അബുദാബി: ഫ്ളൈ ദുബായ് വിമാനത്തിൽ നടന്ന ഭീകരാക്രമണ ശ്രമവുമായി ബന്ധപ്പെട്ട നിർണ്ണായക അന്വേഷണ വിവരങ്ങൾ പുറത്തുവിട്ട് യുഎഇ. 29 വയസ്സുള്ള സഹപൈലറ്റ് ഇസ്രായേലിലെ ബെൻ ഗുരിയോൻ വിമാനത്താവളത്തിലേക്ക് വിമാനം ഇടിച്ചിറക്കി വൻ ദുരന്തം സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്ന് വ്യക്തമായി. ആളുകളെ കൂട്ടക്കൊല ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണ് ആക്രമണം ആസൂത്രണം ചെയ്തത്. 2017-ൽ ഓസ്ട്രേലിയയിൽ പഠിക്കുന്ന കാലം മുതൽ തീവ്രവാദ ആശയങ്ങളിൽ ആകർഷിക്കപ്പെട്ട ഇയാൾക്ക് അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണവും വലിയ പ്രചോദനമായിരുന്നു. 2020 മുതൽ 2024 വരെ ഒമാൻ എയറിൽ ജോലി ചെയ്തിരുന്ന ഇയാൾ ബോക്സിംഗിലും പരിശീലനം നേടിയിരുന്നു. മുൻപ് രണ്ട് തവണ ടെൽ അവീവിലേക്ക് വിമാനത്തിൽ യാത്ര ചെയ്തിട്ടുള്ള ഇയാൾ തെൽ അവീവിലേക്ക് സർവീസ് നടത്തുന്ന വിമാനക്കമ്പനി എന്ന നിലയിലാണ് ഫ്ളൈ ദുബായിൽ ജോലിക്ക് അപേക്ഷിച്ചതെന്നും അന്വേഷണത്തിൽ തെളിഞ്ഞു.
കൃത്യമായ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് ഇയാളെ ഫ്ളൈ ദുബായിൽ നിയമിച്ചത്. ഇയാളുടെ മുൻകാല പശ്ചാത്തലത്തിൽ സംശയകരമായ സൂചനകളൊന്നും ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. യാത്രയ്ക്കിടയിൽ കോക്ക്പിറ്റിൽ വെച്ച് പൈലറ്റിന് നേരെ ആക്രമണമുണ്ടായപ്പോൾ, മടക്കയാത്രയിൽ വിമാനം പറത്തേണ്ടിയിരുന്ന പൈലറ്റാണ് രഹസ്യ കോഡ് ഉപയോഗിച്ച് കോക്ക്പിറ്റിന്റെ വാതിൽ തുറന്നത്. ബാഹ്യ പ്രേരണയോ മറ്റ് വ്യക്തികളുടെ പങ്കാളിത്തമോ ഇല്ലാതെ സ്വയം ചിന്തിച്ചാണ് ആക്രമണം നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ സഹപൈലറ്റ് മൊഴി നൽകി. ആക്രമണത്തിൽ പൈലറ്റിന് പരിക്കേറ്റതിനെ തുടർന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റൊരു പൈലറ്റ് ഉടൻ തന്നെ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും സൗദി അറേബ്യയിൽ സുരക്ഷിതമായി ഇറക്കുകയുമായിരുന്നു.

















