ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ട സംഭവം: രണ്ട് തവണ മാരക മരുന്ന് കുത്തിവെച്ചിട്ടും ജീവന്‍ നിലനിന്നു! ; 911 ലേയ്ക്കുള്ള ഫോണ്‍വിളികളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ട സംഭവം: രണ്ട് തവണ മാരക മരുന്ന് കുത്തിവെച്ചിട്ടും ജീവന്‍ നിലനിന്നു! ; 911 ലേയ്ക്കുള്ള ഫോണ്‍വിളികളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

നാഷ്വില്‍: യുഎസിലെ ടെന്നസിയില്‍ വധശിക്ഷ നടപ്പാക്കുന്നതിനിടെ ഗുരുതര വീഴ്ച സംഭവിച്ച ക്രിസ്റ്റ പൈക്കിന്റെ കേസില്‍ അടിയന്തര സഹായത്തിനായി 911 ലേയ്ക്ക വന്ന ഫോണ്‍വിളികളുടെ ശബ്ദരേഖകളും വിവരങ്ങളും പുറത്തുവന്നു. രണ്ട് തവണ മാരക മരുന്നായ പെന്റോബാര്‍ബിറ്റല്‍ കുത്തിവെച്ച് ഒരു മണിക്കൂറിനു ശേഷവും പൈക്ക് മരിച്ചിരുന്നില്ലെന്നാണ് ഫോണ്‍വിളികളില്‍നിന്ന് വ്യക്തമാകുന്നത്. അബോധാവസ്ഥയിലായിരുന്ന പൈക്കിന് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നതായും ആംബുലന്‍സ് ആവശ്യപ്പെട്ട് വിളിച്ച വ്യക്തി അറിയിച്ചിരുന്നു.

911 ലേക്ക് രാത്രി 8.40ന് ലഭിച്ച ആദ്യ 911 ഫോണ്‍വിളിയുടെ വിശദാംശം പ്രകാരം വധശിക്ഷയ്ക്കായി 10 ഗ്രാം പെന്റോബാര്‍ബിറ്റല്‍ നല്‍കിയെന്നും ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും വ്യക്തി മരിച്ചിട്ടില്ലെന്നും സൂചിപ്പിക്കുന്നു. ശ്വാസോച്ഛ്വാസം സാധാരണ നിലയിലാണോയെന്ന ചോദ്യത്തിന്, ശ്വാസമെടുക്കുന്നത് വളരെ ബുദ്ധിമുട്ടോടെയും മന്ദഗതിയിലുമാണെന്നായിരുന്നു മറുപടി. നെഞ്ചുവേദനയുണ്ടോയെന്ന് ചോദിച്ചപ്പോള്‍ വ്യക്തി അബോധാവസ്ഥയിലാണെന്നും അറിയിച്ചതായി രേഖകളില്‍ പറയുന്നു. ആദ്യ ഫോണ്‍വിളിയുടെ യഥാര്‍ഥ ശബ്ദരേഖ പൊതുജനങ്ങള്‍ക്ക് പുറത്തുവിടാന്‍ ടെന്നസി നിയമപ്രകാരം കഴിയില്ലെന്ന് മെട്രോ നാഷ്വില്‍ എമര്‍ജന്‍സി കമ്മ്യൂണിക്കേഷന്‍സ് സെന്റര്‍ വ്യക്തമാക്കി. എന്നാല്‍, ശബ്ദരേഖ പരിശോധിച്ച് അതിന്റെ അടിസ്ഥാനത്തിലുള്ള കുറിപ്പ് അധികൃതര്‍ പുറത്തുവിട്ടു.

പൈക്കിന്റെ അഭിഭാഷകയായ കെല്ലി ഗ്ലീസണും രാത്രി 9.08ന് അടിയന്തര സഹായത്തിനായി 911ല്‍ വിളിച്ചിരുന്നു. പൈക്ക് അപ്പോഴും ജീവനോടെയും ശ്വസിച്ചുകൊണ്ടുമുണ്ടെന്നും അടിയന്തര ജീവന്‍രക്ഷാ ചികിത്സ ആവശ്യമാണെന്നും അവര്‍ അറിയിച്ചു. പൈക്ക് ഉണര്‍ന്നിരുന്നില്ലെന്നും കൂര്‍ക്കംവലിക്കുന്നതുപോലെ ശബ്ദമുണ്ടാക്കിയിരുന്നുവെന്നും അഭിഭാഷക ഫോണ്‍വിളിയില്‍ പറഞ്ഞു. തുടര്‍ന്ന് ടെന്നസി ഹൈവേ പട്രോളിന്റെ സഹായം തേടാന്‍ അടിയന്തര സേവന വിഭാഗം ശ്രമിച്ചു. ജയിലിനുള്ളിലേക്ക് പ്രവേശിക്കാന്‍ ഉദ്യോഗസ്ഥന്റെ സാന്നിധ്യം ആവശ്യമായതിനാല്‍ ആംബുലന്‍സ് ജീവനക്കാര്‍ക്ക് പ്രവേശനം ലഭിക്കുന്നതിലും തടസമുണ്ടായതായി ഫോണ്‍വിളികളുടെ രേഖകള്‍ സൂചിപ്പിക്കുന്നു. സംഭവത്തെക്കുറിച്ച് സ്ഥിരീകരണം തേടി അധികൃതര്‍ നടത്തിയ മറ്റു ഫോണ്‍വിളികളും പുറത്തുവന്നിട്ടുണ്ട്.

ടെന്നസിയിലെ വധശിക്ഷാ പട്ടികയില്‍ ഉള്‍പ്പെട്ട ഏക വനിതയാണ് ക്രിസ്റ്റ പൈക്ക്. വധശിക്ഷാ ശ്രമത്തിനുശേഷം വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലായിരുന്ന പൈക്ക് ഏകദേശം ഒരാഴ്ചയ്ക്കുശേഷമാണ് ബോധം വീണ്ടെടുത്തതെന്ന് അഭിഭാഷകര്‍ അറിയിച്ചു. പിന്നീട് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത അവരെ വീണ്ടും ജയിലിലേക്ക് മാറ്റി. 1995ല്‍ 19 വയസ്സുകാരിയായ കോളിന്‍ സ്ലെമ്മറെ കൊലപ്പെടുത്തിയ കേസിലാണ് പൈക്കിന് വധശിക്ഷ വിധിച്ചത്. മാരകമായ കുത്തിവെപ്പിനായി മരുന്നുകള്‍ നല്‍കിയിട്ടും അതിജീവിച്ച വ്യക്തിയായി പൈക്കിന്റെ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഡെത്ത് പെനാല്‍റ്റി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വ്യക്തമാക്കി. ആധുനിക കാലത്തെ വധശിക്ഷാ നടപടികളിലെ ഏറ്റവും ഗുരുതരമായ വീഴ്ചകളിലൊന്നായാണ് സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സംഭവത്തെ വിശേഷിപ്പിച്ചത്.

വധശിക്ഷയ്ക്കുമുമ്പുതന്നെ ഉപയോഗിക്കുന്ന മരുന്നുകള്‍ കടുത്ത വേദനയ്ക്കും ദുരിതത്തിനും കാരണമാകാമെന്ന് പൈക്കിന്റെ അഭിഭാഷകര്‍ ആശങ്ക ഉന്നയിച്ചിരുന്നു. ബോധം വീണ്ടെടുത്തപ്പോള്‍ കൈകളില്‍ പെന്റോബാര്‍ബിറ്റല്‍ മൂലമുള്ള പൊള്ളലുകളും ബൗദ്ധിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഉണ്ടായിരുന്നുവെന്നും അവര്‍ ആരോപിച്ചു. പൈക്കിന്റെ വധശിക്ഷ ജീവപര്യന്തം തടവായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ ടെന്നസി ഗവര്‍ണര്‍ ബില്‍ ലീയ്ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് നിശ്ചയിച്ചിരുന്ന വധശിക്ഷകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടു. വധശിക്ഷാ ശ്രമത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ചിരുന്നോയെന്നും കൂടുതല്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ ആവശ്യമുണ്ടോയെന്നും പരിശോധിക്കാന്‍ മുന്‍ യുഎസ് അറ്റോര്‍ണി എഡ് സ്റ്റാന്റണെ സ്വതന്ത്ര അന്വേഷണത്തിന് നിയോഗിച്ചതായി ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു.

Failed attempt to execute Christa Pike: She remained alive despite being injected with lethal drugs twice! Shocking details of 911 calls revealed.

Share Email
LATEST excelnclexrn
More Articles
Top