വാഷിംഗടണ്‍: യുഎസിലെ നോര്‍ത്ത് കരോലിന അഞ്ചാം കോണ്‍ഗ്രസ് മണ്ഡലത്തില്‍ നടന്ന വോട്ടെണ്ണല്‍ റീ കൗണ്ടിംഗിലും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ചക്ക് ഹബ്ബാര്‍ഡിന് വിജയം. ദീര്‍ഘകാലമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രതിനിധിയായിരുന്ന വിര്‍ജീനിയ ഫോക്സിനെ പരാജയപ്പെടുത്തിയാണ് ഹബ്ബാര്‍ഡ് ജനപ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഞായറാഴ്ച അസോസിയേറ്റഡ് പ്രസ് ആണ് ഹബ്ബാര്‍ഡിന്റെ വിജയം പ്രവചിച്ചത്. ഇതോടെ കഴിഞ്ഞ 30 വര്‍ഷത്തിനിടെ ജനപ്രതിനിധിസഭയില്‍ ഡെമോക്രാറ്റുകള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഭൂരിപക്ഷത്തിന് വഴിയൊരുങ്ങി.
99 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ഹബ്ബാര്‍ഡിന് 48.7 ശതമാനവും ഫോക്സിന് 48.6 ശതമാനവും വോട്ടുകളാണ് ലഭിച്ചത്. ഇരുവരും തമ്മിലുള്ള വ്യത്യാസം 300ല്‍ താഴെ വോട്ടുകള്‍ മാത്രമാണ്. പരാജയം ഉറപ്പായതോടെ വോട്ടെണ്ണല്‍ പുനഃപരിശോധന ആവശ്യപ്പെട്ടിരുന്ന ഫോക്സ് ഞായറാഴ്ച തന്നെ ഫോണില്‍ വിളിച്ച് വിജയാശംസകള്‍ അറിയിച്ചതായി ഹബ്ബാര്‍ഡ് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. ദീര്‍ഘകാല പൊതുസേവനത്തിനും നിരവധി ത്യാഗങ്ങള്‍ക്കും ഫോക്സിനോട് നന്ദി പറയുന്നതായും അദ്ദേഹം കുറിച്ചു. മുന്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ ഹബ്ബാര്‍ഡ് 2024ലെ തിരഞ്ഞെടുപ്പിലും ഫോക്സിനെതിരെ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പ് പ്രക്രിയ നീതിപൂര്‍വവും വിശദവുമായിരുന്നുവെന്നും അഞ്ചാം കോണ്‍ഗ്രസ് മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഭരണഘടനാപരമായ അവകാശം വിനിയോഗിച്ച് തങ്ങളുടെ നിലപാട് വ്യക്തമാക്കിയെന്നും ഫോക്സ് പ്രസ്താവനയില്‍ പറഞ്ഞു. ഹബ്ബാര്ഡിനെ ഫോണില്‍ വിളിച്ച് വിജയത്തില്‍ അഭിനന്ദിച്ചതായും 120-ാം കോണ്‍ഗ്രസില്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുമ്പോള്‍ എല്ലാ ആശംസകളും നേരുന്നതായും അവര്‍ വ്യക്തമാക്കി. 2004ലാണ് നോര്‍ത്ത് കരോലിന സ്റ്റേറ്റ് സെനറ്റിലെ സേവനത്തിനുശേഷം ഫോക്സ് ആദ്യമായി യുഎസ് ജനപ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ സഭയിലെ സുപ്രധാന സമിതിയായ ഹൗസ് റൂള്‍സ് കമ്മിറ്റിയുടെ അധ്യക്ഷയാണ് അവര്‍.
ഈ വര്‍ഷം നോര്‍ത്ത് കരോലിനയില്‍ ഡെമോക്രാറ്റുകള്‍ക്ക് മികച്ച മുന്നേറ്റമാണ് ഉണ്ടായത്. ഹബ്ബാര്‍ഡിന്റെ വിജയത്തിന് പുറമെ മുന്‍ ഗവര്‍ണര്‍ റോയ് കൂപ്പറും യുഎസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വിരമിക്കുന്ന റിപ്പബ്ലിക്കന്‍ സെനറ്റര്‍ തോം ടില്ലിസിന്റെ സീറ്റാണ് കൂപ്പര്‍ പിടിച്ചെടുത്തത്. ഞായറാഴ്ച പുറത്തുവന്ന എബിസി ന്യൂസിന്റെ കണക്കുകള്‍ പ്രകാരം ജനപ്രതിനിധിസഭയില്‍ ഡെമോക്രാറ്റുകള്‍ക്ക് 258 സീറ്റുകളും റിപ്പബ്ലിക്കന്മാര്ക്ക് 173 സീറ്റുകളുമാണുള്ളത്്. നാല് മണ്ഡലങ്ങളിലെ ഫലം കൂടി പുറത്തുവരാനുണ്ട്.
ഹബ്ബാര്‍ഡിന്റെ വിജയം ഔദ്യോഗികമായതോടെ 1992നുശേഷം ജനപ്രതിനിധിസഭയില്‍ ഡെമോക്രാറ്റുകള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഉറപ്പാകുന്നത്. അന്ന് ബില്‍ ക്ലിന്റണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സമയത്തും ഡെമോക്രാറ്റുകള്‍ 258 സീറ്റുകള്‍ നേടിയിരുന്നു. മൂന്ന് പതിറ്റാണ്ടിനു ശേഷമുള്ള ഈ നേട്ടം പാര്‍ട്ടിക്ക് പുതിയ കോണ്‍ഗ്രസില്‍ നിര്‍ണായക രാഷ്ട്രീയ മേല്‍ക്കൈ നല്‍കുമെന്നാണ് വിലയിരുത്തല്‍.
Democratic candidate Chuck Hubbard wins in North Carolina recount as well.
















