ബഹ്‌റിനില്‍ ലക്ഷ്യമിട്ടത് യുഎസ് പേട്രിയറ്റ് മിസൈല്‍ കേന്ദ്രങ്ങളെയെന്നു ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

ബഹ്‌റിനില്‍ ലക്ഷ്യമിട്ടത് യുഎസ് പേട്രിയറ്റ് മിസൈല്‍ കേന്ദ്രങ്ങളെയെന്നു ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

ടെഹ്റാന്‍: ബഹ്റൈനില്‍ തങ്ങള്‍ നടത്തിയ ആക്രമണങ്ങള്‍ അമേരിക്കയുടെ പേട്രിയറ്റ് വ്യോമപ്രതിരോധ മിസൈല്‍ സംവിധാനങ്ങള്‍ സ്ഥാപിച്ച കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നുവെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി).അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ അനിശ്ചിതത്വത്തില്‍ തുടരുന്നതിനിടെയാണ് പുതിയ പ്രസ്താവന. ഫെബ്രുവരിയില്‍ ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണങ്ങളോടെയാണ് യുദ്ധം ആരംഭിച്ചത്. തുടര്‍ന്ന് ജൂണില്‍ യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇരുരാജ്യങ്ങളും ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരുന്നെങ്കിലും ചര്‍ച്ചകള്‍ക്ക് കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.

യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ നടന്ന അമേരിക്കന്‍-ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി ഉള്‍പ്പെടെ നിരവധി ഉന്നത നേതാക്കളും സൈനിക കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് അമേരിക്കയും ഇറാനും പരസ്പരം ആക്രമണങ്ങള്‍ തുടരുകയാണ്. എന്നാല്‍ യുദ്ധത്തിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്ന അതിശക്തമായ പോരാട്ടത്തിന്റെ തോതിലേക്ക് സംഘര്‍ഷം വീണ്ടും എത്തിയിട്ടില്ല.

ഇറാന്റെ പേര്‍ഷ്യന്‍ ഗള്‍ഫ്, ഒമാന്‍ ഉള്‍ക്കടല്‍ തുറമുഖങ്ങള്‍ ലക്ഷ്യമിട്ട് നാവിക ഉപരോധം നടപ്പാക്കിവരികയാണെന്നാണ് അമേരിക്കയുടെ അവകാശവാദം. അതേസമയം, തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങള്‍ക്കാണെന്നാണ് ഇറാന്റെ നിലപാട്. ഈ ജലപാതയിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്കെതിരായ ആക്രമണങ്ങളെക്കുറിച്ചും ഇറാന്‍ തുടര്‍ച്ചയായി അവകാശവാദങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

അതിനിടെ, യെമനില്‍ സൗദി പിന്തുണയുള്ള സൈനിക വിഭാഗങ്ങളും ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരും തമ്മിലുള്ള പോരാട്ടം ശക്തമായി തുടരുകയാണ്. സംഘര്‍ഷം രൂക്ഷമായതോടെ സൗദി അറേബ്യയുടെ സൈനിക കേന്ദ്രങ്ങള്‍ എണ്ണപ്പാടങ്ങള്‍, ഗതാഗത സംവിധാനങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് ഹൂതികള്‍ ആവര്‍ത്തിച്ച് ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

മേഖലയിലെ സംഘര്‍ഷങ്ങള്‍ പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്. അമേരിക്ക-ഇറാന്‍ ബന്ധത്തിലെ പ്രതിസന്ധിക്കൊപ്പം ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണ തര്‍ക്കവും യെമനിലെ പോരാട്ടവും അന്താരാഷ്ട്ര തലത്തില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്.

Iran’s Revolutionary Guard says US Patriot missile sites in Bahrain were the targets.

Share Email
Top