അയോവ: അമേരിക്കയിലെ അയോവയില്‍ സൈനിക ആയുധ നിര്‍മാണശാലയില്‍ സൂക്ഷിച്ചിരിക്കുന്ന ഏകദേശം 10,000 പൗണ്ട് (4,536 കിലോഗ്രാം) ലെഡ് അസൈഡ് നിയന്ത്രിതമായി പൊട്ടിച്ചുനശിപ്പിക്കുന്ന നടപടി വീണ്ടും മാറ്റിവെച്ചു. ബുധനാഴ്ചയായിരിക്കും സ്ഫോടനം നടത്തുകയെന്ന് യുഎസ് സൈന്യം അറിയിച്ചു. അയോവയിലെ മിഡില്‍ ടൗണിലുള്ള സൈനിക ആയുധ നിര്‍മാണശാലയിലാണ് നടപടി. ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന ആശങ്കയും പരിസ്ഥിതി സംഘടനകളുടെ നിയമപരമായ എതിര്‍പ്പും പദ്ധതിക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് സ്ഫോടനം മാറ്റിവെക്കുന്നത്.
മാര്‍ച്ച് മുതല്‍ തന്നെ സ്ഫോടനത്തിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നുവെന്നും പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ആവശ്യമായ പരമാവധി മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അയോവയിലെ സംസ്ഥാന-പ്രാദേശിക ഭരണകൂടങ്ങളുമായും പ്രദേശവാസികളുമായും നിരന്തരം ആശയവിനിമയം നടത്തുമെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കി.
വെടിക്കോപ്പുകളിലും സൈനിക ആയുധങ്ങളിലും സ്ഫോടനത്തിന് തുടക്കമിടാന്‍ ഉപയോഗിക്കുന്ന പ്രധാന സ്ഫോടകവസ്തുവാണ് ലെഡ് അസൈഡ്. കാലപ്പഴക്കത്താല്‍ ഗുണനിലവാരം നഷ്ടപ്പെട്ട ഈ വസ്തു അതീവ സംവേദനക്ഷമവും അസ്ഥിരവുമാണെന്ന് സൈന്യം അറിയിച്ചു. മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനുമിടെ ഘര്‍ഷണമോ ആഘാതമോ ഉണ്ടായാല്‍ അപ്രതീക്ഷിത സ്ഫോടനത്തിന് സാധ്യതയുള്ളതിനാല്‍ നിലവിലുള്ള സ്ഥലത്തുതന്നെ നിയന്ത്രിതമായി പൊട്ടിച്ചുനശിപ്പിക്കുന്നതാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗമെന്നാണ് സൈന്യത്തിന്റെ വിശദീകരണം.
സ്ഫോടനത്തിന് അനുമതി നല്കിയ പരിസ്ഥിതി സംരക്ഷണ ഏജന്‍സിയായ ഇപിഎയുടെ റിപ്പോര്‍ട്ടിലും അപകടസാധ്യത ചൂണ്ടിക്കാട്ടുന്നുണ്ട്. ആരോഗ്യ-മനുഷ്യസേവന വകുപ്പ്, ഇപിഎ, യുഎസ് സൈന്യം എന്നിവ സംയുക്തമായി അപകടസാധ്യത കുറയ്ക്കുന്നതിനുള്ള കര്‍ശന നടപടികള്‍ സ്വീകരിച്ചുവരികയാണ്. പ്രദേശത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
Controlled explosion of 10,000 pounds of lead azide postponed to Wednesday; Iowa residents concerned
















