ടെന്നസി: വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെടുകയും ഗുരുതരാവസ്ഥയിലാവുകയും ചെയ്ത യുവതിയുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമവുമായി അധികൃതര്‍. അമേരിക്കയിലെ ടെന്നസിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രിസ്റ്റ പൈക്കാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലുളളത്. ബുധനാഴ്ച രാത്രിയാണ് പൈക്കിന് വധശിക്ഷ നടപ്പാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ നടപടിക്രമത്തിനിടെ ഉണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് വധശിക്ഷ നടപ്പാക്കല്‍ പരാജയപ്പെടുകയും അവരെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഇപ്പോള്‍ ജീവന്‍ രക്ഷിക്കാനുള്ള ചികിത്സയാണ് നല്‍കുന്നതെന്ന് അഭിഭാഷകര്‍ അറിയിച്ചു. പൈക്കിന്റെ ആരോഗ്യനിലയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നും അവര്‍ പറഞ്ഞു.
മാരക മരുന്നുകള്‍ നല്‍കുന്നതിനിടെ പൈക്ക് ശ്വസിക്കുന്നത് തുടരുകയായിരുന്നുവെന്നാണ് വധശിക്ഷയ്ക്ക് സാക്ഷികളായവര്‍ പറഞ്ഞത്. രണ്ട് തവണ പെന്റോബാര്‍ബിറ്റല്‍ മരുന്ന് നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ മരുന്ന് നല്‍കിയതിന് ശേഷവും പൈക്കിന്റെ ശ്വാസോച്ഛ്വാസവും കനത്ത കൂര്‍ക്കംവലിയും കേള്‍ക്കാമായിരുന്നുവെന്ന് സാക്ഷികള്‍ പറഞ്ഞു. രാത്രി 8.53ന് സാക്ഷികളെ മുറിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകുമ്പോഴും പൈക്ക് ശ്വസിക്കുന്നതായി കേള്‍ക്കാമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പൈക്കിന്റെ അഭിഭാഷകര്‍ സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ചു. വധശിക്ഷ നടപ്പാക്കുന്നതിനായി ശരീരത്തില്‍ ഐവി ലൈന്‍ സ്ഥാപിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുമ്പോള്‍, അത് സ്ഥാപിക്കാന്‍ കഴിയുന്ന സ്ഥലങ്ങള്‍ പൈക്ക് തന്നെ നിര്‍ദേശിച്ചിരുന്നുവെന്നാണ് അഭിഭാഷകര്‍ പറഞ്ഞത്. മരിക്കുന്നതിനെക്കാള്‍ വേദനാജനകവും ദീര്‍ഘനേരം നീളുന്നതുമായ മരണമായിരുന്നു പൈക്കിന്റെ പ്രധാന ഭയമെന്നും അവര്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ ടെന്നസി ഗവര്‍ണര്‍ മൂന്നാം കക്ഷിയുടെ നേതൃത്വത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയും ഇനി നിശ്ചയിച്ചിട്ടുള്ള വധശിക്ഷകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു.
50കാരിയായ ക്രിസ്റ്റ പൈക്ക് 1995ല്‍ 19കാരിയായ കോളിന്‍ സ്ലെമ്മറിനെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. വധശിക്ഷ നടപ്പാക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് കേസില്‍ വീണ്ടും നിയമപോരാട്ടം നടന്നിരുന്നു. കുട്ടിക്കാലത്ത് താന്‍ ലൈംഗിക പീഡനത്തിനും ബലാത്സംഗത്തിനും ഇരയായിരുന്നുവെന്നും അത് ശിക്ഷ വിധിക്കുന്ന സമയത്ത് വേണ്ടത്ര പരിഗണിച്ചില്ലെന്നും പൈക്ക് കോടതിയില്‍ വാദിച്ചിരുന്നു. ആറാം സര്‍ക്യൂട്ട് അപ്പീല്‍ കോടതി വധശിക്ഷ താല്‍ക്കാലികമായി തടഞ്ഞെങ്കിലും പിന്നീട് അമേരിക്കന്‍ സുപ്രീം കോടതി ആ തടസം നീക്കുകയായിരുന്നു.
സുപ്രീം കോടതിയിലെ മൂന്ന് ജസ്റ്റിസുമാര്‍ വധശിക്ഷ തുടരാന്‍ അനുവദിച്ച തീരുമാനത്തോട് വിയോജിച്ചു. ജസ്റ്റിസ് സോണിയ സോട്ടോമയര്‍, എലീന കഗന്‍, കെതന്‍ജി ബ്രൗണ്‍ ജാക്‌സണ്‍ എന്നിവര്‍ വധശിക്ഷയ്ക്ക് മുമ്പുള്ള നിയമനടപടികള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് നടപടിയെടുക്കുന്നത് ശരിയല്ലെന്ന് അഭിപ്രായപ്പെട്ടു. അതേസമയം, ഇരയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നും കേസ് അനന്തമായി നീളുന്നത് അംഗീകരിക്കാനാകില്ലെന്നും ടെന്നസി അധികൃതര്‍ വാദിച്ചു. സംഭവത്തിന് പിന്നാലെ സംസ്ഥാനത്ത് വധശിക്ഷാ നടപടികളുടെ സുരക്ഷയും പ്രോട്ടോക്കോളുകളും വീണ്ടും പരിശോധിക്കേണ്ട സാഹചര്യമാണിപ്പോള്‍ ഉണ്ടായിരിക്കുന്നത്.
Attempt to carry out execution fails; efforts continue to save the life of Christa Pike, who has been hospitalized in critical condition.
















