തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇ.പി. ജയരാജൻ രംഗത്തെത്തിയതോടെ ഇരുനേതാക്കളും പരസ്പരം ഉന്നയിച്ച പരാതികൾ അന്വേഷിക്കാൻ പാർട്ടി കമ്മീഷനെ നിയോഗിച്ചു. സ്വർണ്ണക്കടത്തുകാരനുമായി ചേർന്ന് പി. ജയരാജൻ ഇടുക്കി മാങ്കുളത്ത് ‘ഗ്രാൻഡ് ക്ലിഫ്’ എന്ന റിസോർട്ട് നടത്തുന്നുവെന്നും സ്വർണ്ണം പൊട്ടിക്കൽ ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്നും ഇ.പി. ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിന് നൽകിയ കത്തിൽ ആരോപിക്കുന്നു. ഇ.പിക്കെതിരായ വൈദേകം റിസോർട്ട് വിവാദവും പി. ജയരാജനെതിരായ പുതിയ ആക്ഷേപങ്ങളും ചേർത്ത് അന്വേഷിക്കാൻ കെ.എൻ. ബാലഗോപാലിനെയും ടി.പി. രാമകൃഷ്ണനെയും പാർട്ടി ചുമതലപ്പെടുത്തി.
മാങ്കുളത്തെ റിസോർട്ടിന്റെ പങ്കാളികളിൽ ഒരാൾ സ്വർണ്ണക്കടത്തുകാരനാണെന്നും ദുബായിലെ ബോർഡ് മീറ്റിംഗിൽ പി. ജയരാജൻ അധ്യക്ഷത വഹിക്കുന്ന ചിത്രങ്ങളുണ്ടെന്നും ഇ.പി. ജയരാജന്റെ കത്തിൽ പറയുന്നു. ഇക്കാര്യത്തിൽ ഇടുക്കി ജില്ലാ കമ്മിറ്റിയും പാർട്ടിക്ക് പരാതി നൽകിയിട്ടുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. പി. ശശിക്കെതിരായ ലൈംഗികാരോപണത്തിന് പിന്നിൽ പി. ജയരാജനാണെന്നും ഡിവൈഎഫ്ഐ നേതാവിനെയും വനിതാ നേതാവിനെയും നീലേശ്വരത്തെ പ്രകൃതിചികിത്സാ കേന്ദ്രത്തിലെത്തിച്ച് പരാതി എഴുതി വാങ്ങിയതിൽ ആസൂത്രിത സ്വഭാവമുണ്ടെന്നും ഇ.പി ആരോപിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരായ കേസിൽ രേഖകൾ ശേഖരിച്ചെന്നും കോടിയേരി ബാലകൃഷ്ണനെതിരെ അപവാദ പ്രചാരണം നടത്തിയെന്നും ഇ.പിയുടെ കത്തിൽ ആക്ഷേപമുണ്ട്. നേതാക്കളെ അപകീർത്തിപ്പെടുത്താൻ പി. ജയരാജന് നവമാധ്യമ സംഘമുണ്ടെന്നും പാർട്ടിക്ക് അതീതനായി വളരാനുള്ള ശ്രമം കണ്ടില്ലെന്ന് നടിക്കരുതെന്നും ഇ.പി ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റ് യോഗത്തിൽ ഇ.പി. ജയരാജൻ എഴുതി നൽകിയ കത്തിലൂടെ ഈ ആരോപണങ്ങൾ ഉന്നയിച്ചതോടെയാണ് വിഷയം ഗൗരവമായത്.
ഇ.പിയുടെ ആരോപണങ്ങൾക്ക് പിന്നാലെ, വൈദേകം റിസോർട്ടിലെ ഓഹരി പങ്കാളിത്തവും അനധികൃത സ്വത്ത് സമ്പാദനവും സംബന്ധിച്ച പരാതി പി. ജയരാജൻ യോഗത്തിൽ ആവർത്തിച്ചു. നാല് വർഷം മുൻപ് സംസ്ഥാന സമിതിയിൽ പി. ജയരാജൻ ഉന്നയിച്ച വൈദേകം റിസോർട്ട് വിവാദത്തിലെ അന്വേഷണം എന്തായെന്ന നിരന്തര ചോദ്യവും ഇ.പിയുടെ പുതിയ കത്തും കണക്കിലെടുത്താണ് ഇരുപരാതികളും ഒരുമിച്ച് അന്വേഷിക്കാൻ സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.
















