ഒഹായോയില്‍ ബേബി ഷവര്‍ ആഘോഷത്തിനിടെ വെടിവെപ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

ഒഹായോയില്‍ ബേബി ഷവര്‍ ആഘോഷത്തിനിടെ വെടിവെപ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

ഒഹായോ: അമേരിക്കയിലെ ഒഹായോയില്‍ ബേബി ഷവര്‍ ആഘോഷത്തിനിടെയുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. കുടുംബാംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്നാണ് പ്രാഥമിക സൂചന. ക്ലീവ്ലന്‍ഡിന് പത്ത് കിലോമീറ്റര്‍ അകലെയുള്ള പാര്‍മയിലെ പാന്‍ഡോറാസ് മാജിക്കല്‍ ഇവന്റ്‌സ് വേദിയില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം. വെടിവെപ്പിനെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

വെടിവെപ്പുമായി ബന്ധപ്പെട്ട് 29കാരനായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ഇയാള്‍ക്കെതിരെ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ല. വെടിവെപ്പിന് തുടക്കമിട്ടത് ഇയാളാണോ അതോ സ്വയരക്ഷയ്ക്കായി പ്രവര്‍ത്തിച്ചതാണോ എന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് വക്താവ് സ്‌കോട്ട് ട്രാക്സ്ലര്‍ പറഞ്ഞു. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ 19കാരനാണ്. ഇയാളും സംഭവത്തില്‍ വെടിയുതിര്‍ത്തതായി സംശയിക്കുന്നവരില്‍ ഉള്‍പ്പെടുന്നതായി പൊലീസ് അറിയിച്ചു.

കൊല്ലപ്പെട്ടവരില്‍ 17കാരിയായ ലീസിയ ഇംഗ്ലണ്ടിനെയും 45കാരനായ ജെയ്സണ്‍ ടൗണ്‍സെന്‍ഡിനെയും അധികൃതര്‍ തിരിച്ചറിഞ്ഞു. ആഘോഷം സംഘടിപ്പിച്ച ഗര്‍ഭിണിയായ യുവതിയുടെ പിതാവാണ് ടൗണ്‍സെന്‍ഡ്. യുവതിക്ക് പരിക്കേറ്റിട്ടില്ല. കൊല്ലപ്പെട്ട 19കാരന്റെയും കാലില്‍ വെടിയേറ്റ 39കാരിയുടെയും പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ബേബി ഷവര്‍ ആഘോഷത്തിലേക്ക് ഇയാളെ ക്ഷണിച്ചിരുന്നില്ലെന്ന് ദൃക്‌സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള 29കാരന്‍ ഗര്‍ഭിണിയായ യുവതിയുടെ ബന്ധുവാണെന്നാണ് സൂചന. കുടുംബപരമായ തര്‍ക്കമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തല്‍.

വെടിവെപ്പിന് ഉപയോഗിച്ചതായി കരുതുന്ന രണ്ട് തോക്കുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ കണ്ടെത്താന്‍ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളും ദൃക്‌സാക്ഷികളുടെ മൊഴികളും പൊലീസ് പരിശോധിച്ചുവരികയാണ്. ഓരോ ഇരയ്ക്കും ഏത് തോക്കില്‍നിന്നാണ് വെടിയേറ്റതെന്ന് സ്ഥിരീകരിക്കാന്‍ ബാലിസ്റ്റിക് പരിശോധന ആവശ്യമായി വന്നേക്കും. കസ്റ്റഡിയിലുള്ളയാള്‍ക്കെതിരെ കുറ്റം ചുമത്തണമോ എന്ന കാര്യത്തില്‍ തുടര്‍ അന്വേഷണത്തിനുശേഷം പ്രോസിക്യൂട്ടര്‍മാര്‍ തീരുമാനമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Shooting during a baby shower in Ohio; three people killed, one injured

Share Email
More Articles
Top