ജാക്‌സണ്‍: മിസിസിപ്പിയില്‍ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ 29കാരിയായ ടാസിയ ഫോര്‍ച്യൂണി എന്ന യുവതിയുടെ മരണത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. നാല് കുട്ടികളുടെ അമ്മയായ ഫോര്‍ച്യൂണിന്റെ മൃതദേഹം ഓഗസ്റ്റ് മൂന്നിന് ് ജാക്‌സണിലെ ഒഴിഞ്ഞുകിടന്ന വീടിന് പിന്നിലെ മരത്തിലാണ് കണ്ടെത്തിയത്.
മരണത്തെക്കുറിച്ചുള്ള അന്വേഷണം നടത്തിയ മെഡിക്കല്‍ എക്‌സാമിനര്‍ ഓഫീസ് വ്യാഴാഴ്ചയാണ് ഇത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതെന്ന് ജാക്‌സണ്‍ പൊലീസ് മേധാവി റാഷല്‍ ബ്രാക്ക്‌നി പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി ഏകദേശം ഒരു മാസത്തിന് ശേഷമാണ് മരണത്തിന്റെ സ്വഭാവം ഔദ്യോഗികമായി നിര്‍ണയിച്ചത്. ഇതിന് പിന്നാലെ അന്വേഷണ സംഘം നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു.
പ്രതിക്കെതിരെ രണ്ട് പരിശോധനാ വാറന്റുകളും അറസ്റ്റ് വാറന്റും നേടിയതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്ക് ഫോര്‍ച്യൂണുമായി ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കുമെന്നും പൊലീസ് മേധാവി വ്യക്തമാക്കി.
ഫോര്‍ച്യൂണിന്റെ മൃതദേഹം കണ്ടെത്തുമ്പോള്‍ വിവിധ ഘട്ടങ്ങളിലായുള്ള ജീര്‍ണാവസ്ഥയിലായിരുന്നുവെന്ന് ബ്രാക്ക്‌നി പറഞ്ഞു. യുവതി എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മൃതദേഹം മരത്തില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയതെന്ന വിവരം മാത്രമാണ് പൊലീസ് സ്ഥിരീകരിച്ചത്. ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
മിസിസിപ്പിയുടെ ചരിത്രം കണക്കിലെടുത്ത് സംഭവം വലിയ ആശങ്കകള്‍ക്കും ചോദ്യങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ടെന്ന് ബ്രാക്ക്‌നി പറഞ്ഞു. കേസ് വിശാലമായ പശ്ചാത്തലത്തില്‍ നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും ഉയരുന്ന ആശങ്കകള്‍ പൊലീസ് ഗൗരവമായി കാണുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍, അന്വേഷണത്തില്‍ ലഭിക്കുന്ന തെളിവുകളും വസ്തുതകളും അടിസ്ഥാനമാക്കിയുള്ള വിവരങ്ങള്‍ മാത്രമേ പൊലീസ് പുറത്തുവിടുകയുള്ളൂവെന്നും ബ്രാക്ക്‌നി കൂട്ടിച്ചേര്‍ത്തു.
Woman’s body found hanging from a tree in Mississippi; one person arrested.

















