ഒരു താവളത്തിലുമാണ് കെട്ടിടങ്ങള്‍ക്കും ഒരു വിമാനത്തിനും കേടുപാടുകള്‍ സംഭവിച്ചതായി ചിത്രങ്ങളില്‍ കാണുന്നത്. സംഘര്‍ഷത്തിനിടെ ഇറാന്റെ ആക്രമണ ഭീഷണി കണക്കിലെടുത്ത് ചില സൈനികരെയും ജീവനക്കാരെയും ഈ താവളങ്ങളില്‍ നിന്ന് നേരത്തെ തന്നെ മാറ്റിയിരുന്നു.

കുവൈത്ത്, ബഹ്‌റൈന്‍, ഖത്തര്‍, യുഎഇ, സൗദി അറേബ്യ, ഇറാഖ്, ഒമാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ വ്യാപ്തി സംബന്ധിച്ച് പെന്റഗണ്‍ ഇതുവരെ വിശദമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഉപഗ്രഹ ചിത്രങ്ങളില്‍ ആക്രമണങ്ങളുടെ ആഘാതം തുടര്‍ച്ചയായി വ്യക്തമായിട്ടുണ്ട്. ഇറാന്റെ ആക്രമണങ്ങള്‍ക്ക് സാധ്യതയുള്ള താവളങ്ങളില്‍ നിന്ന് യുദ്ധം ആരംഭിക്കുന്നതിന് മുമ്പുതന്നെ സൈനികരെ മാറ്റാനുള്ള മുന്‍കരുതല്‍ നടപടികളും പ്രതിരോധ വകുപ്പ് സ്വീകരിച്ചിരുന്നു. താവളങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ ഏറെ കാത്തിരിപ്പ് വേണ്ടിവരുമെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.
ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചതിന് ശേഷം 18 യുഎസ് സൈനികര്‍ കൊല്ലപ്പെടുകയും 824 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രതിരോധ വകുപ്പ് അറിയിച്ചു. പെന്റഗണ്‍ ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ട് പ്രകാരം മിഡില്‍ ഈസ്റ്റിലെ വിവിധ യുഎസ് സൈനിക കേന്ദ്രങ്ങളിലായി നൂറുകണക്കിന് കെട്ടിടങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.ഏപ്രിലിലെ വെടിനിര്‍ത്തലിന് ശേഷം യുഎസും ഇറാനും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടം ഇടവിട്ടാണ് തുടരുന്നത്. ഹോര്‍മുസ് കടലിടുക്കിന്റെ തീരപ്രദേശങ്ങളിലെ എണ്ണ കേന്ദ്രങ്ങള്‍ക്കു നേരെയാണ് യുഎസ് പ്രധാനമായും ആക്രമണം നടത്തുന്നതെന്നും, ഇറാന്‍ ജോര്‍ദാന്‍, ബഹ്‌റൈന്‍, ഇറാഖ്, ഖത്തര്‍ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങളെ ലക്ഷ്യമിടുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജൂലൈയില്‍ ഇറാന്റെ ആക്രമണങ്ങളില്‍ ജോര്‍ദാനില്‍ മൂന്ന് യുഎസ് സൈനികരും ഇറാഖില്‍ ഒരാളും കൊല്ലപ്പെട്ടു. മിഡില്‍ ഈസ്റ്റിലെ തുടര്‍ച്ചയായ ആക്രമണങ്ങളുടെ യഥാര്‍ഥ വ്യാപ്തി പെന്റഗണ്‍ പുറത്തുവിടുന്നില്ലെന്ന ആരോപണവും ഒരു യുഎസ് സൈനിക ഉദ്യോഗസ്ഥന്‍ ഉന്നയിച്ചു. ദിവസേന ഡ്രോണ്‍, ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ താവളങ്ങളില്‍ പതിക്കുന്നുണ്ടെങ്കിലും സ്ഥിതിഗതികള്‍ ഗൗരവമുള്ളതല്ലെന്ന രീതിയിലാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Widespread damage to US military bases in the Middle East; images released.
















