യുകെയില്‍ ആഡംബര കാറുകളുടെ മത്സര ഓട്ടത്തിനിടെ കാറിടിച്ച് അമ്മയും മകളും മരിച്ച കേസില്‍ ഇന്ത്യന്‍ വംശജര്‍ക്ക് 28 വര്‍ഷം തടവ്

യുകെയില്‍ ആഡംബര കാറുകളുടെ മത്സര ഓട്ടത്തിനിടെ കാറിടിച്ച് അമ്മയും മകളും മരിച്ച കേസില്‍ ഇന്ത്യന്‍ വംശജര്‍ക്ക് 28 വര്‍ഷം തടവ്

ലണ്ടണ്‍: ബ്രിട്ടണില്‍ ആഡംബര കാറുകളുടെ മത്സര ഓട്ടത്തിനിടെ ഈ കാറിടിച്ച് വഴിയാത്രക്കാരായ അമ്മയും മകളും മരിച്ച സംഭവത്തില്‍ ഇന്ത്യന്‍ വംശജരായ രണ്ടുപേര്‍ക്ക് 28 വര്‍ഷം തടവ്ജസ്‌കമല്‍ റിയത്ത് (37), ഹര്‍ദീപ് ഭാച്ചു (29) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 2023 ജനുവരിയില്‍ വടക്കന്‍ ഇംഗ്ലണ്ടിലെ സ്‌കോട്ട് ഹാള്‍ റോഡിലൂടെ സ്‌കൂളിലേക്ക് നടക്കുകയായിരുന്ന ജസ്റ്റീന ഹുല്‍ബോയ് (27), മകള്‍ ലെന ചെപ്‌ചോര്‍ (4) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഭാച്ചു ഓടിച്ച ഓഡി ടി.ടി. ആര്‍.എസ് നിയന്ത്രണം വിട്ട് ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

അപകടത്തിന് തൊട്ടുമുമ്പ് റിയത്ത് ബിഎംഡബ്ല്യു എം135ഐ കാറിലും ഭാച്ചു ഓഡി കാറിലും പരസ്പരം മത്സരിച്ച് അമിതവേഗത്തില്‍ സഞ്ചരിച്ചിരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. അപകടത്തില്‍ അമ്മയും മകളും സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടകരമായ രീതിയില്‍ വാഹനമോടിച്ച് ഇരുവരുടെയും മരണത്തിന് കാരണമായ കുറ്റം ഭാച്ചു 2024 ജൂണില്‍ സമ്മതിച്ചിരുന്നു. ഇയാള്‍ക്ക് 12 വര്‍ഷം തടവുശിക്ഷയാണ് ലഭിച്ചത്. അതേസമയം, കുറ്റം നിഷേധിച്ച റിയത്തിനെതിരെയും വിചാരണ നടന്നു. ഡാഷ്‌ക്യാം ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ 16 വര്‍ഷം തടവുശിക്ഷ വിധിക്കുകയായിരുന്നു.

ശിക്ഷാവിധിക്കൊപ്പം ഇരുവര്‍ക്കും ആറു വര്‍ഷത്തേക്ക് വാഹനമോടിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വിലക്ക് അവസാനിച്ചശേഷം വീണ്ടും ഡ്രൈവിങ് പരീക്ഷയും വിജയിക്കണം. പൊതുനിരത്തുകള്‍ വാഹനമത്സരങ്ങള്‍ക്കുള്ള വേദിയല്ലെന്നും പൊതുനിരത്തില്‍ അതിന്റെ വേഗപരിധി പരീക്ഷിക്കാനുള്ള അനുമതിയല്ലെന്നും വിധി പ്രസ്താവിച്ച ജഡ്ജി റേ സിങ് പറഞ്ഞു. അമിതവേഗത്തില്‍ പരസ്പരം മത്സരിച്ച് വാഹനമോടിക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍ തിരിച്ചെടുക്കാനാകാത്ത ദുരന്തങ്ങളിലേക്ക് നയിക്കാമെന്നും ഈ കേസില്‍ അതാണ് സംഭവിച്ചതെന്നും കോടതി നിരീക്ഷിച്ചു.

അപകടത്തിന് മുമ്പ് ഇരുവരും പരസ്പരം പരിചയമില്ലാത്തവരായിരുന്നുവെന്നാണ് വിചാരണയില്‍ വ്യക്തമായത്. അപകടത്തിന് ഏതാനും മിനിറ്റുകള്‍ക്ക് മുമ്പ് ട്രാഫിക് സിഗ്‌നലില്‍ കാറുകള്‍ അരികരികില്‍ നിര്‍ത്തിയപ്പോള്‍ ഇരുവരും വാഹനങ്ങളുടെ ജനലുകളിലൂടെ സംസാരിച്ചിരുന്നു. കാറുകളുടെ കരുത്തിനെക്കുറിച്ച് പരസ്പരം സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തതായി ഭാച്ചുവിന്റെ ഡാഷ്‌ക്യാം ദൃശ്യങ്ങളും റിയത്തിന്റെ ഫോണില്‍നിന്നുള്ള റെക്കോര്‍ഡിങ്ങും വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് റിയത്ത് ആദ്യം വേഗം കൂട്ടി മുന്നോട്ടുപോയെന്നും പിന്നാലെ ഭാച്ചുവും വേഗം വര്‍ധിപ്പിച്ചെന്നുമാണ് കണ്ടെത്തല്‍. മണിക്കൂറില്‍ 40 മൈല്‍ വേഗപരിധിയുള്ള റോഡില്‍ ഭാച്ചു ഏകദേശം 90 മൈല്‍ വേഗത്തിലാണ് സഞ്ചരിച്ചിരുന്നത്. ഇതിനിടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറിയാണ് അമ്മയെയും മകളെയും ഇടിച്ചത്.

അമ്മയുടെയും കുഞ്ഞുമകളുടെയും ജീവന്‍ നഷ്ടമായത് പ്രതികളുടെ പ്രവൃത്തികളുടെ ഫലമാണെന്നും നഷ്ടപ്പെട്ട ജീവനുകള്‍ക്ക് പകരമാകുന്ന ശിക്ഷയൊന്നും കുടുംബത്തിന് മതിയാകില്ലെന്ന് തനിക്കറിയാമെന്നും വെസ്റ്റ് യോര്‍ക്ഷെയര്‍ പൊലീസിലെ മേജര്‍ കൊളിഷന്‍ എന്‍ക്വയറി ടീമിലെ ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ പോള്‍ കോണ്‍റോയ് പറഞ്ഞു.

Individuals of Indian origin sentenced to 28 years in prison in the UK in a case where a mother and daughter were killed after being struck by a car during a luxury car race.

Share Email
LATEST excelnclexrn
More Articles
Top