വാഷിംഗ്ടൺ: മിനിയാപോളിസിൽ വെച്ച് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ വെടിയേറ്റു കൊല്ലപ്പെട്ട അമേരിക്കൻ പൗരൻ അലക്സ് പ്രെട്ടിയുടെ മാതാപിതാക്കൾ നീതി തേടി രംഗത്ത്. മകന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നീതിന്യായ വകുപ്പ് ഫെഡറൽ ഇരകളുടെ അവകാശ നിയമങ്ങൾ ലംഘിച്ചുവെന്ന് മൈക്കലും സൂസൻ പ്രെട്ടിയും ആരോപിച്ചു. ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ സമീപനം അതീവ ക്രൂരമാണെന്ന് ചൂണ്ടിക്കാട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാൻഞ്ചിന് കുടുംബത്തിന്റെ അഭിഭാഷകൻ കത്തയച്ചു. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം നടപടികൾ നിയമവിരുദ്ധവും മനഃസാക്ഷിക്ക് നിരക്കാത്തതുമാണെന്ന് കത്തിൽ വ്യക്തമാക്കുന്നു.
കേസുമായി ബന്ധപ്പെട്ട തെളിവുകൾ ഫെഡറൽ ഉദ്യോഗസ്ഥർ കൈമാറിയതായി ഹെന്നിപിൻ കൗണ്ടി അറ്റോർണി മാരി മോറിയാർട്ടി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. എന്നാൽ, മിനസോട്ട ഡിസ്ട്രിക്റ്റ് യു.എസ് അറ്റോർണി ഡാൻ റോസനുമായി പ്രെട്ടിയുടെ കുടുംബം കൂടിക്കാഴ്ച നടത്തിയെങ്കിലും യാതൊരു വിവരവും നൽകാൻ അദ്ദേഹം തയ്യാറായില്ല. പല കാരണങ്ങളാൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായത്. മകന്റെ വിയോഗത്തെയുടർന്ന് തങ്ങൾ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകൾക്ക് ഫെഡറൽ അധികൃതരുടെ ഈ സുതാര്യതയില്ലായ്മ ആഘാതം വർദ്ധിപ്പിച്ചതായി കുടുംബം ആരോപിച്ചു.
ഫെഡറൽ അന്വേഷണ ഉദ്യോഗസ്ഥർ തെളിവുകൾ പങ്കുവെക്കാതെ സഹകരണം അവസാനിപ്പിച്ചതായി മിനസോട്ട അറ്റോർണി ജനറൽ കീത്ത് എലിസൺ വ്യക്തമാക്കി. ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിനെതിരെ നിലവിൽ നിയമപോരാട്ടം നടത്തിവരികയാണെന്നും അദ്ദേഹം സി.എൻ.എൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കഴിഞ്ഞ ജനുവരിയിൽ ട്രംപ് ഭരണകൂടത്തിന്റെ ഇമിഗ്രേഷൻ പരിശോധനയ്ക്കിടെയാണ് 37 കാരനായ ഐ.സി.യു നഴ്സ് അലക്സ് പ്രെറ്റി കൊല്ലപ്പെടുന്നത്. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും വീഡിയോയിൽ പതിഞ്ഞിരുന്നു. പ്രെറ്റി ഉദ്യോഗസ്ഥരെ ആക്രമിച്ചുവെന്നായിരുന്നു അന്നത്തെ ഡി.എച്ച്.എസ് സെക്രട്ടറി കൃസ്റ്റി നോം ഉൾപ്പെടെയുള്ള ഉന്നതരുടെ വാദം. എന്നാൽ ഇതിന് വിരുദ്ധമാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനും മകന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനും മാധ്യമങ്ങളെ കണ്ട് ഔദ്യോഗികമായി കാര്യങ്ങൾ വിശദീകരിക്കാനൊരുങ്ങുകയാണ് കുടുംബവും അവരുടെ നിയമസംഘവും.



















