വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കേന്ദ്ര മുന്നറിയിപ്പ്; ലോഗ് ഔട്ട് ചെയ്തില്ലെങ്കിൽ അക്കൗണ്ട് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത

വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കേന്ദ്ര മുന്നറിയിപ്പ്; ലോഗ് ഔട്ട് ചെയ്തില്ലെങ്കിൽ അക്കൗണ്ട് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത
Share Email

കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ നാഷണൽ സൈബർ ക്രൈം ത്രെട്ട് അനലിറ്റിക്സ് യൂണിറ്റ് സുരക്ഷാ മുന്നറിയിപ്പ് നൽകി. ഉപയോഗശേഷം കൃത്യമായി ലോഗ് ഔട്ട് ചെയ്തില്ലെങ്കിൽ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നാണ് നിർദ്ദേശം. ബ്രൗസർ ടാബ് അടച്ചതുകൊണ്ട് മാത്രം അക്കൗണ്ട് ലോഗ് ഔട്ട് ആകില്ലെന്നും, ഇതേ സിസ്റ്റം പിന്നീട് ഉപയോഗിക്കുന്നവർക്കോ സൈബർ തട്ടിപ്പുകാർക്കോ അക്കൗണ്ടിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാനാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇതിലൂടെ സ്വകാര്യ ചാറ്റുകളും കോൺടാക്റ്റ് വിവരങ്ങളും ചോർത്താനും ഉപയോക്താവിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പുകൾ നടത്താനും സാധ്യതയുണ്ട്.

ഓഫീസ് കമ്പ്യൂട്ടറുകൾ, നെറ്റ് കഫേകൾ, മറ്റുള്ളവരുമായി പങ്കിടുന്ന സിസ്റ്റങ്ങൾ എന്നിവയിൽ വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും അത്യവശ്യഘട്ടങ്ങളിൽ ഇൻകോഗ്നിറ്റോ മോഡ് ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്. ബാങ്ക് വിവരങ്ങളോ ഔദ്യോഗിക രേഖകളോ പോലുള്ള രഹസ്യവിവരങ്ങൾ വാട്‌സ്ആപ്പ് വെബ് വഴി കൈമാറുന്നതും ഒഴിവാക്കണം. അക്കൗണ്ടിൽ അസ്വാഭാവിക നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മൊബൈൽ ആപ്പിലെ ‘Linked Devices’ പരിശോധിച്ച് സംശയാസ്പദമായ ഡിവൈസുകൾ നീക്കം ചെയ്യണം.

സൈബർ തട്ടിപ്പുകൾക്ക് ഇരയായാൽ ഉടൻ തന്നെ 1930 എന്ന ദേശീയ സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ നമ്പറിലോ cybercrime.gov.in എന്ന പോർട്ടൽ വഴിയോ പരാതി നൽകണമെന്നും അധികൃതർ അറിയിച്ചു.

Share Email
LATEST excelnclexrn
More Articles
Top