സമാജ് വാദിപാര്‍ട്ടിയുമായുള്ള സഖ്യചര്‍ച്ച: യുപിയില്‍ 60 എ ക്ലാസ് സീറ്റുകള്‍ വേണമെന്ന് കോണ്‍ഗ്രസ്

സമാജ് വാദിപാര്‍ട്ടിയുമായുള്ള സഖ്യചര്‍ച്ച: യുപിയില്‍ 60 എ ക്ലാസ് സീറ്റുകള്‍ വേണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും തമ്മിലുള്ള ചര്‍ച്ചയ്ക്ക് തുടക്കമാകുന്നു,. ആദ്യ ഔദ്യോഗിക ചര്‍ച്ച ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഡല്‍ഹിയില്‍ നടക്കും. കോണ്‍ഗ്രസ് എംപി പ്രമോദ് തിവാരിയുടെ വസതിയിലാണ് ചര്‍ച്ച നടക്കുന്നത്.  ഇരുപാര്‍ട്ടികളില്‍ നിന്നും നാല് വീതം നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. കോണ്‍ഗ്രസ് പ്രതിനിധി സംഘത്തില്‍ യുപിയുടെ ചുമതലയുള്ള രാജേന്ദ്ര പാല്‍ ഗൗതം, സംസ്ഥാന അധ്യക്ഷ അരാധന മിശ്ര, സ്റ്റേറ്റ് വര്‍ക്കിംഗ്  പ്രസിഡന്റ് ഇമ്രാന്‍ മസൂദ്, നിയമസഭാ കക്ഷി നേതാവ് വീരേന്ദ്ര ചൗധരി എന്നിവരാണുള്ളത്. സമാജ്വാദി പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറി രാംഗോപാല്‍ യാദവ്, സംസ്ഥാന അധ്യക്ഷന്‍ ശ്യാംലാല്‍ പാല്‍, എംപിമാരായ രാജീവ് റായ്, ഇഖ്‌റ ഹസന്‍ എന്നിവരും പങ്കെടുക്കും.

പ്രിയങ്ക ഗാന്ധി വാദ്ര യോഗത്തില്‍ നേരിട്ടു പങ്കെടുക്കില്ലെന്നാണ് സൂചന. 403 നിയമസഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ നൂറിലധികം സീറ്റുകള്‍ വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യമെന്നാണ് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. ഇതില്‍ 55 മുതല്‍ 60 വരെ സീറ്റുകള്‍ സഖ്യത്തിന്റെ വിജയസാധ്യത കണക്കിലെടുത്ത് കോണ്‍ഗ്രസ് ‘എ ക്ലാസ്  വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നു. ബിജെപി ശക്തമായ മണ്ഡലങ്ങളില്‍ 40 മുതല്‍ 45 വരെ സീറ്റുകള്‍ സമാജ്വാദി പാര്‍ട്ടി കോണ്‍ഗ്രസിന് നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നിലെത്തിയതോ കുറഞ്ഞ വോട്ടിന് പിന്നിലായതോ ആയ മണ്ഡലങ്ങള്‍ക്കാണ് പാര്‍ട്ടി മുന്‍ഗണന നല്‍കുന്നത്. ദളിത്, മുസ്ലിം, ബ്രാഹ്മണ വോട്ടുകള്‍ ലക്ഷ്യമിട്ടുള്ള പരമ്പരാഗത രാഷ്ട്രീയ സമവാക്യവും സീറ്റ് ആവശ്യത്തിന് പിന്നിലുണ്ട്.

2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി കോണ്‍ഗ്രസിന്  105 സീറ്റുകള്‍ നല്‍കിയിരുന്നു.  കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുപിയിലെ 80 സീറ്റുകളില്‍ 17 ഇടത്താണ് സമാജ്വാദി പാര്‍ട്ടി സഖ്യത്തില്‍ കോണ്‍ഗ്രസ് മത്സരിച്ചത്. ഈ കണക്ക് അടിസ്ഥാനമാക്കി നിയമസഭാ തിരഞ്ഞെടുപ്പില്‍ 85 സീറ്റിലധികം ലഭിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. യാദവ, മുസ്ലിം വിഭാഗങ്ങള്‍ക്ക് പുറമെ ദലിത്, ബ്രാഹ്മണ, അതിപിന്നാക്ക വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം.
അതേസമയം, സീറ്റുകളുടെ എണ്ണത്തേക്കാള്‍ വിജയസാധ്യതയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമാജ്വാദി പാര്‍ട്ടിയെ സംബന്ധിച്ച് നിര്‍ണായക പോരാട്ടമാണ്. യുപിയില്‍ കോണ്‍ഗ്രസിന് സ്വന്തമായി ശക്തമായ വോട്ട് ബാങ്കില്ലെന്നും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ മാത്രമാണ് നേടാനായതെന്നും പാര്‍ട്ടി എംപി ചൂണ്ടിക്കാട്ടി.

അതിനാല്‍, കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും മികച്ച പ്രകടനം കാഴ്ചവെച്ചതും ശക്തരായ പ്രാദേശിക നേതാക്കളുള്ളതുമായ മണ്ഡലങ്ങള്‍ ആവശ്യപ്പെടുന്നതിലാണ് കോണ്‍ഗ്രസ് ശ്രദ്ധിക്കേണ്ടതെന്നാണ് സമാജ്വാദി പാര്‍ട്ടിയുടെ നിലപാട്. കോണ്‍ഗ്രസിന് ഏകദേശം 55 സീറ്റുകള്‍ നല്‍കാനുള്ള പട്ടിക സമാജ്വാദി പാര്‍ട്ടി കൈമാറിയതായും റിപ്പോര്‍ട്ടുകളുണ്ട്.

സഹറന്‍പൂര്‍ ദേഹാത്, ബെഹത്, അമേഠി, റായ്ബറേലി തുടങ്ങിയ മണ്ഡലങ്ങളാണ് സീറ്റ് വിഭജനത്തില്‍ തര്‍ക്കത്തിന് ഇടയാക്കാന്‍ സാധ്യതയുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി വിജയിച്ച സഹറന്‍പൂരിലെ രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസ് നേതാവ് ഇമ്രാന്‍ മസൂദ് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

Alliance talks with Samajwadi Party: Congress demands 60 ‘A-class’ seats in UP

Share Email
LATEST excelnclexrn
More Articles
Top