ഒർലാൻഡോ: നാല് മക്കളെ ദിവസങ്ങളോളം വീട്ടിൽ തനിച്ച് ആക്കി ലാസ്‌വേഗാസിലേക്ക് ബിസിനസ് യാത്ര പോയ സെൻട്രൽ ഫ്ലോറിഡ സ്വദേശിനിയായ അമ്മ അറസ്റ്റിൽ. ഒസിയോള കൗണ്ടി ഷെരീഫ് ഓഫീസിന്റെ അറിയിപ്പ് പ്രകാരം കുട്ടികളെ അവഗണിച്ചതുമായി ബന്ധപ്പെട്ട വിവിധ കുറ്റങ്ങൾ ചുമത്തിയാണ് 50 കാരിയായ ഐറിൻ മില്ലറെ അറസ്റ്റ് ചെയ്തത്.
ഒക്ടോബർ 21-ന് രാത്രി 8:30-ഓടെയാണ് സംഭവം പുറത്തറിയുന്നത്. 9 വയസ്സുകാരനായ മകന്റെ തലയിൽ ഡംബെൽ വീണ് പരിക്കേറ്റതായി കുട്ടികളിൽ ഒരാൾ 911 നമ്പറിലേക്ക് വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും രക്ഷാപ്രവർത്തകരും വീട്ടിലെത്തിയപ്പോഴാണ് മുതിർന്ന ആരും കൂടെയില്ലെന്ന വിവരം അറിയുന്നത്. 14, 12, 11, 9 വയസ്സ് പ്രായമുള്ള നാല് കുട്ടികളാണ് വീട്ടിൽ ഒറ്റയ്ക്കായിരുന്നത്. പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ സെലിബ്രേഷൻ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. കുട്ടി ആശുപത്രി വിട്ടയുടൻ കുട്ടികളുടെ പിതാവിനെ വിവരമറിയിക്കുകയും, അദ്ദേഹം കുട്ടികളെ തന്റെ കൂടെ കൂട്ടുകയും ചെയ്തു.
താൻ ഒരു തൊഴിൽ സംബന്ധമായ ആവശ്യത്തിനായി ഒക്ടോബർ 18-നാണ് ലാസ്‌വേഗാസിലേക്ക് പോയതെന്നും ഒക്ടോബർ 23-ന് തിരികെ എത്താൻ നിശ്ചയിച്ചിരുന്നതാണെന്നും അമ്മയായ ഐറിൻ മില്ലർ പൊലീസിനോട് പറഞ്ഞു. കുട്ടികളെ രാവിലെ സ്കൂളിനായി ഒരുക്കുന്നതിനും പിന്നീട് നോക്കുന്നതിനുമായി ടാമ്പയിൽ നിന്ന് ഒരു ബേബി സിറ്ററെ ഏർപ്പെടുത്തിയിരുന്നുവെന്നും എന്നാൽ രാത്രികളിൽ കൂടെ നിൽക്കാൻ ബേബി സിറ്ററോട ആവശ്യപ്പെട്ടിരുന്നില്ലെന്നും ഇവർ വ്യക്തമാക്കി.
ലാസ്‌വേഗാസിൽ നിന്ന് വെള്ളിയാഴ്ച ഒർലാൻഡോ ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനമിറങ്ങിയ ഉടൻ തന്നെ ഡിറ്റക്ടീവുകൾ ഐറിൻ മില്ലറെ അറസ്റ്റ് ചെയ്യുകയായിരുന്നു. വലിയ ശാരീരിക ഉപദ്രവങ്ങൾ ഏൽപ്പിക്കാത്ത തരത്തിലുള്ള നാല് ചൈൽഡ് നെഗ്ലെക്റ്റ് കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. തുടർന്ന് ഓറഞ്ച് കൗണ്ടി ജയിലിലേക്ക് മാറ്റിയ പ്രതിക്കെതിരെയുള്ള തുടർനടപടികൾ അധികൃതർ സ്വീകരിച്ചുവരികയാണ്.



















