1992 നുശേഷമുള്ള ഏറ്റവും മികച്ച തിരഞ്ഞെടുപ്പ് നേട്ടവുമായി ഡെമോക്രാറ്റുകള്‍; ജനപ്രതിനിധിസഭയില്‍ 258 സീറ്റുകള്‍

1992 നുശേഷമുള്ള ഏറ്റവും മികച്ച തിരഞ്ഞെടുപ്പ് നേട്ടവുമായി ഡെമോക്രാറ്റുകള്‍; ജനപ്രതിനിധിസഭയില്‍ 258 സീറ്റുകള്‍

വാഷിങ്ടണ്‍: 1992നുശേഷം അമേരിക്കന്‍ ജനപ്രതിനിധിസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കി ഡെമോക്രാറ്റിക് പാര്‍ട്ടി. ഇതുവരെ 258 സീറ്റുകളാണ് ഡെമോക്രാറ്റുകള്‍ നേടിയത്. 1992ല്‍ ബില്‍ ക്ലിന്റണ്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം പാര്‍ട്ടി കൈവരിക്കുന്ന ഏറ്റവും വലിയ തിരഞ്ഞെടുപ്പ് വിജയമാണിത്. തിരഞ്ഞെടുപ്പില്‍ 44 സീറ്റുകളാണ് ഡെമോക്രാറ്റുകള്‍ അധികമായി നേടിയത്. 2018 ല്‍ ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ മിഡ്ടേം തിരഞ്ഞെടുപ്പില്‍ നേടിയ 40 സീറ്റുകളേക്കാള്‍ നാലെണ്ണം കൂടുതലാണിത്. നോര്‍ത്ത് കരോലിനയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ചക്ക് ഹബ്ബാര്‍ഡ് റിപ്പബ്ലിക്കന്‍ പ്രതിനിധി വിര്‍ജീനിയ ഫോക്‌സിനെ പരാജയപ്പെടുത്തിയതോടെയാണ് ഞായറാഴ്ചസീറ്റുകളുടെ എണ്ണം 258 ലെത്തിയത്.

435 അംഗ ജന പ്രതിനിധിസഭയില്‍ നാലു സീറ്റുകളിലേക്കുള്ള ഫലം കൂടി പുറത്തുവരാനുണ്ട്. മിനസോട്ടയിലും ടെന്നസിയിലും ഓരോ സീറ്റുകളിലേക്കും ലൂസിയാനയില്‍ രണ്ട് സീറ്റുകളിലേക്കുമുള്ള ഫലമാണ് ഇനിയും അറിയാനുളളത്. ലൂസിയാനയിലെ രണ്ട് മണ്ഡലങ്ങളിലും ഡിസംബറില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കും. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കുറഞ്ഞത് 173 സീറ്റുകളാണ് ലഭിക്കുക. ഇതോടെ ജനപ്രതിനിധിസഭയിലും സെനറ്റിലും ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷവും ലഭിക്കും. . 2008ല്‍ ബറാക് ഒബാമയുടെ വിജയസമയത്ത് ഡെമോക്രാറ്റുകള്‍ നേടിയ 257 സീറ്റുകളെയും മറികടന്നതാണ് ഇത്തവണത്തെ നേട്ടം. ഫ്രാങ്ക്‌ലിന്‍ ഡി. റൂസ്വെല്‍റ്റിന്റെ കാലത്ത് 300ലധികം സീറ്റുകള്‍ നേടി റെക്കോഡ് നേട്ടം സ്വന്തമാക്കിയിരുന്നു.

വിലക്കയറ്റം, ഇറാന്‍ യുദ്ധം, അഴിമതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ തുടങ്ങിയ വിഷയങ്ങളില്‍ വോട്ടര്‍മാര്‍ പ്രകടിപ്പിച്ച അതൃപ്തിയാണ് തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചതെന്നാണ് വിലയിരുത്തല്‍.ട്രംപിന്റെയും കുടുംബത്തിന്റെയും സമ്പത്ത് അദ്ദേഹം വീണ്ടും അധികാരത്തിലെത്തിയശേഷം വര്‍ധിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പെടെ അന്വേഷിക്കാന്‍ കോണ്‍ഗ്രസിന്റെ അന്വേഷണാധികാരം ഉപയോഗിക്കുമെന്ന് ഡെമോക്രാറ്റുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, അന്വേഷണങ്ങള്‍ നടത്താനുള്ള ഡെമോക്രാറ്റുകളുടെ നീക്കത്തിനെതിരെ വൈറ്റ് ഹൗസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനപ്രതിനിധിസഭയില്‍ കഴിഞ്ഞ രണ്ടുവര്‍ഷവും 218-214 എന്ന നേരിയ ഭൂരിപക്ഷത്തില്‍ ഭരണം മുന്നോട്ടുകൊണ്ടുപോയ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഇത്തവണ വലിയ തിരിച്ചടിയാണ് നേരിട്ടത്. പുതിയ ഭൂരിപക്ഷം ഡെമോക്രാറ്റിക് നേതൃത്വത്തിന് കൂടുതല്‍ രാഷ്ട്രീയ സ്വാതന്ത്ര്യം നല്‍കും. തിരഞ്ഞെടുപ്പ് വിജയത്തെ മാറ്റത്തിനുള്ള ജനവിധിയെന്നാണ് ഡെമോക്രാറ്റിക് പ്രതിനിധി അലക്‌സാണ്ട്രിയ ഒകാസിയോ-കോര്‍ട്ടെസ് വിശേഷിപ്പിച്ചത്.

Democrats achieve their best election result since 1992; 258 seats in the House of Representatives.

Share Email
LATEST excelnclexrn
More Articles
Top