യുഎസില്‍ സാങ്കേതിക സംവിധാനങ്ങളുടെ തകരാറുകള്‍ തുടര്‍ന്നേക്കുമെന്ന മുന്നറിയിപ്പ് നല്‍കിയ രഹസ്യാന്വേഷണ മേധാവി

യുഎസില്‍ സാങ്കേതിക സംവിധാനങ്ങളുടെ തകരാറുകള്‍ തുടര്‍ന്നേക്കുമെന്ന മുന്നറിയിപ്പ് നല്‍കിയ രഹസ്യാന്വേഷണ മേധാവി

വാഷിംഗടണ്‍: കഴിഞ്ഞ ദിവസങ്ങളില്‍ വ്യോമ മേഖലയിലും ബാങ്കിംഗ് ഉള്‍പ്പെടെയുള്ള മേഖലകളിലും ഉണ്ടായ സാങ്കേതിക തകരാറുകള്‍ മറ്റു പല മേഖലകളിലും തുടര്‍ന്നേക്കുമെന്ന മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ രഹസ്യാന്വേഷണ മേധാവി. കാലപ്പഴക്കം ചെന്ന സാങ്കേതിക സംവിധാനങ്ങള്‍ നവീകരിക്കുന്നതിന്റെയും സൈബര്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി ഇത്തരം തടസ്സങ്ങള്‍ സ്വാഭാവികമാണെന്ന് യുഎസ് ദേശീയ രഹസ്യാന്വേഷണ വിഭാഗം മേധാവി ജെയ് ക്ലെയ്റ്റണ്‍വ്യക്തമാക്കി. പഴയ അടിസ്ഥാന സൗകര്യങ്ങള്‍ മാറ്റി പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരുന്ന ഘട്ടത്തില്‍ സേവനങ്ങളില്‍ തടസ്സങ്ങളും സാങ്കേതിക പിഴവുകളും ഉണ്ടാകാമെന്ന് ഞായറാഴ്ച സിഎന്‍എന്നിന്റെ ‘സ്റ്റേറ്റ് ഓഫ് ദ യൂണിയന്‍’ പരിപാടിയില്‍ സംസാരിക്കവെ ക്ലെയ്റ്റണ്‍ പറഞ്ഞു.

സാങ്കേതിക സംവിധാനങ്ങളുടെ നവീകരണം പുരോഗമിക്കുന്നതിനിടെ പിഴവുകളും സേവനങ്ങളിലെ ഇടവേളകളും തടസ്സങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംവിധാനങ്ങളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിനും സൈബര്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിനും നവീകരണം അനിവാര്യമാണ്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യ പഴയ അടിസ്ഥാന സൗകര്യങ്ങളില്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തുന്ന സാഹചര്യത്തിലാണ് ഈ നടപടികളെന്നും അദ്ദേഹം വിശദീകരിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ രാജ്യത്ത് തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്ത സാങ്കേതിക തകരാറുകള്‍ കമ്പനികള്‍ സംവിധാനങ്ങള്‍ നവീകരിക്കുന്നതിനിടെ ഉണ്ടായതാണെന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് രഹസ്യാന്വേഷണ മേധാവിയുടെ പ്രതികരണം. ഈ മാസം അമേരിക്കയിലെ നിരവധി സുപ്രധാന സംവിധാനങ്ങളാണ് സാങ്കേതിക തകരാറുകളെത്തുടര്‍ന്ന് തടസ്സപ്പെട്ടത്. രാജ്യവ്യാപകമായി വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കേണ്ടിവന്ന സംഭവം, മൈക്രോസോഫ്റ്റിന്റെ ഇ-മെയില്‍ സേവനങ്ങളിലുണ്ടായ തടസ്സം, പ്രമുഖ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ച സാങ്കേതിക പ്രശ്‌നം, ദേശീയ സുരക്ഷാ ഏജന്‍സിയുടെ (എന്‍എസ്എ) നെറ്റ്വര്‍ക്കിലുണ്ടായ താല്‍ക്കാലിക തടസ്സം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

എബിസി ന്യൂസിന്റെ ‘ദിസ് വീക്ക്’ പരിപാടിയിലും സംസാരിച്ച ക്ലെയ്റ്റണ്‍, ഈ തകരാറുകള്‍ ഏകോപിതമായ സൈബര്‍ ആക്രമണങ്ങളുടെയോ വിദേശ രാജ്യങ്ങളുടെ പിന്തുണയോടെയുള്ള നീക്കങ്ങളുടെയോ ഫലമല്ലെന്ന് ആവര്‍ത്തിച്ചു. സാങ്കേതിക സംവിധാനങ്ങളുടെ നവീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് തടസ്സങ്ങള്‍ക്ക് കാരണമെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. അതേസമയം, എഫ്ബിഐയെയും കൃഷിവകുപ്പിനെയും ലക്ഷ്യമിട്ട് നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രത്യേക സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

Intelligence chief warns that technical system failures could continue in the US.

Share Email
LATEST excelnclexrn
More Articles
Top