വാഷിംഗ്ടണ്‍: അമേരിക്കന്‍ സന്ദര്‍ശനത്തിനായി എത്തുന്ന ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനായി അടുത്തയാഴ്ച വൈറ്റ് ഹൗസില്‍ ഒരുക്കുന്ന ഔദ്യോഗിക വിരുന്നില്‍ പ്രമുഖ അമേരിക്കന്‍ ടെക് കമ്പനികളുടെ മേധാവികള്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. എന്‍വിഡിയ സിഇഒ ജെന്‍സന്‍ ഹുവാങ്, ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാന്‍ എന്നിവര്‍ക്കൊപ്പം ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, ടെസ്ല-സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക്, ആപ്പിള്‍ സിഇഒ ടിം കുക്ക്, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ എന്നിവരും വിരുന്നില്‍ പങ്കെടുക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഷി ജിന്‍പിങ്ങും തമ്മിലുള്ള ചര്‍ച്ചകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രധാന വിഷയമാകുമെന്നാണ് വിലയിരുത്തല്‍. അതിവേഗം വളരുന്ന എഐ രംഗത്ത് നിലവില്‍ അമേരിക്കയും ചൈനയുമാണ് പ്രധാന ശക്തികള്‍. സാങ്കേതിക മുന്നേറ്റത്തില്‍ ചൈന അമേരിക്കയെ മറികടക്കുമെന്ന ആശങ്കയാണ് യുഎസിലെ എഐ നയചര്‍ച്ചകളില്‍ പ്രധാനമായും ഉയരുന്നത്.
ചൈനയുടെ എഐ മുന്നേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അത്യാധുനിക സെമികണ്ടക്ടര്‍ ചിപ്പുകളിലേക്കുള്ള ചൈനയുടെ പ്രവേശനം പരിമിതപ്പെടുത്താന്‍ അമേരിക്ക നേരത്തെ കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്‍വിഡിയ ഉള്‍പ്പെടെയുള്ള കമ്പനികള്‍ നിര്‍മിക്കുന്ന ഉയര്‍ന്ന ശേഷിയുള്ള ചിപ്പുകള്‍ക്ക് ചൈനയിലേക്കുള്ള കയറ്റുമതിയിലും നിയന്ത്രണങ്ങളുണ്ട്. അതേസമയം, എഐ രംഗത്ത് അമേരിക്കയും ചൈനയും തമ്മിലുള്ള സാങ്കേതിക വ്യത്യാസം ചൈന വേഗത്തില്‍ കുറച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
എഐ വികസനത്തിന് ആഗോള സുരക്ഷാ മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തണമെന്ന ആവശ്യം വ്യവസായ മേഖലയിലെ ചില പ്രമുഖരും ഉയര്‍ത്തിയിട്ടുണ്ട്. മുന്‍ ആന്ത്രോപിക് ഗവേഷകന്‍ ജേക്കബ് കോക്‌സണ്‍ എഐ വികസനവുമായി ബന്ധപ്പെട്ട ഗുരുതരമായ അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെയിയും ജാഗ്രതയും വികസന വേഗതയെക്കുറിച്ചുള്ള പുനഃപരിശോധനയും ആവശ്യപ്പെട്ടു. സാം ആള്‍ട്ട്മാന്‍, ഇലോണ്‍ മസ്‌ക്, ഗൂഗിള്‍ ഡീപ് മൈന്‍ഡ് മേധാവി ഡെമിസ് ഹസാബിസ് എന്നിവരും എഐ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ വിവിധ ഘട്ടങ്ങളില്‍ ഉന്നയിച്ചിട്ടുണ്ട്.
എന്നാല്‍ എഐ യെക്കുറിച്ചുള്ള ആശങ്കകളെ ട്രംപ് ഈ ആഴ്ച തള്ളിക്കളഞ്ഞു. ചൈനയെക്കാള്‍ മുന്നില്‍ തുടരാന്‍ അമേരിക്കന്‍ കമ്പനികള്‍ AI വികസനം തുടര്‍ന്നുകൊണ്ടിരിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ചൈനീസ് നയരൂപീകരണത്തില്‍ ഡീപ്ഫേക്ക്, കുട്ടികളുടെ സുരക്ഷ തുടങ്ങിയ അടിയന്തര അപകടസാധ്യതകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, എഐ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകാമെന്ന് ചൈനയുടെ രഹസ്യാന്വേഷണ ഏജന്‍സി മേധാവിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഷി-ട്രംപ് ചര്‍ച്ചകളില്‍ ഇരു രാജ്യങ്ങള്‍ക്കും സാങ്കേതിക മേഖലയില്‍ സഹകരണത്തിനുള്ള സാധ്യത എത്രത്തോളം കണ്ടെത്താനാകുമെന്നത് ശ്രദ്ധേയമാകും.
Xi-Trump Meeting: Prominent Tech Executives Invited to White House Dinner
















