സണ്ണി മാളിയേക്കൽ
വിദേശത്തുള്ള മലയാളി സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ പേരിൽ സന്ദേശമയച്ചും, വിശ്വാസ്യതയുള്ള വ്യക്തിത്വങ്ങളെ മറയാക്കിയും നടത്തുന്ന സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാകുന്നതായി പരാതി. വിദേശത്തുള്ള നിങ്ങളുടെ ക്രെഡിറ്റ് കാർഡോ ബാങ്ക് അക്കൗണ്ടോ ഉപയോഗിച്ച് കുറച്ച് പണം സ്വീകരിക്കാമോ എന്നും, ആ പണം ഉടൻ തന്നെ നാട്ടിലേക്ക് അയച്ചു നൽകണമെന്നും അഭ്യർത്ഥിച്ചുകൊണ്ടാണ് തട്ടിപ്പുകാർ ആളുകളെ സമീപിക്കുന്നത്. കിട്ടുന്നതിൽ 70% അവർക്ക് മതി 30% നിങ്ങൾ എടുക്കാം എന്നുള്ള അതിമനോഹരമായ വാഗ്ദാനം പലരെയും കുഴിയിൽ ചാടിക്കുന്നു
അടിയന്തര സാഹചര്യമാണെന്നും മറ്റ് വഴികളൊന്നുമില്ലെന്നും വിശ്വസിപ്പിച്ചാണ് ഇത്തരക്കാർ ഇരകളെ വലയിലാക്കുന്നത്.
സാധാരണയായി കവർച്ച ചെയ്യപ്പെട്ടതോ വ്യാജമായി ഉണ്ടാക്കിയതോ ആയ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാണ് തട്ടിപ്പുകാർ നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നത്. തുടർന്ന് വെസ്റ്റേൺ യൂണിയൻ, ബാങ്ക് ട്രാൻസ്ഫർ അല്ലെങ്കിൽ മറ്റ് ക്രിപ്റ്റോ വഴികളിലൂടെ ഈ പണം നാട്ടിലേക്ക് തിരിച്ചയക്കാൻ ഇവർ ആവശ്യപ്പെടുന്നു. എന്നാൽ ദിവസങ്ങൾക്കകം യഥാർത്ഥ കാർഡ് ഉടമ പരാതിപ്പെടുന്നതോടെ ബാങ്കുകൾ നിങ്ങളുടെ അക്കൗണ്ടിൽ വന്ന പണം പൂർണ്ണമായും പിൻവലിക്കുകയോ അക്കൗണ്ട് മരവിപ്പിക്കുകയോ ചെയ്യും. ഇതിനകം നിങ്ങൾ സ്വന്തം കയ്യിൽ നിന്ന് അയച്ചു കൊടുത്ത പണം പൂർണ്ണമായും നഷ്ടപ്പെടുകയും ചെയ്യും.
വിശ്വാസ്യത നേടിയെടുക്കാൻ പരിചയക്കാരുടെയും പുരോഹിതന്മാരുടെയും പൊതുപ്രവർത്തകരുടെയും വരെ പേരും സോഷ്യൽ മീഡിയ പ്രൊഫൈലുകളും വ്യാജമായി ഉപയോഗിച്ചാണ് ഇവർ സന്ദേശങ്ങൾ അയക്കുന്നത്. അടിയന്തര സഹായം എന്ന വ്യാജേന വരുന്ന ഇത്തരം സന്ദേശങ്ങളിൽ വീണുപോയാൽ സാമ്പത്തിക നഷ്ടം മാത്രമല്ല, അറിയാതെയാണെങ്കിലും മോഷണപ്പണം കൈകാര്യം ചെയ്തതിന്റെ പേരിൽ നിയമനടപടികളും ബാങ്ക് അക്കൗണ്ട് റദ്ദാക്കലും നേരിടേണ്ടി വരുന്ന സാഹചര്യം ഉണ്ടാകുന്നു.
വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളോ ക്രെഡിറ്റ് കാർഡുകളോ ഉപയോഗിച്ച് മറ്റൊരാൾക്ക് വേണ്ടി പണമിടപാടുകൾ നടത്താതിരിക്കുക. പരിചയമുള്ള ആരെങ്കിലും ഇത്തരം സഹായങ്ങൾ ചോദിച്ച് വിളിച്ചാൽ പോലും, നേരിട്ട് ഫോണിൽ വിളിച്ച് സന്ദേശത്തിന്റെ നിജസ്ഥിതി ഉറപ്പുവരുത്തുക. അപരിചിതമായ സാമ്പത്തിക ഇടപാടുകളിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കുക എന്നതാണ് തട്ടിപ്പിൽ പെടാതിരിക്കാനുള്ള ഏളുപ്പവഴി.



















