ഡിജിപിയോട് കോൺസ്റ്റബിളിന്റെ ജോലി ചെയ്യാൻ പറഞ്ഞാൽ ബുദ്ധിമുട്ടാകും, നേതൃത്വത്തിനെതിരെ ഒളിയമ്പുമായി ശ്രീലേഖ, രാജി പ്രഖ്യാപനത്തിൽ വിശദീകരണം, ‘ബിജെപി വിടില്ല’

ഡിജിപിയോട്   കോൺസ്റ്റബിളിന്റെ ജോലി ചെയ്യാൻ പറഞ്ഞാൽ ബുദ്ധിമുട്ടാകും,  നേതൃത്വത്തിനെതിരെ ഒളിയമ്പുമായി ശ്രീലേഖ, രാജി പ്രഖ്യാപനത്തിൽ വിശദീകരണം, ‘ബിജെപി വിടില്ല’

Asking a DGP to Do a Constable’s Job is Difficult: R. Sreelekha Implying Criticism Against BJP Leadership

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനത്ത് നിന്നുള്ള രാജി വിശദീകരണത്തിൽ ബി.ജെ.പി. നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി ആർ. ശ്രീലേഖ. ഡിജിപി പണി ചെയ്യുന്ന ആളോട് കോൺസ്റ്റബിളിന്റെ പണി ചെയ്യാൻ പറഞ്ഞാൽ ബുദ്ധിമുട്ടുണ്ടാകുമെന്നും, എന്തു ചെയ്താലും ചിലർ വിമർശന പോസ്റ്റുകൾ എഴുതുകയാണെന്നും അവർ വ്യക്തമാക്കി. കടുത്ത വിഷമം തോന്നിയപ്പോഴാണ് മേയർക്ക് രാജി സന്ദേശം അയച്ചതെന്നും, താൻ ബി.ജെ.പി. വിട്ടുപോകില്ലെന്നും ആജീവനാന്തം അച്ചടക്കമുള്ള അംഗമായി തുടരുമെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു. താനൊരു മോദി ഭക്തയാണെന്നും മോദിജി തനിക്ക് ആരാധനാമൂർത്തിയാണെന്നും അവർ വ്യക്തമാക്കി.

തിരുവനന്തപുരത്ത് ബി.ജെ.പി. അധികാരത്തിലെത്തിയപ്പോൾ മേയറാക്കാത്തതിനാലാണ് കൗൺസിലർ സ്ഥാനം രാജിവെക്കാൻ കാര്യമെന്ന പ്രചാരണത്തിൽ അർത്ഥമില്ലെന്ന് ശ്രീലേഖ പറഞ്ഞു. ആർമി ജനറലിനോട് അതിർത്തി കാക്കാൻ പോകുന്ന പട്ടാളക്കാരനാകാൻ പറഞ്ഞാൽ ആ പ്രയാസങ്ങൾ ഉണ്ടാകുന്നത് പോലെയാണ് തനിക്ക് അനുഭവപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥയായിരുന്ന കാലത്തെ സമ്മർദ്ദങ്ങൾ തുറന്നുപറഞ്ഞ അവർ, അന്നത് അതിജീവിച്ചത് വലിയൊരു സപ്പോർട്ട് സിസ്റ്റം ഉണ്ടായിരുന്നതുകൊണ്ടാണെന്നും വ്യക്തമാക്കി.

ജോലിയും അഡ്മിഷനും വേണമെന്നതു മുതൽ അതിർത്തി തർക്കങ്ങൾ വരെ രാത്രി വൈകിയും ആളുകൾ ആവശ്യപ്പെടാറുണ്ടെന്ന് ശ്രീലേഖ ചൂണ്ടിക്കാണിച്ചു. കോൺഗ്രസ് ഭരിക്കുന്ന കേരളത്തിൽ ബി.ജെ.പി. കൗൺസിലർ എന്ന നിലയിൽ ഒരു പൊലീസ് സ്റ്റേഷനിൽ വിളിച്ചാൽ പോലും തന്റെ വാക്ക് കേൾക്കില്ലെന്നും അവർ പറഞ്ഞു. ടെലിഫോൺ കണക്ഷൻ തകരാറിലായാലും ഓട വൃത്തികേടായി കിടന്നാലും അപ്പോൾ തന്നെ ശരിയാക്കിക്കൊടുക്കണമെന്നാണ് ആളുകൾ പ്രതീക്ഷിക്കുന്നത്. ഈ കടുത്ത സമ്മർദ്ദവും ആരോഗ്യപ്രശ്നങ്ങളും കാരണം തനിക്ക് മുന്നോട്ട് പോകാൻ കഴിയുന്നില്ലെന്ന് തോന്നിയപ്പോഴാണ് രാജി നൽകിയതെന്നും അവർ വിശദീകരിച്ചു.

കഴിഞ്ഞ സെപ്റ്റംബർ 30-നാണ് താൻ രാജി കൈമാറിയതെന്നും, കഴിഞ്ഞ ഒമ്പത് മാസമായി തിരക്കിലായതിനാൽ തന്റെ ശരീരത്തിന്റെ സിസ്റ്റം മുഴുവൻ താറുമാറായെന്നും ശ്രീലേഖ വ്യക്തമാക്കി. എങ്കിലും പാർട്ടി നേതൃത്വം ആവശ്യപ്പെട്ടതുകൊണ്ടാണ് താൻ കൗൺസിലർ സ്ഥാനത്ത് തുടരുന്നതെന്നും അവർ പറഞ്ഞു. ‘ഉറപ്പ്’ എന്ന തലക്കെട്ടോടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് ശ്രീലേഖ തന്റെ നിലപാടുകൾ വ്യക്തമാക്കിയത്.

Share Email
LATEST excelnclexrn
More Articles
Top