അറ്റ്ലാന്റ: അമേരിക്കന്‍ വിമാനക്കമ്പനിയായ ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ ഓട്ടോമേഷന്‍ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ വ്യാപകമായി വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു. ഞായറാഴ്ച ഉണ്ടായ തകരാര്‍ ഏകദേശം 3,500 വിമാന സര്‍വീസുകളെ ബാധിക്കുമെന്നാണ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് (എഫ്എഎ) മുന്നറിയിപ്പ് നല്‍കിയത്. വിമാനങ്ങളുടെ ഭാരം, സന്തുലിതാവസ്ഥ എന്നിവ കണക്കാക്കുന്ന ഓട്ടോമേറ്റഡ് സംവിധാനമാണ് പ്രവര്‍ത്തനരഹിതമായത്. ഇതോടെ വിമാനങ്ങള്‍ പുറപ്പെടുന്നതിന് മുമ്പുള്ള സുരക്ഷാ നടപടികള്‍ വൈകുകയും നിരവധി സര്‍വീസുകള്‍ മുടങ്ങുകയും ചെയ്തു.
ഡെല്‍റ്റയുടെ ഏറ്റവും തിരക്കേറിയ കേന്ദ്രമായ അറ്റ്ലാന്റയിലെ ഹാര്‍ട്ട്സ്ഫീല്‍ഡ്-ജാക്സണ് അന്താരാഷ്ട്ര വിമാനത്താവളത്തെയാണ് തകരാര്‍ പ്രധാനമായും ബാധിച്ചത്. ന്യൂയോര്‍ക്കിലെ ലാഗ്വാര്‍ഡിയ വിമാനത്താവളം ഉള്‍പ്പെടെയുള്ള മറ്റ് പ്രധാന വിമാനത്താവളങ്ങളിലും സര്‍വീസുകള്‍ വൈകി. പ്രതിസന്ധിയെ തുടര്‍ന്ന് അറ്റ്ലാന്റയിലേക്കുള്ള ഡെല്‍റ്റ വിമാനങ്ങള്‍ക്ക് എഫ്എഎ താല്‍ക്കാലികമായി ഗ്രൗണ്ട് സ്റ്റോപ്പ് ഏര്‍പ്പെടുത്തി. ഏകദേശം ഒരു മണിക്കൂറിനുശേഷം നിയന്ത്രണം പിന്‍വലിച്ചെങ്കിലും സര്‍വീസുകള്‍ സാധാരണ നിലയിലാകാന്‍ കൂടുതല്‍ സമയമെടുത്തു.
ഓട്ടോമേഷന്‍ സംവിധാനം പ്രവര്‍ത്തനരഹിതമായതോടെ വിമാനങ്ങളുടെ ഭാരവും ബാലന്‍സും ജീവനക്കാര്‍ നേരിട്ട് കണക്കാക്കിയാണ് സര്‍വീസുകള്‍ തുടരാന്‍ ശ്രമിച്ചത്. യാത്രക്കാരുടെയും ലഗേജുകളുടെയും ചരക്കുകളുടെയും ഭാരം കണക്കാക്കി വിമാനത്തിന്റെ ഗുരുത്വകേന്ദ്രം സുരക്ഷിതമായ പരിധിയിലാണെന്ന് ഉറപ്പാക്കുന്നത് നിര്‍ണായകമാണ്. സാങ്കേതിക വിദഗ്ധര്‍ സംവിധാനം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ മാനുവല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് വിമാനങ്ങള്‍ സുരക്ഷിതമായി പുറപ്പെടുവിക്കുകയായിരുന്നുവെന്ന് ഡെല്‍റ്റ അറിയിച്ചു.
ഞായറാഴ്ച ഉച്ചയോടെ ഓട്ടോമേറ്റഡ് സംവിധാനം പുനഃസ്ഥാപിച്ചതായി കമ്പനി പിന്നീട് വ്യക്തമാക്കി. ഡെല്‍റ്റയുടെയും ഡെല്‍റ്റ കണക്ഷന്റെയും ഏകദേശം 5,000 വിമാന സര്‍വീസുകളാണ് അന്ന് നിശ്ചയിച്ചിരുന്നത്. ഫ്ലൈറ്റ്അവെയര്‍ റിപ്പോര്‍ട്ട് ചെയ്ത വിമാനങ്ങളുടെ വൈകലുകളിലും റദ്ദാക്കലുകളിലും ഏകദേശം 70 ശതമാനവും സാങ്കേതിക തകരാറുമായി ബന്ധപ്പെട്ടതാണെന്ന് ഡെല്‍റ്റ അറിയിച്ചു. ശേഷിക്കുന്ന തടസ്സങ്ങള്‍ക്ക് മോശം കാലാവസ്ഥയും ന്യൂയോര്‍ക്ക് മേഖലയിലെ വ്യോമഗതാഗത നിയന്ത്രണങ്ങളുമാണ് കാരണമെന്നും കമ്പനി വിശദീകരിച്ചു. തകരാര്‍ എഫ്എഎയുടെ വ്യോമഗതാഗത നിയന്ത്രണ സംവിധാനങ്ങളുമായി ബന്ധപ്പെട്ടതല്ലെന്ന് അധികൃതരും വ്യക്തമാക്കി.
താങ്ക്സ്ഗിവിങ് അവധിക്കാല യാത്രകള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പുണ്ടായ പ്രതിസന്ധി ആയിരക്കണക്കിന് യാത്രക്കാരെയാണ് ബുദ്ധിമുട്ടിലാക്കിയത്. യാത്ര മുടങ്ങിയവര്‍ക്ക് പകരം സര്‍വീസുകളില്‍ ടിക്കറ്റ് ഉറപ്പാക്കുമെന്നും ആവശ്യമായവര്‍ക്ക് ഭക്ഷണവും ഹോട്ടല്‍ താമസവും നല്‍കുമെന്നും ഡെല്‍റ്റ അറിയിച്ചു. റദ്ദാക്കിയ വിമാനങ്ങള്‍ക്കു പകരമുള്ള വമാനത്തില്‍ യാത്ര തുടരാന്‍ താല്പര്യമില്ലാത്തവര്ക്ക് ടിക്കറ്റ് തുക തിരികെ നല്‍കുമെന്നും കമ്പനി വ്യക്തമാക്കി. അടുത്തിടെ അമേരിക്കന്‍ വ്യോമയാന മേഖലയില്‍ തുടര്‍ച്ചയായി ഉണ്ടായ സാങ്കേതിക തകരാറുകള്‍ യാത്രാ സംവിധാനങ്ങളുടെ വിശ്വാസ്യതയെക്കുറിച്ചുള്ള ആശങ്കകള്‍ വീണ്ടും ഉയര്‍ത്തിയിട്ടുണ്ട്.
Technical glitch at Atlanta airports; over 1,600 Delta flights delayed
















